1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 5, 2011

ജോണ്‍ മുളയങ്കില്‍

നാസ്വാരന്ധ്രങ്ങളിലെ ഒരു ചെറു കാറ്റാണ് ജീവിതം അതുള്ളിലേക്ക് സ്വീകരിച്ചും പുറത്തേക്ക് തള്ളിയും ജീവന്‍ നിലനിര്‍ത്തുന്നത്. ഏതെങ്കിലും ഒന്ന് തടസപ്പെടാല്‍ കണ്ണിനും കാതിനും മനസ്സിനും ഇമ്പമാര്‍ന്ന ജീവിതത്തിനു പൂര്‍ണ വിരാമമാകും. ഭൂമിയിലെ ജനസമൂഹം ഇന്ന് ലഹരിയുടെ ലോകത്താണ്, ചിലര്‍ക്ക് മദ്യത്തില്‍ ലഹരി കണ്ടെത്താന്‍ സാധിക്കുമെങ്കില്‍ മറ്റു ചിലര്‍ക്ക് മയക്കുമരുന്നിലൂടെയാണ് അത് സാധിക്കുന്നത്. ഇവിടെ ഞാന്‍ ചിന്തിക്കുന്നത് മറ്റു ചില ലഹരികളെ പറ്റിയാണ്. അധികാരത്തിന്റെ ലഹരിയിലൂറെ സഞ്ചരിക്കുന്ന രാഷ്ട്ര തലവന്മാരുടെ ഇടയിലേക്ക് നമുക്കൊന്ന് ചൂഴ്ന്നിറങ്ങാം.

ലോക കണക്കെടുപ്പില്‍ പലരുമുണ്ടെങ്കിലും സദ്ദാം ഹുസൈനെ പോലെയും കേണല്‍ ഗദ്ദാഫിയെ പോലെയുമുള്ളവരെ നമുക്ക് കണ്ടില്ലെന്നു നടിക്കാനാകില്ല. വര്‍ത്തമാന കാലത്തിന്റെ അധികാര ലഹരിയില്‍ മുങ്ങി അമര്‍ന്ന ലിബിയായുടെ മുടി ചൂടിയ മന്നന്‍ കേണല്‍ ഗദ്ദാഫി. എത്രയോ വര്‍ഷങ്ങള്‍ തിരുവായ്ക്ക് എതിര്‍വാ ഇല്ലാതെ ഭരണം നടത്തി. അധികാരവും പണവും നല്‍കി കുറെ പേരെ കൂടെ നിര്‍ത്തി. മറ്റു ചിലരെ അധികാരത്തിന്റെ മുഷ്ടി ചുരുട്ടി വിറപ്പിച്ചു നിര്‍ത്തി. തീരെ എതിര്‍ത്തവരെ അറിഞ്ഞു തള്ളിയും അധികാരത്തില്‍ കടിച്ചു തൂങ്ങി കിടന്നു.

ലോക രാജ്യങ്ങള്‍ ഇണങ്ങിയും പിണങ്ങിയും പറഞ്ഞിട്ടും ആ ലഹരി വിട്ടില്ല എന്നിട്ടോ അവസാനം ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് കാടും മേടും താണ്ടി രാവും പകലും ഓടിക്കൊണ്ടെയിരുന്നു. ഉറക്കമില്ലാത്ത രാത്രികള്‍, വിശ്രമിക്കാന്‍ പറ്റാത്ത പകലുകള്‍. ഇതൊരു ചെറിയ ശബ്ദവും നെഞ്ചിടിപ്പ് വര്‍ദ്ധിപ്പിക്കുന്നവ.

എന്തിന്റെ പേരില്‍, ലഹരിയുടെ നീരാളി പിടുത്തത്തില്‍ അധികാര മോഹത്തില്‍ ആഴ്ന്നിരങ്ങിയതിനാല്‍ സംഭാവിച്ചതല്ലേ ഇവയെല്ലാം? സൂര്യ പ്രകാശമെല്ക്കാത്ത ഗുഹയിലൂടെ ആഴ്ചകളോളം നീണ്ട പാലായനം ഏതു നിമിഷവും പിടിക്കപ്പെടാമെന്ന ഭീതിയാര്‍ന്ന ദിനരാത്രികള്‍, അവസാനം പേപ്പട്ടിയെ പോലെ സ്വന്തം ജനങ്ങളുടെ കൈകളാല്‍ ദാരുണമായ അന്ത്യം, എന്ത് നേടി?

ഭാര്യയോ മക്കളോ സ്വന്തം ജനങ്ങളോ രക്ഷിക്കാന്‍ എത്തിയോ? ഒരിറ്റു വെള്ളം പോലും കുടിക്കാതെയുള്ള മരണം സ്വരുക്കൂട്ടിയ സമ്പത്ത് തോക്കിന്റെ മുന അടയ്ക്കുവാന്‍ മാത്രം കരുത്തുള്ളതായിരുന്നില്ലേ? ഒരു കുടുംബത്തിന്റെ നാശവും നാം കണ്ടു. അധികാര മോഹത്തിന്റെ ലഹരി ഇതുപോലെ തലയ്ക്കു പിടിച്ചിരുന്നില്ലയെങ്കില്‍ ഒരുപക്ഷെ ആ തല കഴുത്തിനു മുകളില്‍ ഇന്നും നമുക്ക് കാണാന്‍ കഴിഞ്ഞേനെ.

ഇതുപോലെ തന്നെയാണ് സമ്പത്തിന്റെ ലഹരിയും, എത്ര വാരി കൂട്ടിയാലും മതിയാകാതെ പിന്നെയും പിന്നെയും കൂട്ടി കൊണ്ടേയിരിക്കും. ജയിലഴികളില്‍ പിടിച്ചു ചിന്തിക്കുന്നതും ഇനിയും എങ്ങനെ കുറേ കൂടി ഉണ്ടാക്കാം എന്നായിരിക്കാം. ഇത്തരം ലഹരി തലയ്ക്കു പിടിക്കുന്നത് കൂടുതലും രാഷ്ട്രീയത്തില്‍ പ്രവര്ത്തിക്കുന്നവര്‍ക്കല്ലേ, അല്ലെങ്കില്‍ വെളിയില്‍ വരുന്ന വാര്‍ത്തകള്‍ കൂടുതലും അവരെ പറ്റി ആയതിനാലാകം ജനം ഇങ്ങനെ ചിന്തിക്കുന്നത്. ഇതേപറ്റി പറയാന്‍ പോയാല്‍ മാസങ്ങളോളം വേണ്ടി വരും.

മറ്റൊരു ലഹരിയിലേക്ക് കടന്നാല്‍ അത് വിശ്വാസത്തിന്റെ ഭക്തിയുടെ ലഹരിയാനെന്നു കാണാം. കപട വിശ്വാസ മേലങ്കി അണിഞ്ഞവരെ പറ്റിയല്ല ഇപ്പോള്‍ ചിന്തിക്കുന്നത്. വിശ്വാസം വേണം പക്ഷെ അത് ലഹരിയായി മാറിയാലോ. സാധാരണ ജനങ്ങള്‍ എന്നതുകൊണ്ട്‌ വിവക്ഷിക്കുന്നത് ഭാര്യയും മക്കളും കുടുംബവുമായി ജീവിക്കുന്ന ജനസമൂഹം.

വിശ്വാസത്തില്‍ അധിഷ്ടിതമായി ജീവിക്കുന്നത് നല്ലതാണ്. അത് ക്രിസ്തീയ മടഹ്ത്തിലായാലും ഹൈന്ദവ, ഇസ്ലാം മതത്തിലായാലും മറ്റേതു മതത്തിലുമാകട്ടെ നന്ന്. പക്ഷെ ഭക്തിയുടെ പേരില്‍ ജോലി ത്വജിച്ചു കുടുംബത്തെ മറന്നു ഇറങ്ങി പുറപ്പെടുമ്പോഴാണ് അത് ലഹരിയായി മാറുന്നത്. ഇത് നന്മയിലേക്കുള്ള യാത്രയാണെന്ന് പറയാന്‍ പറ്റുമോ? ആര്‍ക്കാണ് നന്മ ചെയ്യുന്നത്, ഭാര്യക്കോ, ഭര്‍ത്താവിനോ, മക്കള്‍ക്കോ? ഇവരെ മറന്നു ദിന രാത്രങ്ങള്‍ സഞ്ചരിച്ചാല്‍ അതുകൊണ്ട് ആര്‍ക്കാണ് നേട്ടം?

ഇനിയും വിശ്വാസത്തിന്റെ പേരില്‍, ജനിച്ച ഭൂമിയെ സ്നേഹിച്ചു കൊതി തീരാത്ത നിരപരാധികളെ കൊന്നു തള്ളുന്നത് ഇത്തരം ലഹരികള്‍ തലയ്ക്കു കയറുമ്പോള്‍ അല്ലെ? സത്യവും നീതിയും ഇത്തരം ലഹരികള്‍ക്ക് അടിമപ്പെട്ടു പോകുന്നു.

ആല്‍ക്കഹോളിന്റെ ലഹരി, മയക്കുമരുന്നിന്റെ ലഹരി എന്നിവയിലേക്ക് കടന്നാല്‍ അനാദികാലം തൊട്ടേ മനുഷ്യര്‍ ഇവയുടെ കയ്യില്‍ കിടന്നു അമ്മാനമാടുകയാണ്. ലോക ജനതയില്‍ തന്നെ കൂടുതല്‍ മുങ്ങി താഴുന്നവരില്‍ ആര്‍ മിന്‍പില്‍ ആര്‍ പിന്പില്‍ എന്ന തര്‍ക്കം ഇതുവരെ തീര്‍ന്നിട്ടില്ല. എന്നാല്‍ നമുക്കൊന്നരിയാം ആയിരങ്ങള്‍ ഭൂമിയിലെ സുഖ ദുഃഖങ്ങള്‍ വെടിഞ്ഞു ദിവസവും പറന്നകന്നു കൊണ്ടേയിരിക്കുന്നു. ലഹരി ലഭിക്കാത്ത ഒരു ലോകത്തിലേക്ക്.

പലവിധ ലഹരികള്‍ പന്തായ കുതിരകളായി പിടിച്ചു കെട്ടാന്‍ പറ്റാത്ത തരത്തില്‍ കുതിച്ചു കൊണ്ടേയിരിക്കുന്നു. ഇവ ചിലപ്പോള്‍ ഒന്നിനൊന്നു പൂരകങ്ങളായി നില കൊള്ളുകയും ചെയ്യുന്നു. ഭരണാധികാരികളായ ലഹരിയുടെ അടിമകള്‍ ചിന്തിക്കുന്നത് താനില്ലയെങ്കില്‍ ലോകം കീഴ്മേല്‍ മറിയുമെന്നാണ്. ഒന്നും സംഭവിക്കുകയില്ല. എത്രയോ പേര്‍ വന്നു പോയി എന്നിട്ടും ഭൂമി സ്വന്തം അച്ചുതണ്ടില്‍ കറങ്ങി കൊണ്ടേയിരിക്കുന്നു. കഴിയുമെങ്കില്‍ മലയാളികള്‍ നമ്മള്‍ ചിന്തിക്കേണ്ട ഒരു വിഷയം ഇത്തരം ലഹരികള്‍ നമ്മളെ കീഴ്പ്പെടുത്താതിരിക്കട്ടെ ഇതിന്റെ അടിമത്വത്തില്‍ കിടന്നു പുലയാതെ ലോക സൌന്ദര്യങ്ങള്‍ ആസ്വദിച്ചു ജീവിതം സന്തോഷത്തോടെ അനുഭവിച്ചു തീര്‍ക്കട്ടെ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.