1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 18, 2012

ഐസ്ക്രീം പാര്‍ലര്‍ കേസില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാന്‍ സാക്ഷികളെയും ജഡ്ജിമാരെയും പണം നല്‍കി സ്വാധീനിച്ചുവെന്ന കെ.എ.റൗഫിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണം തെളിവുകളില്ലെന്ന കാരണം കാണിച്ച്‌ അവസാനിപ്പിച്ചു. താമരശ്ശേരി ഡി.വൈ.എസ്‌.പി.യായ ജയ്സണ്‍ കെ. അബ്രഹാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ്‌ കേസിന്‌ തെളിവില്ലെന്ന്‌ കാണിച്ച്‌ കോഴിക്കോട്‌ ഫസ്റ്റ്‌ ക്ലാസ്‌ ജുഡീഷ്യല്‍ മജിസ്ട്രേറ്റ്‌ കോടതി മുമ്പാകെ റിപ്പോര്‍ട്ട്‌ നല്‍കിയിരിക്കുന്നത്‌. പി.കെ. കുഞ്ഞാലിക്കുട്ടി,ജസ്റ്റിസുമാരായ കെ. നാരായണക്കുറുപ്പ്‌, കെ.തങ്കപ്പന്‍, മുന്‍ അഡ്വക്കറ്റ്‌ ജനറല്‍ എം.കെ. ദാമോദരന്‍, മുന്‍ അഡീഷണല്‍ അഡ്വ. ജനറല്‍ വി.കെ. ബീരാന്‍ തുടങ്ങി 150 സാക്ഷികളേയും 100 രേഖകളും അന്വേഷണ സംഘം തെളിവെടുപ്പിനായി ഉപയോഗിച്ചിരുന്നു.

2011 ജനുവരി 28 നാണ്‌ കുഞ്ഞാലിക്കുട്ടിയുടെ അടുത്ത ബന്ധുവും സഹായിയുമായ കെ.എ. റൗഫ്‌ വിവാദ പത്രസമ്മേളനത്തിലൂടെ കേസ്‌ അട്ടിമറിക്കാന്‍ പി.കെ. കുഞ്ഞാലിക്കുട്ടി നടത്തിയ സംഭവങ്ങള്‍ വെളിപ്പെടുത്തിയത്‌. താന്‍ വഴിയാണ്‌ പണം കൈമാറിയതെന്നും റൗഫ്‌ വെളിപ്പെടുത്തിയിരുന്നു.

ഐസ്ക്രീം കേസില്‍കുഞ്ഞാലിക്കുട്ടിക്ക്‌ അനുകൂലമായ വിധികള്‍ നേടിയത്‌ നേരായവഴികളിലൂടെയല്ലെന്നും ആദ്യ വിചാരണയില്‍ത്തന്നെ കേസ്‌ അട്ടിമറിക്കപ്പെട്ടുവെന്നും വെളിപ്പെടുത്തിയിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ പ്രതിനിധി ഷെറീഫുമൊത്താണ്‌ സാക്ഷികളെ കണ്ടതെന്നും മുഖ്യസാക്ഷി റജീനക്ക്‌ 2,65000 രൂപ നല്‍കിയെന്നും രണ്ടാമത്തെ സാക്ഷിക്ക്‌ 3,15,000 രൂപ നല്‍കിയെന്നും റൗഫ്‌ അന്ന്‌ വെളിപ്പെടുത്തി.

യുഡിഎഫിന്റെ ഭരണകാലത്ത്‌ ഹൈക്കോടതി ജഡ്ജിമാര്‍ക്ക്‌ പണം നല്‍കി കുഞ്ഞാലിക്കുട്ടിയ്ക്ക്‌ അനുകൂലമായിവിധി പുറപ്പെടുവിക്കുന്നതില്‍ രണ്ട്‌ ന്യായാധിപന്മാര്‍ക്ക്‌ പണം നല്‍കിയതായി അന്നത്തെ അഡീഷണല്‍ഡയറക്ടര്‍ ജനറല്‍ ഓഫ്‌ പ്രോസിക്യൂഷന്‍ കെ.സി.പീറ്റര്‍ വെളിപ്പെടുത്തിയതും ജനുവരി 30 ന്‌ ഇന്ത്യാവിഷന്‍ ചാനല്‍ പുറത്തുവിട്ടിരുന്നു. ജസ്റ്റിസുമാരായ കെ. നാരായണക്കുറുപ്പ്‌, കെ.തങ്കപ്പന്‍ എന്നിവര്‍ പണം വാങ്ങി അനുകൂല ഉത്തരവുകള്‍ നല്‍കിയെന്നായിരുന്നു കെ.സി. പീറ്റര്‍ വെളിപ്പെടുത്തിയത്‌.

2011ഡിസം. 22നാണ്‌ അന്വേഷണപുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ടും കേസ്‌ ഡയറിയും ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്‌. കേസ്‌ ഡയറി മടക്കിക്കൊടുത്തതിന്‌ പിന്നാലെയാണ്‌ പ്രത്യേക അനേഷണസംഘം കേസ്‌ അവസാനിപ്പിക്കുകയാണെന്ന്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌. കേസ്‌ അവസാനിപ്പിച്ചരീതി അസാധാരണ നടപടിയാണെന്നാണ്‌ നിയമജ്ഞരുടെ നിലപാട്‌ യുഡിഎഫ്‌ സര്‍ക്കാര്‍അധികാരത്തില്‍ വന്നതിനുശേഷം കേസ്‌ അട്ടിമറിക്കപ്പെട്ടതായി വി.എസ്‌ ആരോപിച്ചിരുന്നു. പ്രതിപക്ഷ നേതാവിന്റെ ആരോപണം ശരിവെക്കുന്നതാണ്‌ പ്രത്യേക അന്വേഷണസംഘത്തിന്റെ അസാധാരണ നടപടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.