സ്വന്തം ലേഖകന്‍: അമേരിക്കയില്‍ ലാസ് വെഗാസിലെ ചൂതാട്ട കേന്ദ്രത്തില്‍ കൂട്ടക്കുരുതി നടത്തി തുടര്‍ന്ന് സ്വയം വെടിവച്ച് ജീവനൊടുക്കിയ അക്രമി ചൂതാട്ട ഭ്രാന്തന്‍, ഐഎസ് ബന്ധത്തിന് തെളിവില്ലെന്ന് പോലീസ്. ലാസ് വെഗാസിലെ ചൂതാട്ട കേന്ദ്രത്തില്‍ കഴിഞ്ഞ ദിവസം ഉണ്ടായ വെടിവയ്പ്പില്‍ 59 പേര്‍ കൊല്ലപ്പെടുകയും 500 അധികം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സ്റ്റീഫന്‍ ക്രെയ്ഗ് പെഡ്ഡോക് എന്ന അക്രമിയുടെ പേരുവിവരങ്ങള്‍ പോലീസ് പുറത്തുവിടുകയും ചെയ്തു. മാന്‍ഡലെ ബേ കാസിനോ 32 മത്തെ നിലയിലാണ് വെടിവയ്പ്പ് നടന്നത്.
64 കാരനായ ഇയാള്‍ ചൂതാട്ടകേന്ദ്രങ്ങളിലെ സ്ഥിരം സന്ദര്‍ശകന്‍ ആയിരുന്നെന്നും ചൂതാട്ടത്തിലൂടെ കോടികള്‍ സമ്പാദിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പൊതുവേ സൗമ്യനുമായ സ്റ്റീഫന്റെ പേരില്‍ ഒരു ട്രാഫിക് ചട്ടലംഘനം മാത്രമാണ് ഇതിനു മുമ്പു ചുമത്തിയിട്ടുള്ളത് കുറ്റം. മുന്‍പ് അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന പെഡ്ഡോക് വിരമിച്ചശേഷമാണ് ചൂതാട്ടരംഗത്ത് സജീവമായത്. തോക്കുകളുടെ വന്‍ശേഖരമുണ്ടായിരുന്ന ഇയാള്‍ക്ക് പക്ഷെ എതെങ്കിലും തരത്തിലുള്ള അക്രമിസംഘവുമായി ഇതുവരെ ബന്ധമുണ്ടായിട്ടില്ലെന്ന് ബന്ധുക്കളും പറയുന്നു.
തങ്ങളുടെ പോരാളിയാണ് ലാസ്‌വേഗസ് ആക്രമണം നടത്തിയതെന്ന് ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) അവകാശപ്പെട്ടെങ്കിലും ഇയാള്‍ക്ക് രാജ്യാന്തര ഭീകരവാദവുമായി എന്തെങ്കിലും ബന്ധമുള്ളതായി ഇതുവരെ തെളിവു ലഭിച്ചിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. ഇതിനുള്ള സാധ്യതപോലും വിദൂരമാണെന്നാണ് സ്റ്റീഫന്റെ പരിചയക്കാരും പറയുന്നത്. അടുത്ത കാലത്ത് മതം മാറി തങ്ങള്‍ക്കൊപ്പമെത്തിയ പോരാളിയാണ് ലാസ്‌വോഗസില്‍ ആക്രമണം നടത്തിയതെന്നായിരുന്നു ഐഎസിന്റെ പ്രസ്താവന. ചൂതാട്ടം ഒരു ലഹരിയായി കൊണ്ടുനടന്നയാളാണ് സ്റ്റീഫന്‍ ക്രെയ്ഗ് പെഡ്ഡോക് എന്ന് ബന്ധുക്കളും പരിചയക്കാരും സമ്മതിക്കുന്നുണ്ട്.
ആഡംബര ജീവിതം നയിച്ചിരുന്ന ഇയാള്‍ ഇതിനുള്ള പണവും കണ്ടെത്തിയിരുന്നത് ചൂതാട്ടത്തിലൂടെയായിരുന്നു. മെസ്‌ക്വിറ്റിലെ ചൂതാട്ട കേന്ദ്രങ്ങളിലും കപ്പലുകളില്‍ നടത്തിയിരുന്ന ചൂതാട്ട കേന്ദ്രങ്ങളിലെയും സ്ഥിര സാന്നിദ്ധ്യമായിരുന്നു ഇയാള്‍. പ്രഫഷണല്‍ ചൂതാട്ടക്കാരന്‍ എന്നായിരുന്നു സ്റ്റീഫന്‍ ക്രെയ്ഗ് സ്വയം വിശേഷിപ്പിച്ചിരുന്നത്. ഫ്‌ളോറിഡയില്‍ നിന്നും മെസ്‌ക്വിറ്റിലേക്ക് ഇയാള്‍ വന്നത് തന്നെ അത് ചൂതാട്ടകേന്ദ്രങ്ങളുടെ നാടായതിനാലായിരുന്നു. തന്റെ സഹോദരന്റെ പക്കല്‍ കോടികളുടെ സമ്പാദ്യമുണ്ടായിരുന്നുവെന്ന് ക്രെയ്ഗിന്റെ സഹോദരന്‍ എറിക് പറഞ്ഞു.
താന്‍ വലിയ സമ്പത്തിന് ഉടമയായത് ചൂതാട്ടത്തിലൂടെയാണെന്ന് സഹോദരന്‍ തന്നോട് പറഞ്ഞിരുന്നുവെന്നും എറിക് പറഞ്ഞു. സ്റ്റീഫന്‍ പഡ്ഡോകിന് റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളുമുണ്ടായിരുന്നു. ആക്രണത്തിന് മുന്നോടിയായി സ്റ്റീഫന്‍ ക്രെയ്ഗ് പെഡ്ഡോക് ഈ ഹോട്ടലില്‍ മുറിയെടുക്കുമ്പോള്‍ ഇയാള്‍ക്കൊപ്പം ഏഷ്യന്‍ വംശജയായ മേരിലോ ഡാന്‍ഡിയെന്ന സ്ത്രീയും ഉണ്ടായിരുന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മെസ്‌ക്വിറ്റിലെ വീട്ടില്‍ സ്റ്റീഫനൊപ്പം താമസിക്കുകയായിരുന്നു ഇവര്‍ എന്നാണ് സൂചന. വെടിവെയ്പ്പിന് പിന്നാലെ മെസ്‌ക്വിറ്റിലെ ഇരുവരും കഴിഞ്ഞിരുന്ന ഇരുനില വീട് പൊലീസ് പരിശോധിച്ചിരുന്നു.
ഈ വീട്ടില്‍ നിന്ന് എട്ടു തോക്കുകളും വെടിയുണ്ടകളും കണ്ടെത്തി. ഈ തോക്കുകള്‍ അമേരിക്കയില്‍ നിന്നും വാങ്ങിയതല്ലെന്ന് തെളിഞ്ഞിട്ടുണ്ട്. മാന്‍ഡലെ ബേ കാസിനോയില്‍ യന്ത്രത്തോക്ക് ഉപയോഗിച്ച് തലങ്ങും വിലങ്ങും പെഡ്ഡോക് വെടിവയ്പ്പ് നടത്തുകയായിരുന്നു മുന്‍പ് കാലിഫോര്‍ണിയയില്‍ താമസിക്കുമ്പോള്‍ ഏറെ തോക്കുകള്‍ വാങ്ങിക്കൂട്ടിയിരുന്ന പെഡ്ഡോക് പക്ഷേ യന്ത്രത്തോക്കുകള്‍ കൈവശം വെച്ചിരുന്നതായി അറിയില്ലെന്ന് സഹോദരന്‍ എറിക് പറഞ്ഞു. തന്റെ കൈവശമുണ്ടായിരുന്ന തോക്കുകളില്‍ മാറ്റം വരുത്തിയാകാം കസാനോയിലെ വെടിവയ്പ്പിന് പെഡ്ഡോക് ഉപയോഗിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സ്റ്റീഫന്‍ പെഡ്ഡോകിന്റെ പേരില്‍ മുന്‍പ് ട്രാഫിക് നിയമലംഘനത്തിന്റെ കേസ് മാത്രമേയുള്ളൂവെങ്കിലും ഇദ്ദേഹത്തിന്റെ പിതാവ് പാട്രിക് ബഞ്ചമിന്‍ പെഡ്ഡോക് കുപ്രസിദ്ധനായ ഒരു ബാങ്ക് കൊള്ളക്കാരനായിരുന്നു. തടവിലായിരുന്ന പാട്രിക് പെഡ്ഡോക് ഒരിക്കല്‍ ജയില്‍ ചാടിയതിനെ തുടര്‍ന്ന് എഫ് ബിഐയുടെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലുണ്ടായിരുന്ന ആളാണ്. എതാനും വര്‍ഷം മുന്‍പാണ് പാട്രിക് പെഡ്ഡോക് മരണമടഞ്ഞത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല