1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 28, 2012

കടലിലെ കൊലപാതകവുമായി ബന്ധപ്പെട്ട നഷ്‌ടപരിഹാര കേസ്‌ ഒത്തുതീര്‍പ്പാക്കിയതിന്‌ ഹൈക്കോടതി വിമര്‍ശനം. സായിപ്പിനെ കണ്ടപ്പോള്‍ കവാത്ത്‌ മറന്നതുപോലെയാണ്‌ കൊല്ലപ്പെട്ട മല്‍സ്യത്തൊഴിലാളികളുടെ ബന്ധുക്കളുടെ നിലപാടെന്ന്‌ ജസ്‌റ്റിസ്‌ പി.എസ്‌. ഗോപിനാഥന്‍ വിലയിരുത്തി. സായിപ്പിന്റെ പണം കണ്ടപ്പോള്‍ ബന്ധുക്കള്‍ എല്ലാം മറന്നെന്ന്‌ കോടതി കൂട്ടിച്ചേര്‍ത്തു. കൊലപാതക കേസ്‌ റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ ഇറ്റാലിയന്‍ കപ്പല്‍ എന്റിക്ക ലക്‌സിയും രണ്ട്‌ നാവികരും സമര്‍പ്പിച്ച ഹര്‍ജിയില്‍ കക്ഷിചേര്‍ന്നശേഷം തങ്ങളുടെ വാദങ്ങള്‍ പിന്‍വലിക്കാന്‍ അനുമതി തേടി കൊല്ലപ്പെട്ട മല്‍സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ സമര്‍പ്പിച്ച അപേക്ഷയാണ്‌ കോടതി പരിഗണിച്ചത്‌.

കേസില്‍ കക്ഷിചേര്‍ന്നശേഷം വാദം നടത്തുകയും പിന്നീടിത്‌ പിന്‍വലിക്കാന്‍ അനുമതി തേടുകയും ചെയ്‌ത നടപടിയില്‍ കോടതി അതൃപ്‌തി രേഖപ്പെടുത്തി. മല്‍സ്യത്തൊഴിലാളികളുടെ ബന്ധുക്കളുടേത്‌ സമ്മര്‍ദതന്ത്രമായിരുന്നുവെന്ന്‌ വേണം കരുതാനെന്നും കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കിയതിനു കനത്ത കോടതിച്ചെലവു ചുമത്തേണ്ടിവരുമെന്നും ജസ്‌റ്റിസ്‌ പി.എസ്‌. ഗോപിനാഥന്‍ മുന്നറിയിപ്പ്‌ നല്‍കി. കടലിലെ കൊലപാതക കേസ്‌ റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ സമര്‍പ്പിച്ച ഹര്‍ജി വാദം പൂര്‍ത്തിയാക്കി വിധി പ്രസ്‌താവനയ്‌ക്ക് മാറ്റിവച്ചിരിക്കെയാണ്‌ കേസിലെ വാദങ്ങള്‍ പിന്‍വലിക്കാന്‍ കൊല്ലപ്പെട്ട മല്‍സ്യത്തൊഴിലാളികളായ ജലസ്‌റ്റിന്റെയും അജീഷ്‌ പിങ്കിന്റെയും ബന്ധുക്കള്‍ കോടതിയെ സമീപിച്ചത്‌.

ഇറ്റാലിയന്‍ സര്‍ക്കാരുമായി ഉണ്ടാക്കിയ ധാരണയനുസരിച്ച്‌ നിലവില്‍ നല്‍കിയിട്ടുള്ള കേസുകളും സത്യവാങ്‌മൂലവും പിന്‍വലിക്കാന്‍ മല്‍സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ സമ്മതിച്ചിരുന്നു. ഒരുകോടി രൂപ വീതം നഷ്‌ടപരിഹാരം ലഭിച്ച പശ്‌ചാത്തലത്തിലാണ്‌ ധാരണയനുസരിച്ച്‌ കേസുകള്‍ പിന്‍വലിക്കാനും സത്യവാങ്‌മൂലങ്ങള്‍ പിന്‍വലിക്കാനും ബന്ധുക്കള്‍ ഹര്‍ജി സമര്‍പ്പിച്ചത്‌. കേസ്‌ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയോടൊപ്പം കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ സമര്‍പ്പിച്ച പുതിയ ഹര്‍ജി കോടതി വിധിപറയാന്‍ മാറ്റി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.