സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്റെ അറസ്റ്റ് സി.പി.എം കേന്ദ്രനേതൃത്വത്തിനും തിരിച്ചടിയായി. രാഷ്ട്രീയ എതിരാളികളെ വകവരുത്തുന്നത് പാര്‍ട്ടിയുടെ ശൈലിയല്ലെന്നും അത്തരം കേസുകളില്‍ ഉള്‍പ്പെടുന്ന പാര്‍ട്ടിക്കാര്‍ക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കുമെന്നുമാണ് ഏറ്റവുമൊടുവില്‍ കേന്ദ്രകമ്മിറ്റി പ്രസ്താവിച്ചത്. അതിന് തൊട്ടുപിന്നാലെയാണ് കേരളത്തില്‍ ജില്ലാ സെക്രട്ടറിതന്നെ കൊലക്കേസില്‍ അറസ്റ്റിലായിരിക്കുന്നത്.
രാഷ്ട്രീയ എതിരാളികളെ പട്ടിക തയാറാക്കി വകവരുത്തിയിട്ടുണ്ടെന്ന മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണിയുടെ തുറന്നുപറച്ചില്‍ ദേശീയതലത്തില്‍ വലിയ പ്രതിസന്ധിയുണ്ടാക്കിയിരുന്നു.
ഇതേതുടര്‍ന്ന് കൊലപാതക രാഷ്ട്രീയത്തെ തള്ളിപ്പറഞ്ഞ് പോളിറ്റ്ബ്യൂറോക്കും കേന്ദ്രകമ്മിറ്റിക്കും ആവര്‍ത്തിച്ച് വാര്‍ത്താക്കുറിപ്പ് ഇറക്കേണ്ടിവന്നു. മണിക്കെതിരെ അച്ചടക്ക നടപടി എടുക്കുകയും ചെയ്തു. വാര്‍ത്താക്കുറിപ്പിലെ മഷിയുണങ്ങും മുമ്പേ മുതിര്‍ന്ന നേതാവ് കൊലക്കേസില്‍ അഴിക്കുള്ളിലായതോടെ പാര്‍ട്ടി പ്രഖ്യാപനത്തിന്റെ ആത്മാര്‍ഥത ചോദ്യംചെയ്യപ്പെടുകയാണ്.
ജയരാജന്റെ അറസ്റ്റ് രാഷ്ട്രീയപ്രേരിതമെന്നാണ് സി.പി.എം കേന്ദ്രനേതൃത്വവും വിശദീകരിക്കുന്നത്. ജയരാജന്റെ അറസ്റ്റും തുടര്‍ന്നുള്ള സാഹചര്യങ്ങളും ബുധനാഴ്ച രാവിലെ പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന അവയ്ലബ്ള്‍ പോളിറ്റ്ബ്യൂറോ യോഗം ചര്‍ച്ചചെയ്തു. രാഷ്ട്രീയ താല്‍പര്യങ്ങളോടെ കരുതിക്കൂട്ടിയുള്ള നടപടിയാണ് ജയരാജന്റെ അറസ്റ്റെന്ന് പി.ബി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. പ്രതികാര മനോഭാവത്തോടെയുള്ള നടപടിക്കെതിരെ എല്ലാവരും രംഗത്തുവരണമെന്നും കേന്ദ്രനേതാക്കള്‍ അഭ്യര്‍ഥിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല