1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 17, 2012

പ്രിയപ്പെട്ട അളിയാ,

ഒരു കത്തെഴുതിയിട്ട് ഒത്തിരി നാളായി എന്നറിയാം. നാട്ടില്‍ വരാന്‍ ഒരു വഴി തെളിഞ്ഞിട്ട്‌ എഴുതാം എന്ന് കരുതിയിരിക്കുകയായിരുന്നു. രണ്ടു രണ്ടര വര്‍ഷമായി മനസ്സില്‍ താലോലിച്ച സ്വപ്നം അപ്രതീക്ഷിതമായി പൂവണിയുന്നതിന്റെ സന്തോഷത്തിലാണ് ഞാനിപ്പോള്‍.. അളിയനെയും, പെങ്ങളെയും ഇനിയും കണ്ടിട്ടില്ലാത്ത മോനുകുട്ടനെയുമൊക്കെ കാണാനും മീനിച്ചിലാറ്റില്‍ മുങ്ങാനും, പാടവരമ്പത്തെ കലുങ്കിലിരുന്നു കാറ്റുകൊളളാനുമൊക്കെ കൊതിയില്ലാഞ്ഞിട്ടല്ല, ഇവിടുത്തെ ചെലവും നാട്ടിലെ കടവും വീട്ടിയിട്ട് ഒരു വിമാനടിക്കറ്റിനുള്ള കാശ് ഇതുവരെ ബാക്കിവയ്ക്കാന്‍ പറ്റിയിട്ടില്ല. അപ്പോഴാണറിയുന്നത് ബാച്ചിലര്‍ പാര്‍ട്ടിയെന്ന കൂ*റ പടം ഇന്റര്‍നെറ്റില്‍നിന്നു ഡൌണ്‍ലോഡു ചെയ്തവരെയും കണ്ടവരെയും നേപ്പാള്‍ മുതല്‍ ഉഗാണ്ടവരെ തപ്പിപ്പിടിച്ച് നമ്മുടെ കേരള പോലീസ്‌ ഇന്റര്‍പോളിന്റെ സഹായത്തോടെ കേരളത്തിലെത്തിക്കുന്നുവെന്ന്. ശരിക്കും കുളിരുകോരിപ്പോയി.

നേരത്തെ യുടൂബില്‍ ഓടിച്ചാണ് ഈ പടം കണ്ടതെങ്കില്‍ ഇന്നലെ രാവിലെ ഞാനത് ഒന്നുകൂടി ഡൌണ്‍ലോഡ് ചെയ്തുകണ്ടു. ഇന്റര്‍നെറ്റ് കണക്ഷന്റെ ഐ.പി അഡ്രെസ്സ് നോക്കിയാണ് കേസ്‌ ചാര്‍ജ്ജ് ചെയ്യുന്നതെന്നു കേട്ടപ്പോള്‍ എന്റെ സഹമുറിയന്‍ സായിപ്പു പയ്യനും പെരുത്ത സന്തോഷം. കപ്പയും, കള്ളും, കരിമീനുമോക്കെയുള്ള ദൈവത്തിന്റെ സ്വന്തം നാട് ചുളുവിലൊന്നു കാണാമെന്ന പ്രതീക്ഷയിലാണ് അവന്‍…

നമ്മുടെ സ്വന്തം മഹാരാജാവിന്റെ ആളില്ലാതെ പറക്കുന്ന വിമാനങ്ങളില്‍ വിദേശത്തുള്ള പ്രതികളെ കൊണ്ടുവരാനുള്ള കരാറില്‍ ആന്റി പൈറസി സെല്‍ ഒപ്പിട്ടതായാണ് അറിയുന്നത്. നാട്ടിലിരുന്ന് “ഏജന്റ് ജന്തു” കൊടുക്കുന്ന ആളുകളുടെ കണക്കനുസരിച്ച് വേണ്ടിവന്നാല്‍ കട്ടപ്പുറത്തിരിക്കുന്ന എയര്‍ ഇന്‍ഡ്യയുടെ വിമാനങ്ങള്‍ എയര്‍ കേരള സ്പെഷ്യല്‍ എന്ന പേരില്‍ ചാര്‍ട്ടര്‍ ചെയ്യാനും പദ്ധതിയുണ്ടെന്ന് ലണ്ടനിലെ ഓണ്‍ലൈന്‍ മലയാളം പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന്‍റെ ചെലവിലേക്ക് കൂതറ പടത്തിന്റെ നിര്‍മ്മാതാക്കളും വിതരണക്കാരുംകൂടി രണ്ടുകോടിയോളം രൂപ മാറ്റിവച്ചിട്ടുണ്ടെന്നും അണിയറയില്‍ കേള്‍ക്കുന്നു. അളിയന്‍ ഇടക്കെന്നെ ലണ്ടനിലെ ദരിദ്രവാസി എന്നൊക്കെ കളിയാക്കാറില്ലേ? കണ്ടോണം ഞാന്‍ വരാന്‍പോകുന്നതു കേരള പോലീസിന്റെ ഒഫീഷ്യല്‍ ഫ്ലൈറ്റിലാ.

എന്റെ അളിയാ, ഇന്നലെ രാത്രി നാട്ടിലെത്തി അമ്മച്ചിയുടെകൂടെ ഭരണങ്ങാനം പള്ളിയില്‍ പെരുനാളിനു പോകുന്നതും സ്വപ്നംകണ്ടു കിടക്കുകയായിരുന്നു ഞാന്‍. അപ്പോഴാണ് ആ ശബ്ദം കേള്‍ക്കുന്നത്. കേട്ടുമറന്നിട്ടില്ലാത്ത ഒച്ചയായതുകൊണ്ട് ഞാന്‍ ചാടിയെഴുന്നേറ്റു. ഞങ്ങളുടെ മൂന്നാമന്‍ സഹമുറിയന്‍ കറമ്പന്റെ കമ്പ്യൂട്ടറില്‍നിന്നാ ശബ്ദം വരുന്നത്. കണ്ണുകള്‍ കളിപ്പിക്കുകയാണോ എന്നറിയാതെ ഞാന്‍ അല്‍പനേരം കണ്ണടച്ചിരുന്നു. തലകുലുക്കി ചാടിയെണീറ്റ് നോക്കുമ്പോള്‍ അവന്‍ ഒതുക്കത്തില്‍ ബാച്ചിലര്‍ പാര്‍ട്ടി കാണുന്നു! ചോദിച്ചപ്പോള്‍ ചമ്മലോടെ അവന്‍ പറയുവാ – അവനും കേരളം വരെയൊന്നു പോകണമെന്ന്. എനിക്ക് അകാംഷയായി. എന്തിനാണെന്നു തിരക്കിയപ്പോള്‍ അവന്റെ പുതിയ ഫേസ്ബുക്ക് ഫ്രണ്ട് ആമിന കേരളക്കാരിയാണെന്നു പറഞ്ഞപ്പോള്‍ കറമ്പന്റെ കണ്ണിലെ തിളക്കം ഒന്നു കാണേണ്ടതാരുന്നു, കറമ്പനും കൈവിട്ടുപോയെന്നു തോന്നുന്നു.

ഇനി സിനിമയെക്കുറിച്ച് പറയുകയാണെങ്കില്‍ പെറ്റതള്ള സഹിക്കൂല. ഇതൊരിക്കല്‍ സഹിച്ചിരുന്നു കണ്ടവരെ നാട്ടില്‍കൊണ്ടുവന്നു സൈബര്‍ പോലീസ്‌ ഇതല്ലേടാ നീയൊക്കെ അവിഹിതമായി നെറ്റില്‍ കണ്ടതെന്നു ചോദിച്ച് ഒന്നുകൂടി കാണിച്ചാല്‍ ക്ഷമയുടെ നെല്ലിപ്പലക അവിടെവച്ചു ഓടിയും. അതിനിട വരുന്നതിനുമുമ്പേ നേരത്തെതന്നെ എന്നെ കൊണ്ടുപോകാന്‍ അച്ചായനെയും കൂട്ടി വന്നെക്കണേ. ഈ സിനിമയുടെ ചില സീനുകള്‍ കണ്ട നമ്മുടെ സായിപ്പുപയ്യന്‍ ചോദിക്കുവാ, ഇത് എക്സല്‍ എന്ന ഹോളിവുഡ് സിനിമയുടെ റീമേക്കാണോ എന്ന്? ഞാന്‍ ഒന്നും പറഞ്ഞില്ല. കോപ്പിയടി സായിപ്പിനു വശമില്ലല്ലോ?

പിന്നെ അളിയാ, യാത്രയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അല്‍പ്പം ടെന്‍ഷനുണ്ട്. എയര്‍ ഇന്ത്യയുടെ യന്തിരന്‍ അറബിക്കടലിലെങ്ങാനും ലാന്‍ഡ്‌ ചെയ്താലോ? അമ്മച്ചിയോട് കുരിശുപള്ളിയില്‍ ഒരു മെഴുകുതിരി കത്തിച്ചു പ്രാര്‍ത്ഥിക്കാന്‍ പ്രത്യേകം പറയണം. നാട്ടിലെത്തിക്കഴിഞ്ഞാല്‍ പിന്നെ അളിയന്‍ നോക്കിക്കോളുമല്ലോ? എന്നാല്‍ ശേഷം പോലീസ്‌സ്റ്റേഷനില്‍ കാണാം. രാവിലെതന്നെ വന്നേക്കണേ…

സ്വന്തം കുഞ്ഞളിയന്‍

മനോജ്‌ മാത്യു : manoj@nrimalayalee.com

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.