1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 5, 2012

സ്വവംശ വിവാഹത്തെച്ചൊല്ലി ക്‌നാനായ കത്തോലിക്കാസഭയില്‍ ഉടലെടുത്ത പുതിയ വിവാദത്തെത്തുടര്‍ന്ന്‌ സ്വയാധികാരസഭയായി മാറുന്നതിനു ക്‌നാനായ സഭ നീക്കം ആരംഭിച്ചു. ക്‌നാനായസഭയെ സ്വയാധികാര സഭയാക്കി മാറ്റണമെന്നാവശ്യപ്പെട്ടു മാര്‍പാപ്പയ്‌ക്കും സീറോ മലബാര്‍ സഭയുടെ അധ്യക്ഷനും ഹര്‍ജി നല്‍കാനാണു ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്‌ നേത്യയോഗത്തിന്റെ തീരുമാനം.

ക്‌നാനായ സമുദായംഗങ്ങളുടെ സ്വവംശ വിവാഹം സംബന്ധിച്ച്‌ സഭയുടെ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ മാത്യു മൂലക്കാട്ട്‌ ഷിക്കാഗോയില്‍ നടത്തിയ പ്രഖ്യാപനമാണ്‌ സഭയില്‍ പുതിയ വിവാദത്തിനിട നല്‍കിയത്‌. മറ്റു ക്രൈസ്‌തവ വിഭാഗങ്ങളില്‍നിന്നും വിവാഹം കഴിച്ച അമേരിക്കയിലുള്ള ക്‌നാനായക്കാര്‍ക്ക്‌ സ്വന്തം ക്നാനായ ഇടവകയില്‍ തുടരാന്‍ കഴിയുമെന്നാണു മാര്‍ മാത്യു മൂലക്കാട്ട്‌ പ്രഖ്യാപിച്ചത്‌.അതേ സമയം ഇതര ക്രൈസ്തവ വിഭാഗങ്ങളില്‍ നിന്നുള്ള ജീവിത പങ്കാളിക്ക് ക്നാനായ സമുദായത്തില്‍ അംഗമാകാന്‍ കഴിയില്ലെന്നും പിതാവ് കൂട്ടിച്ചേര്‍ത്തിരുന്നു.പിതാവിന്റെ ചിക്കാഗോ പ്രസംഗത്തിന്റെ വീഡിയോ ചുവടെ കൊടുക്കുന്നു.

എ.ഡി. 345-ല്‍ ക്‌നായി തൊമ്മന്റെ നേതുത്വത്തില്‍ സിറിയയില്‍ നിന്നെത്തിയ 72 കുടുംബങ്ങളുടെ പിന്മുറക്കാരാണു ക്‌നാനായ സമുദായംഗങ്ങള്‍. ഇവര്‍ ക്‌നാനായക്കാരല്ലാത്തവരെ വിവാഹം കഴിച്ചാല്‍ സഭയില്‍ നിന്ന്‌ പുറത്താക്കണമെന്നതാണു കീഴ്‌വഴക്കം. എന്നാല്‍ ക്‌നാനായ യാക്കോബായ വിഭാഗത്തില്‍നിന്നു വിവാഹം കഴിക്കുന്നതിനു തടസ്സമില്ല.

കേരളത്തില്‍ ക്‌നാനായ കത്തോലിക്കാ വിഭാഗത്തില്‍ ഒന്നര ലക്ഷവും യാക്കോബായ വിഭാഗത്തില്‍ അമ്പതിനായിരവും വിശ്വാസികളാണുളളത്‌. നൂറുവര്‍ഷം മുമ്പാണ്‌ ക്‌നാനായ കത്തോലിക്കാ വിഭാഗത്തിനു വത്തിക്കാന്‍ പ്രത്യേക രൂപത അനുവദിച്ചു നല്‍കിയത്‌. രണ്ടായിരത്തില്‍ അതിരൂപതയായി ഉയര്‍ത്തി.

ഷിക്കാഗോയില്‍ മാര്‍ മാത്യു മൂലക്കാട്ടിന്റെ വിവാദ പ്രസ്‌താവനയെത്തുടര്‍ന്നു കഴിഞ്ഞദിവസം കോട്ടയത്ത്‌ ചേര്‍ന്ന ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃയോഗത്തിലും മാര്‍ മാത്യു മൂലക്കാട്ട്‌ തന്റെ പ്രസ്‌താവനയില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ്‌ സ്വയാധികാര സഭയായി മാറണമെന്ന അഭിപ്രായം ശക്‌തമായത്‌. ഇതിനിടെ മാര്‍ മൂലക്കാട്ടിന്റെ നിലപാടിനെ അനുകൂലിച്ചും ഒരു വിഭാഗം രംഗത്ത്‌ വന്നിട്ടുണ്ട്‌.

ക്‌നാനായ പാരമ്പര്യമായ സ്വവംശ വിവാഹനിഷ്‌ഠക്ക്‌ ഭംഗം വരുത്തിക്കൊണ്ടുള്ള ഒരു അജപാലന പരിഷ്‌കാരത്തിനും കൂട്ടുനില്‍ക്കുകയില്ലെന്നതാണു ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രിന്റെ നിലപാട്‌. ഭാവി പരിപാടികള്‍ക്കായി പ്രഫ. ജോയി മുപ്രാപ്പള്ളി ചെയര്‍മാനായും പ്രഫ. ബേബി കാനാട്ട്‌, പ്രൊഫ. ബാബു പൂഴിക്കുന്നേല്‍, വി.കെ. മാത്യു എന്നിവര്‍ വൈസ്‌ ചെയര്‍മാന്മാരായും സ്‌റ്റീഫന്‍ ജോര്‍ജ്‌ ജനറല്‍ കണ്‍വീനറായും 1001 അംഗ ആക്ഷന്‍ കൗണ്‍സിലിനെയും 101 പേരുടെ ആക്ഷന്‍ എക്‌സിക്യൂട്ടീവിനെയും ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്‌ തെരഞ്ഞെടുത്തിട്ടുണ്ട്‌.

കോട്ടയത്ത്‌ നടന്ന ക്നാനായ കോണ്ഗ്രസ് സമ്മേളനത്തിന്റെ ലിങ്ക് ചുവടെ കൊടുക്കുന്നു

Watch live streaming video from knanayaonline at livestream.com

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.