1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 23, 2020

സാജു അഗസ്‌റ്റിൻ: കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ ഈ ക്രിസ്തുമസ് അവിസ്മരണീയമാക്കുവാന്‍ നാട്ടിലും യു.കെയിലുമുള്ള ഗാനരംഗത്ത് പേരെടുത്തയാളുകളെ അതിഥികളായും യു.കെയിലെ ശ്രദ്ധേയരായ കുരുന്ന് ഗായകരെയും ഉള്‍പ്പെടുത്തി അവതരിപ്പിക്കുന്ന മെഗാ ക്രിസ്തുമസ് ലൈവ് പ്രോഗ്രാം അണിയറയിലൊരുങ്ങുന്നു. താരസമ്പന്നമായ “നക്ഷത്ര ഗീതങ്ങള്‍” ഡിസംബര്‍ 26 ഉച്ചകഴിഞ്ഞ് യു.കെ സമയം 2 മണി മുതല്‍ (ഇന്ത്യന്‍ സമയം 7.30 പിഎം) കലാഭവന്‍ ലണ്ടന്റെ വീ ഷാല്‍ ഓവര്‍കം ഫേസ്ബുക്ക് പേജിലൂടെയാണ് ലഭ്യമാകുന്നത്.

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത ബിഷപ് മാര്‍ ജോസഫ് സാമ്പ്രിയ്ക്കല്‍ പരിപാടിയില്‍ മുഖ്യാതിഥി ആയെത്തുന്നതും ക്രിസ്തുമസ് സന്ദേശം നല്‍കുന്നതുമായിരിക്കും.

ബ്രിട്ടണ്‍സ് ഗോട്ട് ടാലന്റ് ഫെയിം സൗപര്‍ണിക നായര്‍ സെലിബ്രറ്റി ഗസ്റ്റ് ആയിരിക്കും. ബിബിസി വണ്ണിലെ ഒറ്റ പരിപാടിയിലൂടെ ലോക മലയാളി സമൂഹത്തിന്റെ അഭിമാനമായി മാറിയ കൊച്ചുമിടുക്കിയാണ് സൗപര്‍ണ്ണിക. കൊല്ലം സ്വദേശികളായ ഡോ.ബിനുവിന്റെയും രഞ്ജിതയുടെയും മകളായ ഒന്‍പത് വയസ്സുകാരി സൗപര്‍ണ്ണിക ബറി സെന്റ് എഡ്മണ്ട്സിലെ സീബര്‍ട് വുഡ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. യു.കെയില്‍ നിരവധി സംഗീത പരിപാടികളിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും കഴിവു തെളിയിച്ച ഈ മിടുക്കിയ്ക്ക് സൗപര്‍ണിക നായര്‍ എന്ന യുട്യൂബ് ചാനലുമുണ്ട്. രണ്ടര ദശലക്ഷം കാഴ്ചക്കാരും ഏഴായിരത്തോളം സബ്സ്ക്രൈബേഴ്സുമാണ് ഈ ചാനലിനുളളത്.

സോഷ്യല്‍ മീഡിയയിലൂടെ താരങ്ങളായ ഗായകരും സംഗീത സംവിധായകരുമായ ഫാ. ഷിന്റോ ഇടശ്ശേരി, ഫാ. സെവേരിയോസ്‌ തോമസ്, ഫാ. വിപിന്‍ കുരിശുതറ, സംഗീത സംവിധായകന്‍ ഷാന്റി ആന്റണി അങ്കമാലി, ഗായിക ജോസ്‌ന ഷാന്റി എന്നിവരാണ് ഈ ക്രിസ്തുമസ് അവിസ്മരണീയമാക്കുവാന്‍ നാട്ടില്‍ നിന്നും ലൈവ് പ്രോഗ്രാമില്‍ അതിഥികളായെത്തുന്നത്.

കപ്പൂച്യന്‍ വൈദികര്‍ ക്രിസ്തുമസിനോടനുബന്ധിച്ച് തയ്യാറാക്കിയ ആല്‍ബം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണല്ലോ. ‘പൊന്നൊളി പുലരി പുല്‍ക്കൂട്ടില്‍’ എന്നു തുടങ്ങുന്ന ഗാനം തയ്യാറാക്കിയിരിക്കുന്ന ഫാദര്‍ ഷിന്റോ ഇടശ്ശേരിയാണ് പ്രത്യേക അതിഥിയായെത്തുന്നത്. കോട്ടയം കപ്പൂച്യന്‍ വിദ്യാഭവനിലെ വൈദികരുടെ ഡാന്‍സ് ഫേസ്ബുക്കിലും മറ്റ് സോഷ്യല്‍ മീഡിയാകളിലും വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. ഭരണങ്ങാനം അസ്സീസി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജര്‍മ്മന്‍ പ്രൊഫസറാണ് ഫാ. ഇടശ്ശേരി.

ക്രിസ്തീയ ഭക്തിഗാനങ്ങള്‍ക്കൊപ്പം തന്നെ മാപ്പിളപ്പാട്ടിന്റെ താളങ്ങളേയും ഒരേപോലെ ആലപിച്ച് പൊതുസമൂഹത്തിന്റെ സ്നേഹവും ആദരവും ആവോളും ഏറ്റുവാങ്ങിയട്ടുള്ള ഫാ. സെവേരിയോസ് തോമസ്, പത്തനംതിട്ട ആനിക്കാട് മോര്‍ ഗ്രിഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്സ് ദയറായുടെ സുപീരിയര്‍ പദവി അലങ്കരിക്കുമ്പോഴും സംഗീതത്തെ പ്രാണവായുവെന്ന പോലെ ചേര്‍ത്തുപിടിച്ചാണ് അദ്ദേഹത്തിന്റെ ആത്മീയ യാത്രയും. പലപ്പോഴും തിരക്കേറിയ ഔദ്യോഗിക ഉത്തരവാദിത്വങ്ങള്‍ കൊണ്ട് സംഗീതപരിപാടികളില്‍ നിന്നും വിട്ട് നില്‍ക്കേണ്ടിവരുന്ന സാഹചര്യത്തിലും ഈ ക്രിസ്തുമസിന് യു.കെ മലയാളികള്‍ക്കായി പ്രത്യേക അതിഥിയായെത്താമെന്ന് അദ്ദേഹം സമ്മതിച്ചിരിക്കുകയാണ്.

‘കണ്ണാന കണ്ണേ, കണ്ണാന കണ്ണേ, എന്‍മീതു സായവാ…..” എന്ന് തുടങ്ങുന്ന ഗാനം ഫ്ലവേഴ്സ് ടി.വി കോമഡി സ്റ്റാര്‍സില്‍ ആലപിച്ച് ലക്ഷക്കണക്കിന് ആളുകളുടെ പ്രശംസയ്ക്ക് പാത്രമായി മാറിയ മാന്ത്രികശബ്ദത്തിന്റെ ഉടമയായ ഫാ. വിപിന്‍ കുരിശുതറ സി.എം.ഐയാണ് പരിപാടിയില്‍ പ്രധാന ഗായകനായെത്തുന്നത്. പൗരോഹിത്യജീവിതത്തിനിടയിലും സംഗീതവഴികളില്‍ ഏറെ മുന്നേറിയ ഫാ. വിപിന്റെ ആ ശബ്ദസൗകുമാര്യം നിറഞ്ഞ ഗാനങ്ങള്‍ ലൈവ് മെഗാ ഷോയുടെ മാറ്റ് കൂട്ടും. ഈ വൈദികശ്രേഷ്ഠര്‍ക്കൊപ്പം മലയാള സിനിമയില്‍ കാലുറപ്പിച്ച യുവ സംഗീത സംവിധായകന്‍ ഷാന്റി ആന്റണി അങ്കമാലിയും ഭാര്യ ഗായിക ജോസ്‌ന ഷാന്റിയും ഒത്തുചേരുമ്പോള്‍ ക്രിസ്തുമസ് മെഗാ ഷോ അനിര്‍വചനീയമായ അനുഭൂതിയാവും സമ്മാനിക്കുവാന്‍ പോകുന്നത്. കൂടാതെ പ്രശസ്ത കീ ബോര്‍ഡ് വിദഗ്ദന്‍ ലിജോ ലീനോസും ഇവര്‍ക്കൊപ്പം ഒത്തുചേരും.

യു.കെയില്‍ നിന്നും ഒരു കൂട്ടം പ്രഗത്ഭരായ വളര്‍ന്ന് വരുന്ന ഗായക നക്ഷത്രങ്ങളാണ് ഈ പരിപാടിയ്ക്ക് മിഴിവേകുവാനായി ഇമ്പമാര്‍ന്ന ഗാനങ്ങളുമായെത്തുന്നത്. അനീ അലോഷ്യസ്, അലീന സെബാസ്റ്റ്യന്‍, അന്ന ജിമ്മി, അനറ്റ് ബെന്നി, ടെസ്സ ജോണ്‍, ഡെന്ന ആന്‍ ജോമോന്‍, ഫിയോണ ബിജു, അനീഷ ബെന്നി, ഇസബെല്‍ ഫ്രാന്‍സിസ്, സേറ മരിയ ജിജോ, കെറിന്‍ സന്തോഷ് എന്നീ കൊച്ചുമിടുക്കിമാരാണ് ഗായകരായെത്തുന്നത്. “നക്ഷത്ര ഗീതങ്ങള്‍” എന്ന പ്രോഗ്രാം കോര്‍ഡിനേറ്റ് ചെയ്യുന്നതും അവതരിപ്പിക്കുന്നതും കലാഭവന്‍ ലണ്ടന്‍ ടീം അംഗമായ റെയ്‌മോള്‍ നിധീരിയാണ്.

യു.എസിലെ ന്യൂജേഴ്സി ആസ്ഥാനമായുള്ള അഡാപ്റ്റ് ഹണ്ടേഴ്സ് എന്ന റിക്രൂട്ട്മെന്റ് കൺസൾട്ടൻറുമാരാണ് പരിപാടിയുടെ പ്രധാന സ്പോൻസേഴ്സ് . കോസ്റ്റ്യൂം കേർട്ട്സി: മേരാകി ബൊട്ടീക് / ഹോംഡൊകൊർ, പാലാ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.