1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 18, 2012

കാര്‍ട്ടൂണിലെ കുളനടവഴി ഇനി എന്‍ആര്‍ഐ മലയാളിയിലൂടെ ലോകമെമ്പാടുമുള്ള പ്രവാസികള്‍ക്ക ആസ്വദിക്കാം. പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ജോയി കുളനട വരച്ച കാര്‍ട്ടൂണുകള്‍ ഉടന്‍ എന്‍ആര്‍ഐ മലയാളിയില്‍ പ്രത്യക്ഷപ്പെടും. പ്രവാസി മലയാളികള്‍ക്കിടയില്‍ മുഖവര വേണ്ട ഈ വരക്കാരന്. പ്രവാസ ജീവിതത്തിലും അതിനു ശേഷവും ബ്രഷിനോടുള്ള സ്‌നേഹം മുറുകെപ്പിടിച്ച ജോയി കുളനട ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള നൂറുകണക്കിനു പ്രസിദ്ധീകരണങ്ങളിലൂടെയാണ് തന്റെ നര്‍മഭാവനകള്‍ പരസ്യപ്പെടുത്തുന്നത്. അതിലൊന്നായി എന്‍ആര്‍ഐ മലയാളിയും മാറുന്നു.

ജോയി കുളനടയുടെ കാര്‍ട്ടൂണ്‍ സപര്യയ്ക്ക് അരനൂറ്റാണ്ടിന്റെ അനുഭവപരിചയമുണ്ട്. 1950 ല്‍ പത്തനംതിട്ടയിലെ കുളനടയിലാണ് ജനനം. പരേതരായ ഉമ്മന്‍ മത്തായിയുടേയും മറിയാമ്മയുടേയും മകന്‍. കുളനട ഗവണ്‍മെന്റ് സ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പന്തളം എന്‍എസ്എസ് ഹൈസ്‌കൂളിലും കോളജിലും എത്തിയതോടെ കാര്‍ട്ടൂണിസ്റ്റിന്റെ കണ്ണിലൂടെ ജോയി കുളനട ലോകത്തെ നോക്കിക്കണ്ടുതുടങ്ങി. സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ ജോയി കുളനട കുറച്ചുകാലം വീക്ഷണം പത്രത്തിലെ പത്രാധിപസമിതിയംഗമായിരുന്നു. പിന്നീട് കാനറാബാങ്കിലും ജോലി ചെയ്തു. 1977 ല്‍ പ്രവാസജീവിതത്തിനു തുടക്കംകുറിച്ചു. അബുദാബി കൊമേഴ്‌സ്യല്‍ ബാങ്കിലെ സേവനം രണ്ടുദശാബ്ദത്തോളം നീണ്ടു. തുടര്‍ന്ന് നാട്ടില്‍ തിരിച്ചെത്തി.

കോളജില്‍ പഠിക്കുമ്പോള്‍ പന്തളീയന്‍ കാമ്പസ് മാസികയുടെ സ്റ്റുഡന്റ് എഡിറ്ററായി തുടര്‍ച്ചയായി മൂന്നുവര്‍ഷം പ്രവര്‍ത്തിച്ചു. 1969 ല്‍ മലയാളിനാട് വാരികയില്‍ ആദ്യത്തെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചു. ഗള്‍ഫിലെത്തിയശേഷം കേരളത്തിലെ ആനുകാലികങ്ങള്‍ക്കൊപ്പം ഗള്‍ഫിലെ എമിറേറ്റ്‌സ് ന്യൂസ്, ഖലീജ് ടൈംസ്, ഗള്‍ഫ് ന്യൂസ്, അറബി മാസികയായ അല്‍ ഹദാഫ് എന്നിവയിലും രചനകള്‍ പ്രസിദ്ധപ്പെടുത്തി. സൈലന്‍സ് പ്ലീസ്, ഗള്‍ഫ് കോര്‍ണര്‍, നേതാക്കളുടെ ലോകം, ബെസ്റ്റ് ഓഫ് സൈലന്‍സ് പ്ലീസ് എന്നിവയാണ് ജോയി കുളനട പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍. നിശബ്ദകാര്‍ട്ടൂണുകളാണ് ജോയി കുളനടയുടെ മാസ്റ്റര്‍പീസുകള്‍. ഏറ്റവുമധികം നിശബ്ദകാര്‍ട്ടൂണുകള്‍ വരച്ച മലയാളി കാര്‍ട്ടൂണിസ്റ്റ് എന്ന ബഹുമതിയും മറ്റാര്‍ക്കുമല്ല.

നിരവധി ബഹുമതികളും ജോയി കുളനടയെത്തേടിയെത്തിയിട്ടുണ്ട്. കാര്‍ട്ടൂണിനും കാരിക്കേച്ചറിനും ഹിന്ദുസ്ഥാന്‍ പത്രത്തിന്റെ പ്രശസ്തിപത്രം ലഭിച്ചിട്ടുണ്ട് ജോയി കുളനടയ്ക്ക്. മനോരാജ്യം വാരികയിലെ എഴുത്തുകാരുടെ ഡയറി, ഗള്‍ഫ് കോര്‍ണര്‍, മാതൃഭൂമിയിലെ സൈലന്‍സ് പ്ലീസ്, മനോരമ ആരോഗ്യത്തിലെ ക്ലിനിക് ടൂണ്‍സ് എന്നീ പംക്തികള്‍ വായനക്കാരുടെ മുക്തകണ്ഠം പ്രശംസ ഏറ്റുവാങ്ങിയവയാണ്. ഇംഗ്ലീഷ്, ഹിന്ദു, തമിഴ്, ശ്രീലങ്കന്‍, മറാഠി ഭാഷകളില്‍ ഇപ്പോള്‍ കാര്‍ട്ടൂണുകള്‍ സിണ്ടിക്കേറ്റ് ചെയ്തുവരുന്നു. ഇന്റര്‍നെറ്റ് പത്രങ്ങളിലും ദിവസേന രാഷ്ട്രീയ, സിനിമാ കാര്‍ട്ടൂണുകള്‍ ജോയി കുളനട കൈകാര്യംചെയ്യുന്നുണ്ട്.

കേരള കാര്‍ട്ടൂണ്‍ അക്കാദമി മുന്‍വൈസ് ചെയര്‍മാനായ ജോയി കുളനട കേരള അനിമേഷന്‍ അക്കാദമി ചെയര്‍മാന്‍, മലങ്കര സഭ അസോസിയേഷന്‍ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. രമണിയാണ് ഭാര്യ. മക്കള്‍:നിതീഷും സഞ്ജുവും നീതുവും ആല്‍ബിനും. പത്തനംതിട്ടയിലെ കുളനടയിലുള്ള തറയില്‍ഗാര്‍ഡന്‍സിലാണ് താമസം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.