1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 24, 2012

അങ്ങിനെ തോമാച്ചനും നഴ്സായി ..(രണ്ടാം ഭാഗം )

ഒന്നാം ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കൗമാരത്തിന്റെ തിളപ്പില്‍ ഒരു ദിവസം പെണ്‍കുട്ടികളുടെ ഗോവേണിപ്പടിയില്‍ കൂടി നടക്കാനുളള ആഗ്രഹത്താല് – ക്ലാസ്‌മേറ്റ്‌സ് സിനിമയില്‍ ഇന്ദ്രജിത്ത് പറഞ്ഞത് പോലെ എത്രയോ സുന്ദരിമാരുടെ പാദസ്പര്‍ശമേറ്റ ആ കല്‍പ്പടവുകളില്‍ – ഒന്നു നടക്കാന്‍ ശ്രമിച്ചപ്പോള്‍ ‘പരുന്ത് എന്ന അപരനാമത്താല്‍ കുട്ടികളുടെ ഇടയില്‍ കുപ്രസിദ്ധനായ പ്രിന്‍സിപ്പാളച്ചന്‍ കാണുകയും ചൂരല്‍ കഷായം തന്റെ പുറത്ത് പുരട്ടി തടവിയിട്ടും മതിവരാത്ത ‘പരുന്ത്’ അപ്പച്ചനേയും കൂട്ടി എന്നെ ഓഫീസില്‍ വന്ന് കണ്ടിട്ട് നീ ഇനി ക്ലാസില്‍ കയറിയാല്‍ മതി എന്ന് പറഞ്ഞു.

വീ്ട്ടിലെത്തിയ തോമാച്ചന്‍ ഈ വിവരം എങ്ങനെ അറിയിക്കും എന്ന വിഷമത്തില്‍ ഇഞ്ചി തിന്ന കുരങ്ങനെപോലെ ഇരുന്നു. സന്ധ്യാ പ്രാര്‍ത്ഥനയ്ക്ക് ശേഷം അത്താഴവും കഴിഞ്ഞ് പതിവ് ചര്‍ച്ചക്കിടയില്‍ തോമാച്ചന്‍ വിവരം ഇപ്രകാരമാക്കി അവതരിപ്പിച്ചു. ഉച്ചക്ക് വിശന്നപ്പോള്‍ കൈ കഴുകാനുളള ഓട്ടത്തിനിടയില്‍ ഉളള വെപ്രാളത്തില്‍ പെണ്‍കുട്ടികളുടെ ഗോവേണിപ്പടി ഉപയോഗിച്ചു എന്ന നിസ്സാര കുറ്റത്തിന് അപ്പച്ചനെ വിളിച്ചുകൊണ്ട് വന്നിട്ട് ക്ലാസ്സില്‍ കയറിയാല്‍ മതി എന്ന് ‘പരുന്ത്’ പറഞ്ഞു എന്ന വിശ്വസിപ്പിച്ചു.

ഇത് കേട്ട ഉടന്‍ മേരിചേച്ചിയുടെ മാതൃസ്‌നേഹം സടകുടഞ്ഞ് എഴുനേറ്റു. ”എന്നാലും ഇത് കുറച്ച് കടന്ന കൈ ആയിപ്പോയി, എന്റെ മോന് വിശന്നപ്പോള്‍ ഒന്ന് ഓടിയപ്പോള്‍ ആ സ്‌റ്റെപ്പ് എന്നാ തേഞ്ഞ് പോകുമോ’ എന്ന ചോദ്യവും കൂടി ആയപ്പോള്‍ വര്‍ക്കിചേട്ടന്‍ വീണു. ഇത് ചോദിച്ചിട്ട് തന്നെ കാര്യം എന്ന് പറഞ്ഞ് വര്‍ക്കിചേട്ടന്‍ ഉറങ്ങാനായി പോയി. ഇനി നാളെ എന്തൊക്കെ സംഭവിക്കും എന്നോര്‍ത്ത് തോമാച്ചന് ഉറക്കം വന്നില്ല.

പിറ്റേന്ന് രാവിലെ വര്‍ക്കിച്ചനുമായി പ്രിന്‍സിപ്പാളച്ചന്റെ ഓഫീസിലെത്തിയപ്പോള്‍ ‘എന്താ തോമാച്ചേട്ടാ,നല്ല കുട്ടികള്‍ ഉണ്ടായാല്‍ തന്തയ്ക്കു കൂടി എന്നും കോളേജില്‍ വരാം” എന്ന വളിച്ച തമാശയുമായി അച്ചന്‍ ഓഫീസിലേക്ക് വിളിച്ച് കയറ്റി. തന്റെ ചെറുക്കന്റെ വിശപ്പിന്റെ വിളിയില്‍ ഒരു തെറ്റ് ചെയ്തതിന്റെ പേരില്‍ തന്നെ ഓഫീസിലേക്ക് വിളിപ്പിച്ച അച്ചന് നേരെ ചൂടാകാന്‍ എത്തിയ വര്‍ക്കിച്ചന് സംസാരിക്കാന്‍ ്അനുവാദം കൊടുക്കാതെ അച്ചന്‍ കത്തിക്കയറി. ഇടവകയിലെ എല്ലാ വീട്ടുകാരുടേയും ക്ഷേമം അന്വേഷിച്ച അച്ചന്‍ തന്റെ അന്വേഷണം അവരെ അറിയിക്കാന്‍ വര്‍ക്കിച്ചനെ ഏര്‍പ്പെടുത്തി.
ഏതാണ്ട് 5-6 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രിന്‍സിപ്പാളച്ചന്‍ ആയിരുന്നു തോമാച്ചന്റെ ഇടവക വികാരി. അന്ന് വര്‍്ക്കിച്ചന്‍ കൈക്കാരന്‍ ആയിരുന്നതിന്റെ ബലത്തിലാണ് തോമാച്ചന് ഇവിടെ പ്രവേശനം ലഭിച്ചത് തന്നെ…

നാട്ടുകാരുടെ മുഴുവന്‍ ക്ഷേമാന്വേഷണത്തിന് ശേഷം അച്ചന്‍ വര്‍്ക്കിച്ചേട്ടനോടായി ഒരു ചോദ്യം ‘ ഇപ്പോള്‍ രാവിലത്തെ കുര്‍ബാനയ്ക്ക് എത്ര പേര്‍ വിശുദ്ധ കുര്‍ബാന കൈക്കൊളളുന്നുണ്ട് എന്ന്. അത് എങ്ങനെയാ അച്ചോ ഞാന്‍ പറയുന്നത്, ഞാന്‍ അത് എണ്ണാറില്ല എന്ന വര്‍ക്കിചേട്ടന്‍ നിഷ്‌കളങ്കനായി ഉത്തരം പറഞ്ഞപ്പോള്‍ അതു പോലെ തന്നെ ഈ കോളേജില്‍ എത്ര ആണ്‍കുട്ടികളും എത്ര പെണ്‍കുട്ടികളും ഉണ്ടെന്ന് തനിക്കും അറിയില്ല. എന്നാല്‍ എത്ര പെണ്‍കുട്ടികള്‍ മിഡി ഇടും എത്രപേര്‍ സാരി ഉടുക്കും എന്നൊക്കെ പുന്നാരമോന് കൃത്യമായി അറിയാമെന്നും ഇതൊക്കെ തന്ത എന്ന നിലയ്ക്ക് വര്‍്ക്കിച്ചന്‍ കൂടി പറഞ്ഞിട്ടാണോ മകന്റെ ഈ സെന്‍സസ് എടുപ്പ് എന്ന് അറിയാന്‍ വേണ്ടിയാണ് ഇന്ന് ഈ വിളിപ്പിച്ചത് എന്നും അച്ചന്‍ പറഞ്ഞു. ‘ പാപി ചെന്നിടം പാതാളം” എന്ന കേട്ടറിവു മാത്രമുളള തോമാച്ചന്‍ പാതാളം എന്തെന്ന് ആ നിമിഷം നേരിട്ട് അറിയുകയും ആ പാതാളത്തിലേക്ക് പോകുവാനും ആഗ്രഹിച്ചു. മത്സരത്തില്‍ ഗോളടിക്കുവാനായി എത്തിയ താരം സെല്‍ഫ് ഗോളടിച്ച് നാണം കെട്ടത് പോലെ വര്‍ക്കിചേട്ടന്‍ ഇതികര്‍ത്യവ്യതാമൂഡനായി ഇരുന്നു.

ഇനി അവനെ ചൊല്ലുവിളിക്ക് വളര്‍ത്താം എന്ന വര്‍ക്കിചേട്ടന്റെ ഉറപ്പിന്‍മേല്‍ തോമാച്ചന് ക്ലാസില്‍ തിരികെ കയറാന്‍ ‘പരുന്ത്’ അനുവാദം കൊടുത്തു.

തുടരും (അടുത്ത ഭാഗം വരുന്ന ഞായറാഴ്ച NRI മലയാളിയില്‍ )..

ജോഷി പുലിക്കൂട്ടില്‍

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.