ടി പി ചന്ദ്രശേഖരന്‍ വധക്കേസ് നിര്‍ണ്ണായക വഴിത്തിരിവില്‍. ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത പ്രതി പിടിയിലായതോടെയാണിത്. ന്യൂമാഹി പന്തക്കല്‍ സ്വദേശി അണ്ണന്‍ എന്ന് വിളിക്കുന്ന ഷിജിത്ത് ആണ് പിടിയിലായത്. തലശേരിയില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്.
കൊലപാതകം നടത്തിയ ഏഴംഗ സംഘത്തില്‍ ഉള്‍പ്പെട്ടയാളാണ് ഷിജിത്ത്. കൊലയ്ക്കിടെ ഇയാളുടെ കൈക്ക് പരുക്കേറ്റിരുന്നു. അക്രമികള്‍ എത്തിയ ഇന്നോവ കാറില്‍ പുരണ്ട രക്തക്കറ ചന്ദ്രശേഖരന്റെതാണ് എന്നാണ് പൊലീസ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ പരുക്കേറ്റ അക്രമിയുടേതാണെന്ന് പിന്നീട് വ്യക്തമാക്കുകയായിരുന്നു.
പരുക്കേറ്റ ഷിജിത്ത് തലശേരി സഹകരണ ആശുപത്രിയില്‍ ചികിത്സ തേടിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് പൊലീസ് ഷിജിത്തിനെ കസ്റ്റഡിയില്‍ എടുത്തതെന്നാണ് സൂചന. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
കീഴടങ്ങാന്‍ തയ്യാറാണെന്ന് ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യപ്രതി സുനി
ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ മുഖ്യപ്രതിയാണെന്ന് പോലിസ് സംശയിക്കുന്ന കൊടി സുനി കീഴടങ്ങാന്‍ തയ്യാറാണെന്ന് പോലിസിനെ അറിയിച്ചതായി സൂചന. ദേഹോപദ്രവം ഏല്‍പ്പിക്കില്ലെന്ന് ഉറപ്പുനല്‍കുകയാണെങ്കില്‍ കീഴടങ്ങാമെന്നാണ് സുനി മധ്യസ്ഥര്‍ മുഖേന പോലിസിനെ അറിയിച്ചിട്ടുള്ളത്. കണ്ണൂരിലെ പാര്‍ട്ടി ഗ്രാമത്തില്‍ ഇയാള്‍ ഒളിച്ചുകഴിയുന്നുണ്ടെന്ന് പോലിസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
പ്രതികളില്‍ ചിലര്‍ വയനാട് വഴി കര്‍ണാടകയിലേക്ക് കടന്നുവെന്ന സൂചനകളെ തുടര്‍ന്ന് കേസ് അന്വേഷണത്തില്‍ പോലിസ് അവിടത്തെ ഇന്റലിജന്റ്‌സിന്റെ സഹായം തേടിയിട്ടുണ്ട്. ഒളിവില്‍ കഴിയുന്ന പാനൂര്‍ ഏരിയ കമ്മിറ്റി അംഗം കുഞ്ഞനന്തന്റെ കീഴില്‍ കണ്ണൂര്‍ കേന്ദ്രീകരിച്ച് ക്വട്ടേഷന്‍ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും ചിലര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കായി പോലിസ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല