1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 5, 2012

അടിമത്തം നിരോധിച്ചതിന്റെ ഇരുന്നൂറാം വാര്‍ഷികം 2007ലാണ് നമ്മള്‍ ആഘോഷിച്ചത്. അടിമകളാക്കി വച്ചിരുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നും പിന്‍വാങ്ങിയതിനു ശേഷവും ഇന്നും പുതിയ രൂപത്തില്‍ അടിമത്തം ബ്രിട്ടനില്‍ നിലനില്‍ക്കുന്നു എന്ന സത്യം ഞെട്ടിക്കുന്നതാണ്. ഇപ്പോഴും സ്ത്രീകളും കുട്ടികളും അടക്കമുള്ളവരെ കെണിയില്‍പ്പെടുത്തി അടിമപ്പണി ചെയ്യിക്കുന്നവര്‍ ഏറെയാണ്. മയക്കു മരുന്ന് വ്യാപാരത്തിന് തൊട്ടു താഴെയായി ഇപ്പോഴും അടിമവ്യാപാരം നില നില്‍ക്കുന്നുണ്ട് എന്നത് ബ്രിട്ടനെ സംബന്ധിച്ച് നാണക്കേടാണ് എന്ന കാര്യത്തില്‍ സംശയമില്ല. ഇതിലൂടെ 7.5 മില്ല്യന്‍ പൌണ്ടാണ് മറിയുന്നത് എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ലൈംഗിക വ്യാപാരത്തിനും ജോലിക്കായുമാണ് ഇപ്പോള്‍ പ്രധാനമായും സ്ത്രീകളെ ഇത്തരത്തില്‍ ഉപയോഗിക്കുന്നത്. ഇതിനെതിരെ നാല്പതു പേരുടെ ഒരു സ്പെഷ്യല്‍ പോലീസ്‌ സ്ക്വാഡ്‌ പ്രവര്‍ത്തിക്കുന്നുണ്ട് എങ്കില്‍ പോലും ഏജന്റുമാരുടെ വാക്കുകളില്‍ മയങ്ങി ചതിയില്‍പ്പെട്ടവര്‍ ഏറെയാണ്. ഇത്തരത്തില്‍ പീഡനം അനുഭവിക്കേണ്ടി വന്ന ഒരുവളാണ് സോഫി ഹയെസ്‌. പലപ്പോഴും പീഡനം ഏറ്റ സോഫിയെ അവസാനം കുടുംബം കണ്ടെത്തിയത് ഒരു ആശുപത്രിയില്‍ നിന്നായിരുന്നു. കാസ്ട്രിയിറ്റ് എന്ന് പേരുള്ള ഏജന്റ് സോഫിയെ ലൈംഗിക അടിമയായിട്ടാണ് ഉപയോഗപ്പെടുത്തിയത്. നിസ്സഹായയായിരുന്ന സോഫിക്ക്‌ ഇപ്പോഴും ഇങ്ങനെയെല്ലാം സംഭവിക്കുന്നുണ്ട് എന്ന് വിശ്വസിക്കാന്‍ സാധിക്കുന്നില്ല.

ഒരു രക്ഷകന്റെ വേഷമണിഞ്ഞാണ് കാസ്ട്രിയിറ്റ് സോഫിയെ സമീപിച്ചതും പിന്നീട് സ്വന്തം കടം വീട്ടാനായി അവളെ മാംസവിലക്ക് വിറ്റതും. സഹോദരന്മാരെ ഉപദ്രവിക്കും എന്ന് ഭീഷണിപ്പെടുത്തിയാണ് അയാള്‍ സോഫിയെ വീട്ടുകാരില്‍ നിന്നും അകറ്റിയത്. അതിനുശേഷം വേശ്യയായി ജോലി നോക്കുന്നതിനായി പ്രേരിപ്പിക്കുകയുമായിരുന്നു. ഒരു രാത്രി തന്നെ എട്ടോളം പുരുഷന്മാര്‍ക്കൊപ്പം ഉറങ്ങേണ്ട അവസ്ഥ വരെ വന്നു ചേര്‍ന്നു. പിന്നീട് വീട്ടിലേക്കു വിളിക്കുവാന്‍ അവസരം ലഭിച്ചപ്പോള്‍ അതിവിദഗ്ദ്ധമായി രക്ഷപ്പെടുകയായിരുന്നു സോഫി. ഇത് ഒരു സോഫിയുടെ മാത്രം അനുഭവമല്ല. ബ്രിട്ടനില്‍ മാത്രം ആയിരക്കണക്കിന് ആളുകളെയാണ് സോഫി പ്രതിനിധീകരിക്കുന്നത്.

ലൈംഗികതക്കായി മാത്രമല്ല ഇത്തരക്കാരെ ഉപയോഗിക്കുന്നത്. വീട്ടുജോലി, മയക്കുമരുന്ന് നിര്‍മ്മാണം, വിവാഹം, അവയവമോഷണം എന്നിവക്കായി സ്ത്രീകളെയും കുട്ടികളെയും ഉപയോഗിക്കുന്നുണ്ട്. മറ്റൊരു വഴിക്ക് ഇത് കുടിയേറ്റക്കാരുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. മറ്റു രാജ്യങ്ങളില്‍ നിന്നും വീട്ടുജോലിക്കെന്ന പേരില്‍ കൊണ്ട് വരുന്നവരെ ലൈംഗികപീഡനങ്ങള്‍ക്കും മറ്റും വിധേയമാക്കുന്നത് ബ്രിട്ടനില്‍ ആദ്യമൊന്നുമല്ല.

വീട്ടു ജോലിക്കായി വന്നവരെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതും ഭക്ഷണം നല്‍കാതിരിക്കുന്നതുമായ വാര്‍ത്തകള്‍ ഇപ്പോഴും പത്രങ്ങളില്‍ നിന്നും മാഞ്ഞു പോയിട്ടില്ല. ബ്രിട്ടനില്‍ ഇത്രയും മികച്ച നീതിന്യായവ്യവസ്ഥിതി ഉണ്ടായിട്ടു പോലും പല കുടിയേറ്റക്കാരും നീതി ലഭിക്കാതെ വഞ്ചിക്കപ്പെടുകയാണ്. ദുരുപയോഗത്തിനെതിരെ നിലവിലുള്ള നിയമത്തെ കുറിച്ചുള്ള അഞ്ജത മറ്റൊരു കാരണമാണ്. എന്തായാലും ഞെട്ടിക്കുന്ന ഒരു റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.