1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 3, 2011

പങ്കാളികളുടെ ഇംഗ്ലീഷ് ടെസ്റ്റിനെതിരെ നിയമയുദ്ധം നടത്തുന്ന ഗുജറാത്തി സ്ത്രീയുടെ വീടു തേടി ഡെയിലി മെയില്‍ ഗുജറാത്തില്‍.ഇംഗ്ലീഷ് അറിയാത്തവര്‍ക്ക് ഇംഗ്ലണ്ടില്‍ കുടിയേറി താമസിക്കുന്നത് വിലക്കി കൊണ്ടുള്ള നിയമത്തിനെതിരെ കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യന്‍ കര്‍ഷകനായ വാലി ചപ്തിയുടെ ഭാര്യ റഷീദ ചാപ്തി യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയെ സമീപിച്ചത്. 37 വര്‍ഷം മുന്‍പാണ് ഇവരുടെ വിവാഹം നടന്നത് ഇവര്‍ക്ക് ഏഴ് മക്കളുമുണ്ട്. വാലി ചാപ്തി പറയുന്നത് ഹോം സെക്രട്ടറി തെരേസ മേയ് പ്രഖ്യാപിച്ച ഈ ഇംഗ്ലീഷ് ഭാഷ നിബന്ധന വംശീയ വിവേചനം കലര്‍ന്നതാണെന്നാണ്. അതേസമയം ഈ വയസ്സ് കാലത്ത് തനിക്കിനി ഇംഗ്ലീഷ് ഒന്നും പഠിക്കാന്‍ പറ്റില്ലെന്നും എങ്കിലും ഇംഗ്ലണ്ടിലെ തന്റെ ഭാര്യ താമസിക്കുന്ന ലെസ്റ്ററില്‍ ഒരുപാട് ഗുജറാത്തി ഭാഷ സംസാരിക്കുന്ന ആളുകള്‍ ഉണ്ടെന്നും അതിനാല്‍ തന്നെ അവിടെ താമസിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാവില്ലെന്നും ഒന്‍പതാം വയസ്സില്‍ പഠിപ്പ് നിര്‍ത്തിയ അദ്ദേഹം അവകാശപ്പെടുന്നു.

തങ്ങള്‍ പോരാടുന്നത് തങ്ങള്‍ക്കു മാത്രം വേണ്ടിയല്ല ഇന്ത്യക്കാര്‍ അടക്കമുള്ള ഒരുപാട് ബ്രിട്ടീഷ് കുടിയേറ്റക്കാര്‍ക്ക് വേണ്ടിയാണെന്ന് പറഞ്ഞ വാലി ചാപ്തി ഈ നിയമ യുദ്ധത്തില്‍ വിജയം തങ്ങള്‍ക്കൊപ്പമാകുമെന്ന പ്രതീക്ഷയും പങ്കു വെച്ചു. അതേസമയം ഈ കേസില്‍ പരാജയപ്പെടുകയാണെങ്കില്‍ ഹൈ കോര്‍ട്ടില്‍ അപ്പീല്‍ കൊടുക്കുമെന്ന് കഷ്ടിച്ച് മാത്രം ഇംഗ്ലീഷ് പറയുന്ന റഷീദ ചാപ്തി പറഞ്ഞു. കൂട്ടത്തില്‍ ഇവരുടെ ഏഴ് മക്കളില്‍ ഇംഗ്ലണ്ടിലേക്ക് കൊണ്ട് വരണമെന്ന് കരുതുന്ന ഇളയ മകനും ഇംഗ്ലീഷ് അറിയില്ലത്രേ! ഏഴ് മക്കളില്‍ ഈ മകന് മാത്രമാണ് ഇംഗ്ലീഷ് അറിയാത്തത്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ മാത്രം തന്റെ ഭാര്യയെ കണ്ടിട്ടുള്ള വാലി ചാപ്തി ചോദിക്കുന്നു: “ഇംഗ്ലീഷ് അറിയാത്തതിന്റെ പേരില്‍ ഈ വയസ്സ് കാലത്ത് എന്റെ ഭാര്യയുടെ കൂടെ ജീവിക്കാനുള്ള എന്റെ അവകാശത്തെ ബ്രിട്ടീഷ് ഗവണ്‍മെന്റിന് എങ്ങനെ എതിര്‍ക്കാനാകും?”

റഷീദ ചാപ്തിയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരായ മന്‍ജിത്‌ ഗില്‍, ബര്‍മിംഗ്ഹാമിലെ കോടതിയില്‍ ആര്‍ട്ടിക്കിള്‍ 8 ,12 എന്നിവയെ മുന്‍നിര്‍ത്തി വിവാഹത്തിനും പങ്കാളിക്കൊപ്പം താമസിക്കാനുമുള്ള മനുഷ്യാവകാശത്തെ അടിസ്ഥാനമാക്കിയാണ് കേസ് വാദിക്കുന്നത്. അഞ്ചു നേരം നിസ്കരിക്കുന്ന വാലി ചാപ്തിയുടെ ഒരാഴ്ചത്തെ വരുമാനം 4 പൌണ്ട് മാത്രമാണ്. ചാപ്തി പറയുന്നത് എന്നാലും താന്‍ ഭാര്യയോടു പണമൊന്നും ചോദിക്കാറില്ല എന്നാണു, അവള്‍ അവിടെ കഷ്ടപ്പെടുകയാണെന്ന് അറിയാമെന്നും ഇദ്ദേഹം പറയുന്നു. റഷീദ ചാപ്തി ആഴ്ചയില്‍ 200 പൌണ്ടോളം മെഷീന്‍ ഓപറെറ്റര്‍ ആയ്‌ ജോലി ചെയ്തു കഷ്ടിച്ച് സമ്പാദിക്കുന്നത്, ഇതിനൊപ്പം അവര്‍ മറ്റു ഫാക്റ്ററികളിലെ ജോലി ചെയ്യാറുമുണ്ട്, ഇവരുടെ മാസവാടക 525 പൌണ്ടാണ്.

പലപ്പോഴും ഭര്‍ത്താവിനെയും മക്കളെയും കാണാന്‍ പോകാത്തത് ഈ സാമ്പത്തിക ഞെരുക്കം കാരണമാണെന്ന് പറയുന്ന അവര്‍ക്ക് നാല് മാസം മുന്‍പ് നടന്ന അവരുടെ മകന്റെ വിവാഹത്തില്‍ പോലും പങ്കെടുക്കാന്‍ പറ്റിയില്ല. മുന്‍പ് 2008 ല്‍ ഇവര്‍ കുടുംബസമേതം വിസയ്ക്ക് അപേക്ഷിച്ചപ്പോള്‍ വിസ ലഭിച്ചിരുന്നില്ല ആര്‍ക്കും. അതിനു ശേഷം പലപ്പോഴായ് വിസയ്ക്ക് ശ്രമിച്ചിരുന്നു പക്ഷെ ഫലമുണ്ടായില്ല. ഈ പങ്കാളികളുടെ മകനായ ജുനൈദ് പറയുന്നത് തന്റെ മാതാവ് ബുദ്ധിയുള്ള സ്ത്രീയാണെന്നും ഈ നിയമയുദ്ധത്തില്‍ അവകാശം നേടിയെടുക്കുമെന്നുമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.