ഹൈദരാബാദ്: ഗച്ചിബൗളിയിലെ ഇന്‍ഫോസിസിന്റെ കെട്ടിടത്തിനു മുകളില്‍നിന്നു ചാടി ജീവനക്കാരി ജീവനൊടുക്കി. സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായ വാറംഗല്‍ സ്വദേശി എസ്. നീലിമയാണ് (27)മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് രക്തത്തില്‍ മുങ്ങി ജഡം കാണപ്പെട്ടത്. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.
നീലിമ ജീവനൊടുക്കിയതാവാമെന്നാണ് പൊലീസിന്റെ നിഗമനം. ആരെങ്കിലും തള്ളിയിട്ടതാണോ എന്ന നിലയ്ക്കുള്ള അന്വേഷണവും നടക്കുന്നുണ്ട്. സംശയകരമായ സാഹചര്യത്തിലാണ് മരണമെന്നും യുവതിയുടെ ഫോണ്‍കോളുകള്‍ പരിശോധിക്കുന്നുണ്ടെന്നും മധാപുര്‍ ഡിവിഷന്‍ ഡെപ്യൂട്ടി കമീഷണര്‍ ടി യോഗാനന്ദ് പറഞ്ഞു.
ഇന്‍ഫോസിസ് ക്യാമ്പസിനുള്ളിലെ സിസിടിവി ക്യാമറ ദൃശ്യങ്ങളില്‍ നിന്നും നീലിമ ഒറ്റയ്ക്കാണ് ഇവിടെയെത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. മരണത്തിന് തൊട്ടുമുമ്പ് ഭര്‍ത്താവ് ശ്രീധറിനെ ഫോണ്‍വിളിയ്ക്കുകയും മെസേജ് അയക്കുകയും ചെയ്തിരുന്നു. ദുരൂഹസാഹചര്യത്തിലുള്ള മരണമെന്ന നിലയ്ക്കാണ് പൊലീസ് കേസെടുത്തിരിയ്ക്കുന്നത്.
ഗച്ചിബൗലിയിലെ ഇന്‍ഫോസിസ് ഓഫീസില്‍ ജോലി ചെയ്തിരുന്ന നീലിമ ജൂലായ് 21 നാണ് അമേരിക്കയില്‍ നിന്ന് മടങ്ങിയെത്തിയത്. ഒന്നര വര്‍ഷം മുമ്പാണ് യുഎസിലെ ന്യൂജേഴ്‌സിയിലെ ഇന്‍ഫോസിസ് ഓഫീസില്‍ നിലീമ നിയമിതയായത്. സംഭവത്തെക്കുറിച്ച് വളരെ വൈകിയാണ് തങ്ങളെ അറിയിച്ചതെന്നും ദുരൂഹതയുണ്ടെന്നും നീലിമയുടെ ബന്ധുക്കള്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല