1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 29, 2011

അമേരിക്കയെ പിടിച്ചുകുലുക്കിയ ഐറീന്‍ ചുഴലിക്കൊടുങ്കാറ്റ് വന്‍ നാശനഷ്ടങ്ങള്‍ വിതച്ചുകൊണ്ട് ശക്തമായി തുടരുന്നു. കൊടുങ്കാറ്റും വെള്ളപ്പൊക്കവും നാശം വിതച്ച അമേരിക്കയില്‍ ഇപ്പോള്‍ത്തന്നെ 21 പേര്‍ മരിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി കാറ്റിന് ശമനമുണ്ടെങ്കിലും ഇതിന്റെ ഭീഷണി അവസാനിച്ചിട്ടില്ലെന്ന് പ്രസിഡന്റ് ബറാക് ഒബാമ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം ചുഴലികൊടുങ്കാറ്റിനെത്തുടര്‍ന്ന് നാല്‍പതു ലക്ഷം പേര്‍ ഇരുട്ടിലായതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വിര്‍ജീനിയയില്‍ മാത്രം 10 ലക്ഷം വീടുകള്‍ക്കും ഓഫീസുകള്‍ക്കും വൈദ്യുതിബന്ധം നഷ്ടപ്പെട്ടു. തീരമേഖലയില്‍ 23 ലക്ഷത്തോളമാളുകള്‍ക്ക് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അമേരിക്കയുടെ സാമ്പത്തികകേന്ദ്രമായ ന്യൂയോര്‍ക്ക് സ്തംഭിച്ചിരിക്കുകയാണ്. രാജ്യത്തെ പല വിമാനത്താവളങ്ങളിലായി 9000ഓളം വിമാന സര്‍വീസുകള്‍ റദ്ദാക്കി. താഴ്ന്ന പ്രദേശങ്ങളെല്ലാംതന്നെ വെള്ളത്തിനടിയിലായി. പ്രതിസന്ധി നേരിടാന്‍ എട്ട് സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. മൊത്തം ഒരു ലക്ഷം കോടി ഡോളറിന്റെ നഷ്ടം അമേരിക്കക്ക് ഉണ്ടാവുമെന്നാണ് കണക്കാക്കുന്നത്.

ഇതാദ്യമായാണ് കൊടുങ്കാറ്റ് അമേരിക്കയില്‍ ഇത്രയേറെ ജനങ്ങളെ ഒരുമിച്ച് ബാധിക്കുന്നതെന്ന് ബി.ബി.സി റിപോര്‍ട്ട് ചെയ്തു. ന്യൂയോര്‍ക്ക്, വാഷിങ്ടണ്‍ , ബോസ്റ്റണ്‍ തുടങ്ങിയ പല നഗരങ്ങളിലും ഭൂഗര്‍ഭ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. നോര്‍ത്ത് കരോലിനയില്‍ ഒരടിയിലേറെ ജലമുയര്‍ന്നു. നിരവധി നഗരങ്ങളില്‍ കര്‍ഫ്യു ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ജനങ്ങള്‍ പുറത്തിറങ്ങുന്നത് പൊലീസ് വിലക്കുകയാണ്. കിഴക്കന്‍ തീരത്തുള്ള നഗരങ്ങളില്‍ താല്‍ക്കാലിക പാര്‍പ്പിടങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. വാഷിങ്ടണ്‍ നഗരത്തില്‍ വീശിയടിച്ച ചുഴലിക്കാറ്റ് ഞായറാഴ്ച രാവിലെയാണ് ന്യൂയോര്‍ക്കിലെത്തിയത്. ഇപ്പോള്‍ കാനഡ ഭാഗത്തേക്ക് കാറ്റ് നീങ്ങുന്നതായാണ് ഏറ്റവു പുതിയ റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.