ചത്തമാടുകളെ തമിഴ്നാട്ടില്‍ നിന്നും കേരളത്തില്‍ എത്തിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മൃഗസംരക്ഷണ വകുപ്പിന്റെ കുമളിയിലെ ചെക്ക്പോസ്റ്റ് ഉപരോധിച്ചു. ചത്ത കാലികളെ സംസ്ഥാനത്ത് കടത്താന്‍ കൂട്ടുനിന്നുവെന്ന് ആരോപിച്ചാണ് ചെക്ക്പോസ്റ്റ് ഉപരോധിച്ചത്.
തമിഴ്നാട്ടിലെ കടലൂരില്‍ നിന്നും ആലപ്പുഴയിലെ കാവാലത്തേക്ക് അറവുമാടുകളെ കുത്തിനിറച്ചെത്തിയ ലോറിയാണ് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. ലോറിക്കുള്ളില്‍ ചത്ത മാടുകളാണെന്ന് സംശയം തോന്നി പിന്തുടര്‍ന്ന നാട്ടുകാരാണ് വിവരം പീരുമേട് പോലീസില്‍ അറിയിച്ചത്. തുടര്‍ന്ന് വാഹനം തടഞ്ഞുനിര്‍ത്തി പൊലീസ് നടത്തിയ പരിശോധനയിലാണ് ലോറിയ്ക്കുള്ളില്‍ രണ്ട് എരുമകളെ ചത്തനിലയിലും ഒരു പശുവിനെ മൃതപ്രായമായും കണ്ടെത്തിയത്.
അവശേഷിക്കുന്നവയെ വാഹനത്തില്‍ കെട്ടിയിട്ട അവസ്ഥയിലുമായിരുന്നു. പരിശോധനയ്ക്ക് ശേഷം മാടുകളുടെ ചെവിയിലിടേണ്ട ടാഗും മാടുകള്ക്കില്ലായിരുന്നു.
കന്നുകാലികളുടെ ഉടമയായ കാവാലം സ്വദേശി പ്രേംനവാസ് വാഹനത്തിലെ ജീവനക്കാരായ രണ്ട് തമിഴ്നാട് സ്വദേശികള്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കുമളി ചെക്ക്പോസ്റ്റില്‍ പണം നല്കിയ ശേഷമാണ് കാര്യമായ പരിശോധനയില്ലാതെ ചത്തമാടുകളുമായി അതിര്‍ത്തി കടന്നതെന്ന് പിടിയിലായവര്‍ പൊലീസിനോട് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല