മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാന അതിര്‍ത്തിയില്‍ പ്രതിഷേധിക്കാനെത്തിയ തമിഴ്ജനക്കൂട്ടത്തിന് നേരെ കുമളിയില്‍ ലാത്തിച്ചാര്‍ജ്. തമിഴ്‌നാട് പൊലീസാണ് ഇവര്‍ക്ക് നേരെ ലാത്തിവീശിയത്. ഉച്ചയ്ക്ക് ഒരു മണിയോടെ കുമളിയില്‍ പ്രതിഷേധിക്കാനെത്തിയ പതിനായിരത്തോളം വരുന്ന ജനക്കൂട്ടത്തെ ഇവിടെ തമിഴ്‌നാട് പൊലീസ് തടയുകയായിരുന്നു. തുടര്‍ന്ന് ചെക്‌പോസ്റ്റിന് 50 മീറ്റര്‍ അകലെ ഇവര്‍ കുത്തിയിരുപ്പ് സമരം നടത്തി.
എന്നാല്‍ ഇതിനിടെ പ്രതിഷേധക്കാരുമായി ചര്‍ച്ചയ്‌ക്കെത്തിയ തമിഴ്‌നാട് ധനകാര്യമന്ത്രി ഒ.പനീര്‍ശെല്‍വത്തിന് നേരെ ആക്രമണശ്രമമുണ്ടായി. തുടര്‍ന്നാണ് പൊലീസ് ലാത്തിവീശിയത്. ഇതിനിടെ പൊലീസിന് നേര്‍ക്ക് കല്ലേറുണ്ടായി. പൊലീസ് പ്രതിഷേധക്കാരെ പിരിച്ചുവിടുകയാണ്.
കുമളിയിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഇരുഭാഗത്തും ശക്തമായ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. കുമളി ചെക്ക് പോസ്റ്റ് പൊലീസ് അടച്ചതോടെ കൊല്ലം- തേനി ദേശീയപാതയിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ടിരിക്കയാണ്. ഐ.ജി ആര്‍. ശ്രീലേഖ ഞായറാഴ്ച രാവിലെ കുമളി സന്ദര്‍ശിച്ചിരുന്നു. സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തിയ അവര്‍ കുമളിയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കഴിഞ്ഞദിവസം കേരളത്തിനെതിരെ തമിഴ് ജനക്കൂട്ടം അതിര്‍ത്തി കടന്ന് അക്രമം അഴിച്ചുവിട്ടിരുന്നു. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ദിവസങ്ങളായി ഗൂഡല്ലൂര്‍ തെരുവുകളില്‍ അക്രമം നടത്തുന്ന സംഘം നാട്ടുകാരെ സംഘടിപ്പിച്ച് വന്‍പ്രതിഷേധ പ്രകടനമായി ഉച്ചയോടെ സംസ്ഥാന അതിര്‍ത്തിയിലേക്ക് എത്തുകയായിരുന്നു. മലയാളികളെ ഭീഷണിപ്പെടുത്തിയ സംഘം കല്ലെറിയുകയും ആളുകളെ വിരട്ടിയോടിക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല