1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 2, 2021

സ്വന്തം ലേഖകൻ: ജനിതകമാറ്റം വന്ന കൊവിഡ് വൈറസിന്റെ വ്യാപനം സ്ഥിരീകരിച്ചതിനെ തുടർന്ന് നിർത്തിവെച്ച യുകെയിൽ നിന്നുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നു. ഇന്ത്യയിൽ നിന്നും തിരിച്ചുമുള്ള വിമാന സർവീസുകളാണ് ജനുവരി എട്ട് മുതൽ പുനരാരംഭിക്കുന്നത്. കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി ഇക്കാര്യം സ്ഥിരീകരിച്ചത്.

“ജനുവരി 8 2021 മുതൽ വിമാനങ്ങൾ ഇന്ത്യയിൽ നിന്ന് യുകെയിലേക്കും യുകെയിൽ നിന്ന് തിരികെയും സർവീസ് തുടങ്ങും. ജനുവരി 23 വരെ ആഴ്ചയിൽ 15 ഫ്ലൈറ്റുകൾ മാത്രമേ സർവീസ് നടത്തൂ. ദില്ലി, മുംബൈ, ബെംഗളുരു, ഹൈദരാബാദ് എന്നീ നഗരങ്ങളിലേക്ക് മാത്രമേ സർവീസുകളുണ്ടാകൂ. കൃത്യമായി ഏതെല്ലാം വിമാനങ്ങൾ, എപ്പോഴെല്ലാം സർവീസ് നടത്തുമെന്ന വിവരം വ്യോമയാന അതോറിറ്റി പുറത്തുവിടും,” കേന്ദ്രമന്ത്രി അറിയിച്ചു.

നിലവിലെ സാഹചര്യത്തിൽ ജനുവരി 23നു ശേഷമേ കൊച്ചിയിൽ നിന്നു നേരിട്ടുള്ള സർവീസ് പുന:രാരംഭിക്കാൻ എന്തെങ്കിലും സാധ്യതയുള്ളൂ. പുതുവർഷത്തിൽ യുകെയിലെ മലയാളികൾക്കാകെ ഇരുട്ടടി ആയിരിക്കുകയാണ് കേന്ദ്ര വ്യേമയാന മന്ത്രാലയത്തിന്റെ ഈ അപ്രതീക്ഷിത തീരുമാനം. അടിയന്തര ആവശ്യങ്ങൾക്കായും മറ്റും നാട്ടിലെത്തിയ നൂറുകണക്കിനു മലയാളികളാണ് ബ്രിട്ടനിലേക്ക് തിരിച്ചെത്താനാകാതെ കേരളത്തിൽ കുടുങ്ങിയിരിക്കുന്നത്.

വന്ദേഭാരതിൽ ഉൾപ്പെടുത്തി തുടങ്ങിയ സർവീസുകളിൽ ഏറ്റവും വിജയപ്രദമായ സർവീസുകളിലൊന്നായിരുന്നു ലണ്ടനിൽനിന്നും കൊച്ചിയിലേക്കും തിരിച്ചുമുള്ള ഡയറക്ട് സർവീസ്. ആഴ്ചയിൽ ഒരു സർവീസ് എന്നത് ജനത്തിരക്കു മൂലം പിന്നീട് രണ്ടായും നവംബർ 25 മുതൽ ആഴ്ചയിൽ മൂന്നായും ഉയർത്തിയിരുന്നു. മാർച്ച് 31 വരെ ആഴ്ചയിൽ മൂന്നു സർവീസ് തുടരാനായിരുന്നു നിലവിലെ തീരുമാനം. ഇതാണിപ്പോൾ താൽകാലികമായി നിർത്തിയതോടെ അനിശ്ചിതത്വത്തിൽ ആയിരിക്കുന്നത്.

രാജ്യത്തെ ഒൻപതു നഗരങ്ങളിൽ നിന്നായിരുന്നു വിവിധ ബ്രിട്ടീഷ് വിമാനത്താവളങ്ങളിലേക്ക് എയർ ഇന്ത്യ വന്ദേഭാരത് സർവീസ് നടത്തിയിരുന്നത്. ഇതിൽ ആഴ്ചയിൽ ഏഴു സർവീസ് നടത്തിയിരുന്ന ഡൽഹിയും നാല് സർവീസ് നടത്തിയിരുന്ന മുംബൈയും കഴിഞ്ഞാൽ ഏറ്റവും അധികം സർവീസ് കൊച്ചിയിൽ നിന്നായിരുന്നു. എന്നാൽ താൽകാലികമായി നിർത്തിയ സർവീസ് പുനരാരംഭിച്ചപ്പോൾ കൊച്ചി പുറത്തായി.

ഡിസംബര്‍ അവസാനവാരത്തോടെയാണ് ഇന്ത്യ-യു.കെ. വിമാന സര്‍വീസ് താത്കാലികമായി റദ്ദാക്കിയത്. ആരോഗ്യ മന്ത്രാലയത്തിന്റെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു വ്യോമയാന മന്ത്രാലയത്തിന്റെ തീരുമാനം. കൊറോണ വൈറസിന്റെ പുതിയ വകഭേദം അതിവേഗം വ്യാപിക്കുകയും പെരുകുകയുമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.