കോളിളക്കം സൃഷ്ടിച്ച കിളിരൂര്‍ കേസില്‍ അഞ്ച് പ്രതികള്‍ കുറ്റക്കാരാണെന്ന് സി.ബി.ഐ കോടതി കണ്ടെത്തി. കിളിരൂര്‍ സ്വദേശിയായ ശാരിയെന്ന പെണ്‍കുട്ടിയെ സീരിയലിലും സിനിമയിലും അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പലര്‍ക്കും കാഴ്ചവച്ച് കൂട്ടമാനഭംഗത്തിനിരയാക്കി ഗര്‍ഭിണിയാക്കിയെന്നായിരുന്നു കേസ്.ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.
തൃശൂര്‍ ഗുരുവായൂര്‍ സ്വദേശി പ്രവീണ്‍, എറണാകുളം തിരുവാങ്കുളം സ്വദേശി മനോജ്, പത്തനംതിട്ട മല്ലപ്പളളി സ്വദേശി ലതാനായര്‍, കോട്ടയം നാട്ടകം സ്വദേശി കൊച്ചുമോന്‍ എന്നു വിളിക്കുന്ന ബിജു, തൃപ്പുണിത്തുറ സ്വദേശി പ്രശാന്ത്, എന്നിവരെയാണ് കുറ്റക്കാരായി കോടതി കണ്ടെത്തിയത്. കേസിലെ പ്രതികളായിരുന്ന ഓമനക്കുട്ടിയേയും സോമനെയും കോടതി വെറുതെ വിട്ടു. കേസിലെ പ്രതിയായ ലതാനായര്‍ തന്റെ ഭര്‍ത്താവ് രോഗിയാണെന്നും ശിക്ഷയില്‍ നിന്നൊഴിവാക്കണമെന്നും താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും കോടതിയെ അറിയിച്ചു. മറ്റ് പ്രതികളും ഇതേ നിലപാടാണ് സ്വീകരിച്ചത്.
പ്രതികള്‍ക്കുള്ള ശിക്ഷ അവര്‍ക്ക് പറയാനുള്ളത് കൂടി കേട്ട ശേഷം മറ്റെന്നാള്‍ പ്രഖ്യാപിക്കും. തിരുവനന്തപുരത്തെ സി.ബി.ഐ പ്രത്യേക കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. ഏഴ് പേരായിരുന്നു പ്രതിപ്പട്ടികയിലുണ്ടായിരുന്നത്. ഇതില്‍ ഏഴാം പ്രതി സോമനെ കോടതി വെറുതെവിട്ടു. കുമളിയില്‍ മുറിയെടുക്കാന്‍ സഹായിച്ചുവെന്നതായിരുന്നു സോമനെതിരായ കുറ്റം. എന്നാല്‍ ഇത് വസ്തുനിഷ്ഠമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി.
ഓമനക്കുട്ടിയെ നേരത്തെ സിബിഐ മാപ്പു സാക്ഷിയാക്കിയിരുന്നു. 2003 ഓഗസ്റ്റ് മുതല്‍ ഒരു വര്‍ഷത്തോളം വിവിധ സ്ഥലങ്ങളില്‍ പാര്‍പ്പിച്ച് ശാരിയെ പീഡിപ്പിക്കുകയും ഒടുവില്‍ ശാരി ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ മരിക്കുകയും ചെയ്തതാണ് കേസിന് ആധാരം. 2011 ഒക്‌ടോബറിലാണ് കേസിന്റെ വിചാരണ തുടങ്ങിയത്. 67 സാക്ഷികളെ വിസ്തരിച്ചു. 48 രേഖകള്‍ ഹാജരാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല