1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 7, 2011

ശരീരത്തിന് ഗുണം ചെയ്യുന്ന ഒരു ഔഷധം വെറുതെ കിട്ടിയാല്‍ ആരെങ്കിലും നിരസിക്കുമോ? അത്തരമൊന്ന് കുടുംബാംഗങ്ങള്‍ക്കോ സുഹൃത്തുക്കള്‍ക്കോ യാതൊരു ചെലവുമില്ലാതെ നല്‍കാന്‍ കഴിയുമെങ്കിലോ? എങ്കില്‍ നിങ്ങളുടെ പക്കല്‍ തന്നെയുണ്ട് അത്തരമൊരു മരുന്ന്, അത് ചിരിയല്ലാതെ മറ്റൊന്നുമല്ല. ചിരിക്കാന്‍ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. ചിരിപ്പിക്കാന്‍ കഴിയുന്നവരെ എല്ലാവരും ഇഷ്ടപ്പെടുകയും ചെയ്യുന്നു. ഇത് ചിരിയുടെ സാമൂഹികവശം. ചിരി മനസ്സിനും ശരീരത്തിനും ഒട്ടേറെ ഗുണഫലങ്ങള്‍ തരുന്നു. ഹൃദയത്തിനും പ്രതിരോധസംവിധാനത്തിനുമാണ് കൂടുതല്‍ മെച്ചമുണ്ടാവുന്നത്. വിശ്രാന്തിക്കും മനസ്സംഘര്‍ഷം കുറയ്ക്കാനും ചിരിക്ക് തുല്യമായ മറ്റൊരു മരുന്നില്ലതന്നെ.

ചിരിക്കുമ്പോള്‍ പ്രധാനമായി രണ്ട് ശാരീരികപ്രവര്‍ത്‌നങ്ങളാണ് നടക്കുന്നത്. രാസപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉത്തേജനം നാഡികള്‍ വഴി തലച്ചോറിലെത്തുന്നു. രണ്ടാമതായി എന്‍ഡോര്‍ഫിനുകള്‍, വേദന കുറയ്ക്കാന്‍ സഹായിക്കുന്ന രാസവസ്തുക്കള്‍. മനഃക്ഷോഭം ശമിപ്പിക്കുന്ന ഔഷധങ്ങള്‍ സ്രവിപ്പിക്കുന്നു, ചിരിക്കുമ്പോള്‍ മുഖത്തെ 15 മാംസപേശികളണ് സങ്കോചിക്കുന്നത്.

അല്പം ഹൃദയപരമായ് പറയുകയാണെങ്കില്‍ ചിരിക്കുമ്പോള്‍ ഹൃദയധമനികളുടെ ആന്തരികഭാഗം വികസിക്കുന്നു. ഇത് രക്തചംക്രമണത്തെ ത്വരപ്പെടുത്തുന്നു. ഹൃദയത്തിന്റെ ആരോഗ്യകരമായ പ്രവര്‍ത്തനത്തിന് ഇത് സഹായകമാകുന്നു. ശാസ്ത്രഞ്ജര്‍ ചിരിയ്ക്കു ഹൃദയാഘാതം കുറയ്ക്കാനുള്ള കഴിവുണ്ടെന്ന് കണ്ടെത്തിയിട്ടുമുണ്ട്, ബാള്‍ട്ടിമോറിലെ മേരിലാണ്ട് മെഡിക്കല്‍ സര്‍വകലാശാല നടത്തിയ പഠനത്തില്‍ 40 ശതമാനം ഹൃദ്രോഗികളും ചിരിക്കാന്‍ പിശുക്ക് കാട്ടുന്നവരാണെന്നാണ്‌, മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ കുറച്ചു ചിരിക്കുകയും കൂടുതല്‍ ദേഷ്യപ്പെടുകയും ചെയ്യുന്നവര്‍ക്കാണ് ഹൃദ്രോഗ സാധ്യത കൂടുതല്‍.

ചിരിക്കുമ്പോള്‍ ബീറ്റാ എന്‍ഡോര്‍ഫിന്‍, ഹ്യൂമന്‍ ഗ്രോത്ത് ഹോര്‍മോണ്‍ എന്നിവ യഥാക്രമം 27, 87 ശതമാനം ഉയരുന്നതായി ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. വിഷാദം ഇല്ലായ്മ ചെയ്യാന്‍ സഹായിക്കുന്നവയാണ് ബീറ്റാ എന്‍ഡോര്‍ഫിനുകള്‍. എച്ച്.ജി.എച്ച്. ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കുന്നതും.

അതുപോലെ ശരീരത്തിന് ദോഷകരമായ മൂന്ന് സ്ട്രസ് ഹോര്‍മോണുകളുടെ നില താഴ്ത്താനും പൊട്ടിച്ചിരിക്ക് കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. കോര്‍ട്ടിസോള്‍, എപിനെര്‍ഫിന്‍, ഡോപാക് എന്നിവയാണവ. ശരീരത്തിന്റെ പ്രതിരോധസംവിധാനത്തെ ക്ഷീണിപ്പിക്കുന്നവയാണ് സ്ട്രസ് ഹോര്‍മോണുകള്‍. കാലിഫോര്‍ണിയയിലെ ക്രെസ്റ്റ് ഹെല്‍ത്ത് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡോ.ലീ ബെര്‍ക്കാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്.

ഡോ.ലീയുടെ മറ്റൊരു പഠനത്തില്‍ കടുത്ത പ്രമേഹരോഗികളായ 20 പേരെ രണ്ടു ഗ്രൂപ്പുകളാക്കി തിരിച്ചു. ചിരിസംഘവും നിയന്ത്രിതകൂട്ടവും. ഒരു മാസം പിന്നിട്ടപ്പോള്‍ ചിരിഗ്രൂപ്പിലെ അംഗങ്ങളുടെ മാനസിക പിരിമുറുക്കം കുറഞ്ഞതായും നല്ല കൊളസ്‌ട്രോള്‍ കൂടിയതായും കണ്ടെത്തി. ഒരു വര്‍ഷമെത്തിയപ്പോഴേക്കും സംഘാംഗങ്ങളുടെ നല്ല കൊളസ്‌ട്രോള്‍ 26 ശതമാനം വര്‍ധിച്ചു. ചിരിമരുന്ന് എന്തിനൊക്കെ രക്തസമ്മര്‍ദം: ചിരി രക്തസമ്മര്‍ദം നിയന്ത്രിക്കാനുള്ള ഒറ്റമൂലിയാണ്. നമ്മള്‍ ചിരിക്കുമ്പോള്‍ ആദ്യം രക്തസമ്മര്‍ദം ഉയരുന്നു. എന്നാല്‍ പിന്നീട് അത് താഴും. സാധാരണയില്‍ അല്പം താഴേയ്ക്ക് മര്‍ദം എത്തും. ഇതേത്തുടര്‍ന്ന് ഗാഢശ്വസനം നടക്കുന്നു. രക്തത്തില്‍ കൂടുതല്‍ ഓക്‌സിജന്‍ എത്താനും ഇത് സഹായിക്കുന്നു.

ശരീരത്തില്‍ സ്ട്രസ് ഹോര്‍മോണുകള്‍ കൂടുതല്‍ ഉത്പാദിപ്പിച്ചുകഴിഞ്ഞാല്‍ അവ ശരീരത്തിലെ ആന്റിബോഡികളുടെ പ്രവര്‍ത്തനത്തെ കുറയ്ക്കുന്നു. ആന്റിബോഡികളാണ് രോഗാണുബാധയില്‍നിന്ന് ശരീരത്തെ ചെറുക്കുന്നത്. ചിരി സ്ട്രസ് ഹോര്‍മോണുകളെ കുറയ്ക്കുക വഴി ശരീരത്തിന്റെ പ്രതിരോധസംവിധാനത്തെ സഹായിക്കുന്നു.

ചിരിയെ ബുദ്ധിപരമായ് വിലയിരുത്തുകയാണെങ്കില്‍ ചിരിക്കുമ്പോള്‍ തലച്ചോറിന്റെ എല്ലാ ഭാഗവും ഒരുപോലെ ഉത്തേജിപ്പിക്കപ്പെടുന്നു. പേശികളുടെ അയവിനും മനസ്സംഘര്‍ഷം കുറയ്ക്കുന്നതിനും ഈ പ്രവര്‍ത്തനം സഹായകമാകും. ഏകാഗ്രത വര്‍ധിക്കാനും തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടാനും സഹായിക്കും.

ഇനി ഒന്ന് ഉറക്കെ പൊട്ടിച്ചിരിക്കുകയാണെന്ന് വയ്ക്കുക ഉദരത്തിന്റെ ഡയഫ്രം, മുഖം, പുറത്തെ പേശികള്‍, അടിവയര്‍, കുടല്‍ തുടങ്ങിയ ഭാഗങ്ങള്‍ക്ക് നല്‍കാവുന്ന ഉത്തമ വ്യായാമമാണ് അത്! ഇതുവഴി ഉദരാന്തര്‍ഭാഗത്തുണ്ടാകുന്ന ചലനങ്ങള്‍ ദഹനത്തെയും അതുവഴി പോഷകങ്ങളുടെ ആഗിരണത്തെയും സുഗമമാക്കുന്നു. അനാവശ്യമായ കലോറി എരിച്ചുകളയാനും ചിരിക്ക് കഴിയും.

മാനസികപരമായ് ചിരിയെ മനസിലാക്കിയത് ചിരി മനസ്സിന്റെ ഉന്മേഷം വര്‍ധിപ്പിക്കുന്നതും അതുവഴി കോപം, നിരാശ തുടങ്ങിയ വികാരങ്ങളെ കഴുകിക്കളയുന്ന ഔഷധമാണെന്നുമാണ്. ചിരി ശരീരം മുഴുവന്‍ ഇളകുന്ന ഒരു പ്രക്രിയയാണ്. നൂറുപ്രാവശ്യം ചിരിക്കുന്നത് എക്‌സര്‍സൈസ് ബൈക്കില്‍ 15 മിനിറ്റ് വ്യായാമം ചെയ്യുന്നതിനു തുല്യമാണ്. 20 സെക്കന്‍ഡ് ചിരിക്കുന്നത് മൂന്നുമിനിറ്റ് വഞ്ചി തുഴയുന്ന ഫലം ചെയ്യും.

ഇനി തീരുമാനിക്കാം, കോപിച്ച് ശരീരത്തിന്റെ ആരോഗ്യം കളയണോ അതോ ചിരിച്ച് ആയുസ്സ് കൂട്ടണോ?

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.