1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 16, 2021

സ്വന്തം ലേഖകൻ: ലോകത്തെ ഏറ്റവും വലിയ വാക്സിനേഷന്‍ ദൗത്യത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു. പോരാട്ടം അവസാനിച്ചിട്ടില്ലെന്നും കൊവിഡ് മാനദണ്ഡങ്ങള്‍ തുടരണമെന്നും മോദി ആഹ്വാനം ചെയ്തു. കൊവിഡ് കാലത്ത് മുന്നണിപ്പോരാളികള്‍ നേരിട്ട ദുരിതം വിവരിച്ച് മോദി വികാരാധീനനായി. രാജ്യത്ത് 3006 കേന്ദ്രങ്ങളിലായി മൂന്നു ലക്ഷത്തിനടുത്ത് ആളുകളാണ് ഇന്ന് വാക്സീന്‍ സ്വീകരിക്കുക.

കാത്തിരിപ്പ് അവസാനിച്ചു. വാക്സീന്റെ സുരക്ഷിതത്വത്തിലേക്ക് രാജ്യം കാല്‍വച്ചു. പ്രധാനമന്ത്രിയുടെ ഉദ്ഘാടനത്തിന് പിന്നാലെ എയിംസ് ആശുപത്രിയില്‍ കേന്ദ്രആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധന്റെ സാന്നിധ്യത്തില്‍ ശുചീകരണതൊഴിലാളിയായ മനീഷ് കുമാര്‍ ആദ്യഡോസ് സ്വീകരിച്ച് വാക്സീന്‍ കവചമണിഞ്ഞു.

പിന്നിട്ട വഴികളെക്കുറിച്ച് വിവരിച്ച് പ്രധാനമന്ത്രി വികാരധീനനായി. ഉറ്റുവരില്‍ നിന്ന് അകന്ന് ജീവന്‍ പണയംവച്ച് ആയിരങ്ങളുടെ ജീവന്‍രക്ഷിച്ച ആരോഗ്യപ്രവര്‍ത്തകരെക്കുറിച്ച് പറയുമ്പോള്‍ മോദിയുടെ വാക്കുകള്‍ മുറിഞ്ഞു.

“ആദ്യ ഘട്ടത്തില്‍ മൂന്നുകോടി മുന്നണിപ്പോരാളികള്‍ക്കാണ് രാജ്യം വാക്സീന്‍ നല്‍കുന്നത്. രണ്ടാംഘട്ടത്തില്‍ മുതിര്‍ന്നപൗരന്മാര്‍ ഉള്‍പ്പെടെ മുപ്പതുകോടി പേര്‍ക്ക് വാക്സീന്‍ നല്‍കും. രണ്ടു ഡോസും എടുക്കാന്‍ ആരും മറക്കരുത്. രണ്ടാം ഡോസ് എടുത്ത് രണ്ടാഴ്ച കഴിഞ്ഞാലാണ് പ്രതിരോധശേഷി കൈവരിക. ലോകം നമ്മുടെ വാക്സീനെ ഉറ്റുനോക്കുന്നു. പല രാജ്യങ്ങളും ഉപയോഗിക്കുന്നത് വാക്സീനാണ്. മറ്റ് വാക്സീനുകളെക്കാള്‍ വിലക്കുറവാണ് നമ്മുടെത്. സൂക്ഷിക്കാനും എളുപ്പമാണ്,” പ്രധാനമന്ത്രി പറഞ്ഞു.

കൊവിഡ് പ്രതിരോധ വാക്‌സിനുകളെ ‘സഞ്ജീവനി’ എന്ന് വിശേഷിപ്പിച്ച് കേന്ദ്ര ആരോഗ്യവകുപ്പു മന്ത്രി ഹര്‍ഷ് വര്‍ധന്‍. രണ്ട് കൊവിഡ് വാക്‌സിനുകളും സുരക്ഷിതവും ഫലപ്രാപ്തി ഉള്ളതുമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യവ്യാപക കൊവിഡ് വാക്‌സിന്‍ വിതരണോദ്ഘാടനത്തിനു മുന്നോടിയായി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ഹര്‍ഷ് വര്‍ധന്‍ എത്തിയിരുന്നു. ജനങ്ങള്‍ കിംവദന്തികള്‍ക്ക് ചെവി കൊടുക്കരുതെന്നും പകരം വിദഗ്ധരെയും ശാസ്ത്രജ്ഞരെയും വിശ്വസിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.