1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 10, 2011

നമ്മുടെ ദൈനംദിന ജീവിതത്തില്‍ വളരെ വ്യത്യസ്തങ്ങളായ നിരവധി ചാനല്‍ ഷോകള്‍ നാം കാണുന്നുണ്ട്. ഷന്റ്‌ലെ ഹഡ്‌സണ്‍ എന്ന പതിനാറുകാരി ബിബിസിയുടെ ഒരു ചാനല്‍ ഷോയില്‍ പങ്കെടുത്തത് അമ്മയാകാനുള്ള അമിത താല്‍പര്യം കൊണ്ടാണെന്ന് കേട്ടാല്‍ ആരും ഒന്ന് ഞെട്ടും അല്ലെ? എന്നാല്‍ അതാണ് സത്യം. ചെറിയ പ്രായത്തിലെ അമ്മയാകുന്നതിന്റെ കഠിന യാഥാര്‍ത്ഥ്യങ്ങള്‍ വ്യക്തമാക്കുന്ന ഈ ബിബിസി ഡോക്യുമെന്ററിയില്‍ പങ്കെടുത്തിട്ടും തന്റെ ഉറച്ച തീരുമാനത്തില്‍ നിന്ന് പിന്നോട്ടു പോകാതെയാണ് ഷന്റ്‌ലെ ഒടുവില്‍ അമ്മയായത്. ചാനല്‍ ഷോയോടെ മകള്‍ പിന്തിരിയുമെന്ന് കരുതിയ അമ്മ മാന്‍ഡി പോലും പിന്നീട് ഷിന്റ്‌ലെയുടെ ആഗ്രഹത്തിന് മുന്നില്‍ വഴങ്ങുകയായിരുന്നു. അങ്ങനെ ഒടുവില്‍ പതിനേഴാമത്തെ വയസ്സില്‍ ഈ പെണ്‍കുട്ടി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി.

താന്‍ ജീവിതത്തിലെടുത്ത ഏറ്റവും മികച്ച തീരുമാനമെന്നാണ് ഷാന്റി ഇതിനെ വിളിക്കുന്നത്. പിതാവുപേക്ഷിച്ച് പോയ അമ്മയ്‌ക്കൊപ്പം ജീവിക്കുന്ന ഷാന്റ്‌ലെ കൃത്രിമ ബീജ സങ്കലനത്തിലൂടെയാണ് ഗര്‍ഭം ധരിച്ചത്. പതിനാലാം വയസ്സില്‍ കാമുകനില്‍ നിന്ന് ഗര്‍ഭം ധരിച്ചെങ്കിലും അത് തനിയെ അലസിപ്പോയതാണ് ഷാന്റ്‌ലെയെ ഇത്ര കഠിനമായ ഒരു തീരുമാനത്തിലെത്തിച്ചത്. തുടര്‍ന്ന് ബി ബി സിയിലെ വന്‍ തീരുമാനങ്ങള്‍ എന്ന പ്രോഗ്രാമില്‍ പങ്കെടുക്കുകയായിരുന്നു. അമ്മയടക്കം നിരവധി പേര്‍ ഷാന്റിയെ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതോടെയാണ് ഇവര്‍ ചാനല്‍ പരിപാടിയെ സമീപിച്ചത്. ഏറെ കഠിനമാകുമെന്ന് എല്ലാവരും പറഞ്ഞ ഗര്‍ഭധാരണവും പ്രസവവും എങ്ങനെയായിരിക്കുമെന്ന് ഈ പരിപാടിയിലൂടെ മനസിലാക്കാന്‍ അവര്‍ക്ക് സാധിച്ചു. 2009 മാര്‍ച്ചിലാണ് അവര്‍ ചാനലിനെ സമീപിച്ചത്. അവര്‍ ആദ്യം തന്നെ കാണിച്ചത് ഒരു കുഞ്ഞ് പിറന്നു വീഴുന്നതിന്റെ വീഡിയോ ദൃശ്യങ്ങളായിരുന്നുവെന്ന് ഷാന്റ്‌ലെ പറഞ്ഞു. അത് കണ്ടപ്പോള്‍ പേടി തോന്നിയെങ്കിലും പ്രസവത്തിന് ശേഷം ആ അമ്മ അനുഭവിക്കുന്ന നിര്‍വൃതിയും അവര്‍ക്ക് കുഞ്ഞിനോടുള്ള സ്‌നേഹവും കണ്ടപ്പോള്‍ താന്‍ തീരുമാനത്തിലേക്ക് തിരിച്ചെത്തുകയായിരുന്നെന്ന് ഷാന്റ്‌ലെ.

പിന്നീട് ചാനലുകാര്‍ കൗമാരത്തില്‍ അമ്മയായ ഒരു സ്ത്രീയുമായി ഷാന്റ്‌ലെയെ പരിചയപ്പെടുത്തി. അവര്‍ ഇപ്പോഴേ അമ്മയായാല്‍ ഭാവിയില്‍ ഉണ്ടാകാവുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഷാന്റ്‌ലെയോട് വിശദീകരിച്ചു. സ്വാതന്ത്ര്യം നഷ്ടമാകുമെന്നും വിദ്യാഭ്യാസം മുടങ്ങി ഭാവി നശിക്കുമെന്നുമൊക്കെയാണ് അവര്‍ പറഞ്ഞത്. എന്നാല്‍ അവര്‍ ഹോസ്റ്റലില്‍ ഒറ്റയ്ക്കാണെന്ന് ശ്രദ്ധിച്ചപ്പോള്‍ ഷാന്റ്‌ലെയ്ക്ക് ആശ്വാസമായി. തനിക്ക് കൂട്ടിന് അമ്മയുണ്ടാകുമല്ലോ? പിന്നീട് ചാനലുകാര്‍ ഈ പെണ്‍കുട്ടിയെ കൊണ്ടുപോയത് ഒരു ഹെയര്‍ ഡ്രസിംഗ് സെന്ററിലേക്കായിരുന്നു. ഇപ്പോഴെ അമ്മയായാല്‍ പഠനമുപേക്ഷിക്കേണ്ടി വരുമെന്നും ഭാവിയില്‍ ഇത്തരം ജോലികളെന്തെങ്കിലും ജോലി ചെയ്്ത് ജീവിക്കേണ്ടി വരുമെന്നും അവരെ ബോധ്യപ്പെടുത്താനായിരുന്നു അത്.

എന്നാല്‍ അതുകൊണ്ടും ഷാന്റ്‌ലെ പിന്‍മാറിയില്ല. തുടര്‍ന്ന് നിര്‍ത്താതെ കരയുന്ന ഒരു ഇലക്ട്രോണിക് കുഞ്ഞിനെ പരിപാലിക്കാന്‍ ഇവരെ ഏല്‍പ്പിച്ചെങ്കിലും അതും അവര്‍ ക്ഷമാപൂര്‍വം നിര്‍വഹിച്ചു. ഒടുവില്‍ എല്ലാ പരീക്ഷണങ്ങളും വിജയിച്ച് ഒരു വര്‍ഷത്തിന് ശേഷം പതിനേഴാമത്തെ വയസ്സില്‍ ഈ പെണ്‍കുട്ടി അമ്മയായി. ഇപ്പോള്‍ ഒരു വയസ്സുള്ള മകനെ വളര്‍ത്തുന്നതില്‍ ഈ പെണ്‍കുട്ടി അതീവ സന്തുഷ്ടയാണ് ഒപ്പം തന്റെ പഠനം മുമ്പോട്ടു കൊണ്ടുപോകാനുള്ള ശ്രമത്തിലും. കാരണം മകനെ നല്ല രീതിയില്‍ വളര്‍ത്തണമല്ലോയെന്ന് ഷിന്റ്‌ലെ. ഇവര്‍ക്ക് കൂട്ടിന് നാല്‍പ്പത്തിയൊന്നുകാരിയായ അമ്മയുമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.