സ്വന്തം ലേഖകന്‍: ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് അതിക്രമിച്ചു കയറിയുള്ള റോഡു നിര്‍മാണം തത്ക്കാലത്തേക്ക് നിര്‍ത്തിവച്ചതായി ചൈന. അരുണാചല്‍ പ്രദേശില്‍ ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലേക്ക് ഒരു കിലോമീറ്ററോളം അതിക്രമിച്ചു കയറി റോഡ് നിര്‍മാണശ്രമം നടത്തിയ ചൈന പിന്മാറാന് സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്.
രണ്ടാഴ്ച മുന്‍പാണ് ചൈനീസ് സൈനികരും റോഡ് നിര്‍മാണ തൊഴിലാളികളും ഉള്‍പ്പെടുന്ന സംഘം ഒരു കിലോമീറ്ററോളം ഇന്ത്യയിലേക്കു കടന്നുകയറി സിയാങ് നദീതീരം വരെ എത്തിയത്. സംഘത്തെ ബിഷിങ് ഗ്രാമത്തിനു സമീപം ഇന്ത്യന്‍ സേന ഇവരെ തടഞ്ഞ് തിരിച്ചോടിച്ചു. ചൈനീസ് സൈന്യത്തിന്റെ രണ്ടു ബുള്‍ഡോസറുകള്‍, ടാങ്കര്‍ലോറി എന്നിവ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
പ്രശ്നത്തെ തുടര്‍ന്നുനടന്ന അതിര്‍ത്തി സേനാംഗങ്ങളുെട യോഗത്തിലാണ് (ബിപിഎം) പിന്മാറാനുള്ള സന്നദ്ധത ചൈന അറിയിച്ചത്.ഇന്ത്യന്‍ സേന പിടിച്ചെടുത്ത ബുള്‍ഡോസറുകളും ടാങ്കര്‍ ലോറിയും വിട്ടു കൊടുക്കണമെന്നതു മാത്രമാണ് ചൈന മുന്നോട്ടുവച്ച നിബന്ധന. പ്രശ്നം പരിഹരിച്ചതായി സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് സ്ഥിരീകരിച്ചു.
ഈ മാസം ആറിനാണ് അരുണാചലില്‍ ബിപിഎം നടന്നത്. രണ്ടു രാജ്യത്തിലെയും ബ്രിഗേഡ് കമാന്‍ഡര്‍മാര്‍ പങ്കെടുത്തു. നിര്‍മാണത്തിനു പിന്നാലെ വടക്കന്‍ അരുണാചല്‍ പ്രദേശിലെ അപ്പര്‍ സിയാങ് ജില്ലയിലായിരുന്നു ചൈനീസ് കടന്നുകയറ്റം. എന്നാല്‍, അതിര്‍ത്തിലംഘനം അറിയില്ലെന്നു പ്രതികരിച്ച ചൈനീസ് വിദേശകാര്യ വക്താവ് ഗെങ് ഷുവാങ്, അരുണാചലിനെ ഒരുകാലത്തും തങ്ങള്‍ അംഗീകരിച്ചിട്ടില്ലെന്നും തുറന്നടിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല