ബൈജു പുല്‍ത്തകിടിയില്‍
മഞ്ഞിന്‍ ചിറകുള്ള വെള്ളരിപ്രാവിന്റെ ചിറകടിച്ചുയരുന്ന സംഗീതം, ഹൃദയത്തിന്റെ ചന്ദനമണി വാതില്‍ തുറന്ന് ആസ്വാദക മനസ്സുകളില്‍ ആര്‍ദ്രഗാനമായി ചേര്‍ന്നലിയുമ്പോള്‍, ആലാപനം കൊണ്ട് ഹൃദയ സരസ്സുകളെ കീഴടക്കിയ ഗായകന്‍ വിനയാന്വിതനാകുകയാണ്. ജി. വേണുഗോപാല്‍ എന്ന ഗായകന്റെ പേര് കേള്‍ക്കുമ്പോള്‍ തന്നെ മഞ്ഞിന്റെ നൈര്‍മല്യമുള്ള ചന്ദനമണമുള്ള കുറെയേറെ നല്ല ഗാനങ്ങള്‍ പ്രേക്ഷക മനസ്സില്‍ ഓടിയെത്തും.
പാട്ടിന്റെ മൂന്നാം പതിറ്റാണ്ടു പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുന്ന വേണുഗോപാല്‍ മലയാളിയുടെ ഇഷ്‌ടഗാനശേഖരത്തിലേക്ക് സമ്മാനിച്ച പാട്ടുകളുടെ നിര അതിവിപുലം. ചന്ദനമണിവാതില്‍ പാതിചാരി… (മരിക്കുന്നില്ല ഞാന്‍), താനേപൂവിട്ട മോഹം മൂകം വിതുമ്പുന്ന നേരം… (സസ്‌നേഹം) മഞ്ഞിന്‍ വിലോലമാം യവനികക്കുള്ളിലൊരു മഞ്ഞക്കിളിത്തൂവല്‍ പോലെ..(ഉത്തരം), കനകമുന്തിരികള്‍ മണികള്‍ കോര്‍ക്കുമൊരു പുലരിയില്‍… (പുനരധിവാസം), പൂക്കാലം വലം കൈയ്യിലേന്തി വാസന്തം… (കളിക്കളം)… ഇഷ്‌ടഗാനങ്ങളുടെ പട്ടിക നീണ്ടുനീണ്ടുപോകുന്നു. വെയില്‍ ചാഞ്ഞുതുടങ്ങുന്ന ഒരു ഉച്ചനേരത്തിന്റെ ആലസ്യത്തിലേക്ക് പൊടുന്നനെ മഴയിറങ്ങുമ്പോലെയാണ് വേണുഗോപാലിന്റെ പാട്ടുകള്‍.
സംഗീതത്തിന്റെ പള്ളിത്തേരിലേറി ആലാപനത്തിന്റെ മൈനാക പൊന്മുടിയില്‍ എത്തി നില്‍ക്കുന്ന മലയാളത്തിന്റെ കാല്പനിക ശബ്ദത്തിന്റെ സൌകുമാര്യമായ വേണുഗോപാല്‍ ഈയിടെ എന്‍ആര്‍ഐ മലയാളിക്കനുവദിച്ച അഭിമുഖം യൂട്യൂബില്‍ വന്‍ ഹിറ്റായി മാറിയിരിക്കുന്നു. വെറും അഞ്ചു ദിവസം കൊണ്ട് പതിനായിരത്തിനടുത്ത് ആളുകളാണ് ഈ അഭിമുഖം കണ്ടു കഴിഞ്ഞത്.
പ്രശസ്ത ഗാനരചയിതാവ് റോയ് കാഞ്ഞിരത്താനം നടത്തിയ ഈ അഭിമുഖ സംഭാഷണത്തില്‍ താന്‍ കടന്നുവന്ന വഴികളും സംഗീത രംഗത്ത് തനിക്ക് നേരിടേണ്ടി വന്ന തിരസ്കരണങ്ങളും എല്ലാം തുറന്ന് പറയുകയാണ് അദ്ദേഹം. തന്നെ സ്നേഹിക്കുന്ന, താന്‍ സ്നേഹിക്കുന്ന എല്ലാ എന്‍ആര്‍ഐ മലയാളി പ്രേക്ഷകര്‍ക്കും അദ്ദേഹം ഹൃദയത്തിന്റെ ഭാഷയില്‍ നവവത്സരാശംസകളും നേര്ന്നിട്ടുണ്ട്.
1987 ല്‍ പുറത്തിറങ്ങിയ ഒന്ന് മുതല്‍ പൂജ്യം വരെ എന്ന ചിത്രത്തിലെ രാരീ രാരീരം രാരോ എന്ന ഗാനം ആലപിച്ചുകൊണ്ടാണ് വേണുഗോപാല്‍ മലയാള ചലച്ചിത്ര പിന്നണി ഗാനരംഗത്ത് എത്തിയത്. സിനിമാ രംഗത്തെത്തുന്നതിനു മുന്നേ യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവലുകളില്‍ സമ്മാനങ്ങള്‍ കരസ്ഥമാക്കിയിരുന്നു.
അഞ്ചു വര്‍ഷം തുടര്‍ച്ചയായി കേരള യൂണിവേഴ്സിറ്റി കലാ പ്രതിഭ ആയിരുന്നു. ജി. ദേവരാജന്‍, കെ. രാഘവന്‍ എന്നിവരോടൊപ്പം നാടക രംഗത്തും അദ്ദേഹം സാന്നിധ്യം അറിയിച്ചു, പ്രൊഫഷനല്‍ നാടകങ്ങളില്‍ പാടിയ അദ്ദേഹത്തിനു 2000 ലെ നാടക രംഗത്തെ മികച്ച ഗായകനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം ” സബ്കോ സമ്മതി ദേ ഭഗവാന്‍ ” എന്ന നാടകത്തിലൂടെ ലഭിച്ചു.
കേരള സര്‍ക്കാര്‍ നല്‍കുന്ന മികച്ച പിന്നണിഗായകനുള്ള പുരസ്കാരം 1988,1990, 1998, 2004 വര്‍ഷങ്ങളില്‍ വേണുഗോപാല്‍ നേടിയിട്ടുണ്ട്. കവിതകള്‍ക്കു സംഗീതം നല്‍കി ആലപിക്കുന്ന ഒരു പുതിയ രീതിയ്ക്ക് തുടക്കം കുറിയ്ക്കുകയുമുണ്ടായി ഈ കാല്പനിക-ഭാവ ഗായകന്‍. കാവ്യരാഗം, കാവ്യഗീതികള്‍ എന്നീ കവിതാ ആല്‍ബങ്ങള്‍ അതിനു തെളിവാണ്. ഇംഗ്ലീഷ് സാഹിത്യത്തിലും പത്ര പ്രവര്‍ത്തനത്തിലും ബിരുദാനന്ദര ബിരുദം നേടിയിട്ടുള്ള ജി വേണു ഗോപാല്‍ ഭാര്യ രശ്മിയോടും മക്കളായ അരവിന്ദ്,അനുപല്ലവി എന്നിവരോടും ഒപ്പം തിരുവനന്തപുരത്ത് താമസിക്കുന്നു.
ജി വേണുഗോപാലുമായി റോയ് കാഞ്ഞിരത്താനം നടത്തിയ ‘വേണുഗീതം’ എന്ന വീഡിയോ കാണുവാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല