1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 1, 2011

ഏപ്രില്‍ മേയ് മാസങ്ങള്‍ക്കിടയില്‍ യുകെയുടെ സാമ്പത്തിക വളര്‍ച്ചയില്‍ കാര്യമായ മാറ്റമൊന്നും കാണാത്തതിനാല്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് ഈ മാസവും എക്കാലത്തെയും കുറഞ്ഞ നിരക്കായ 0.5 ശതമാനത്തില്‍ തന്നെ തുടരാന്‍ തീരുമാനിക്കുമെന്ന് സൂചന.ഈ വരുന്ന വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച മോണിറ്ററി പോളിസി കമ്മിറ്റിയുടെ തീരുമാനം വരിക. ബ്രിട്ടനിലെ മലയാളി സമൂഹത്തെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായ നടപടിയാണ് പലിശ നിരക്ക് വര്‍ദ്ധിപ്പിക്കുന്നില്ല എന്നത്, പ്രധാനമായും വേരിയബിള്‍ ട്രാക്ക് സംവിധാനത്തില്‍ മോര്‍ട്ട്ഗേജ് അടയ്ക്കുന്നവര്‍ക്കാണ് ഈ തീരുമാനം ഗുണം ചെയ്യുക എന്നാല്‍ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഇത് തിരിച്ചടിയുമാണ്. മലയാളികളില്‍ ബ്രിട്ടനില്‍ ബാങ്ക് നിക്ഷേപം നടത്തുന്നത് പൊതുവേ കുറവാണ്, മാത്രവുമല്ല ഇപ്പോള്‍ ഇന്ത്യന്‍ സാമ്പത്തിക രംഗം കൂടുതല്‍ ശക്തി നെടുന്നതിനാല്‍ പലര്‍ക്കും നാട്ടില്‍ നിക്ഷേപിക്കുന്നതിനോടാണ് താല്പര്യം.

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് വരെ ബ്രിട്ടനിലെ മോണിട്ടറി പോളിസി കമ്മിറ്റി പലിശനിരക്ക് വര്‍ദ്ധിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. ചില്ലറ വ്യാപാരികള്‍ ഗാര്‍ഹിക ഉപഭോക്താക്കളുടെ സാമ്പത്തിക ഞെരുക്കം കണക്കിലെടുത്ത് അവരെ ആകര്‍ഷിക്കാനായ് വില കുറച്ചത് അപ്രതീക്ഷിതമായ കുറവാണ് നാണയപ്പെരുപ്പത്തില്‍ ഉണ്ടായിരിക്കുന്നത്, 4.2 ശതമാനമാണ് ജൂണിലെ നാണ്യപ്പെരുപ്പനിരക്ക്. ദിനംപ്രതി ഉയര്‍ന്നു വരുന്ന നാണ്യപ്പെരുപ്പനിരക്ക് പിടിച്ചു നിര്‍ത്താന്‍ വേണ്ടിയായിരുന്നു പലിശനിരക്ക് ഉയര്‍ത്താന്‍ ശ്രമിച്ചിരുന്നത്. കണ്‍സ്യൂമര്‍ പ്രൈസ് ഇന്ഡക്സ് കുറയ്ക്കാന്‍ ഈ മാറ്റം കാരണമായേക്കും, ഇപ്പോള്‍ തന്നെ പ്രതീക്ഷിച്ചതിനേക്കാള്‍ 2 ശതമാനം കൂടുതലാണ് ബ്രിട്ടന്റെ കണ്‍സ്യൂമര്‍ പ്രൈസ് ഇന്ഡക്സ്.

എന്നാല്‍, എപ്പോള്‍ വേണമെങ്കിലും പലിശനിരക്ക് വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ട് എന്നതാണ് ഇപ്പോഴും നില നില്‍ക്കുന്ന അവസ്ഥ. വിലക്കയറ്റത്തിനനുസരിച്ച് ജനങ്ങള്‍ക്ക് വരുമാനമുണ്ടാകാത്ത അവസ്ഥയില്‍ പലിശ നിരക്ക് ഉയര്‍ത്തിയാല്‍, മോര്‍ട്‌ഗേജ് തിരിച്ചടവുകാര്‍ ബുദ്ധിമുട്ടിലാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ജോലി നഷ്ടപ്പെടുന്നതുകൊണ്ട് മാത്രം പലരും മോര്‍ട്ട്‌ഗേജ് അടയ്ക്കാനാവാതെ വീട് നഷ്ടമാകുന്ന അവസ്ഥയിലാണ്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് 1694 ല്‍ സ്ഥാപിച്ച ശേഷം ഏറ്റവും താഴ്ന്ന പലിശനിരക്കാണ് ഇപ്പോഴുള്ളത്.

എന്തായാലും ഡിസംബര്‍ വരെ ഭയപ്പെടേണ്ടതില്ല എന്ന സൂചനയാണ് പൊതുവെ വിപണിയില്‍ നിന്നും ലഭിക്കുന്നത്. എന്നാല്‍ ഇത് എത്രമാത്രം ശരിയാകുമെന്ന് പറയാനാവില്ല. ബ്രിട്ടനില്‍ മോര്‍ട്‌ഗേജ് കടം ഉള്ളവരെക്കാള്‍ ഏഴിരട്ടിയാണ് വിവിധ തരം നിക്ഷേപമുള്ളവര്‍. പലിശ താഴ്ന്ന് നില്‍ക്കുന്നത് ഇവര്‍ക്ക് തിരിച്ചടിയാണ്. പലിശ നിരക്ക് ഉയരാത്തത് മോര്‍ട്‌ഗേജ് അടയ്ക്കുന്നവരെ സഹായിക്കുമെങ്കിലും നിക്ഷേപകരെയും പെന്‍ഷന്‍കാരെയും ദോഷമായി ബാധിക്കും.എന്നാല്‍ ചില സാമ്പത്തിക വിദഗ്ദര്‍ പറയുന്നത് പലിശ നിരക്കില്‍ അടുത്ത മൂന്നു വര്‍ഷത്തേയ്ക്ക് വര്‍ധനയുണ്ടാവില്ല എന്നാണ്.എന്തായാലും കുടുംബ ബജറ്റ് മാനേജ് ചെയ്യാന്‍ പെടാപ്പാടുപെടുന്ന ബ്രിട്ടീഷുകാരന് പിടിവള്ളിയാണ് ഈ കുറഞ്ഞ പലിശ നിരക്ക്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.