അഞ്ചാം മന്ത്രിസ്ഥാനമെന്ന ലീഗിന്റെ ആവശ്യത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. ലീഗിന്റെ ധാര്‍ഷ്ട്യത്തിന് വഴങ്ങരുതെന്നായിരുന്നു കെപിസിസി നേതൃയോഗത്തില്‍ മിക്ക കോണ്‍ഗ്രസ് നേതാക്കളും അഭിപ്രായപ്പെട്ടത്. കോണ്‍ഗ്രസിന് കോട്ടമുണ്ടാക്കാത്ത തരത്തില്‍ പ്രശ്‌നം അവസാനിപ്പിക്കണം. സംസ്ഥാന ഭരണം നിയന്ത്രിക്കുന്നത് ലീഗാണെന്ന അവസ്ഥയുണ്ടാകരുത്. ലീഗിന് അഞ്ചാം മന്ത്രിയെ നല്‍കിയാല്‍ നെയ്യാറ്റിന്‍കരയില്‍ ഹിന്ദുവോട്ടുകള്‍ അകലുമെന്ന് ആര്യാടന്‍ മുഹമ്മദ് അഭിപ്രായപ്പെട്ടു.
ലീഗിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് എംഎം ഹസന്‍, തിരുവഞ്ചിയൂര്‍ രാധാകൃഷ്ണന്‍ എന്നിവരും അറിയിച്ചു.
അഞ്ചാം മന്ത്രിയെ വേണമെങ്കില്‍ കേന്ദ്രമന്ത്രിയെ പിന്‍വലിയ്ക്കണമെന്ന് ലീഗിനോട് ആവശ്യപ്പെട്ടേക്കുമെന്നും സൂചനയുണ്ട്.
അതേസമയം നെയ്യാറ്റിന്‍കരയില്‍ ആര്‍ ശെല്‍വരാജിനെ പിന്തുണയ്ക്കണമെന്ന് ഭൂരിപക്ഷം നേതാക്കളും ആവശ്യപ്പെട്ടു. ശെല്‍വരാജിന് ഇതു സംബന്ധിച്ച് എന്തെങ്കിലും ഉറപ്പ് നല്‍കിയിട്ടുണ്ടെങ്കില്‍ അത് പാലിക്കപ്പെടണം.
എന്നാല്‍ ശെല്‍വരാജിനെ കൈപ്പത്തി ചിഹ്നത്തില്‍ തന്നെ മത്സരിപ്പിക്കണമെന്നൊരു പൊതുവികാരമാണ് യോഗത്തില്‍ ഉയര്‍ന്നത്. ഇതിനെ കെ മുരളീധരന്‍ എതിര്‍ത്തെങ്കിലും പാര്‍ട്ടി തീരുമാനം അംഗീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല