അഞ്ചാം മന്ത്രിസ്ഥാനത്തെ ചൊല്ലി ലീഗും ഗണേഷിനെ നീക്കണമെന്ന ആവശ്യവുമായി പിള്ളയും ഉടക്കി നില്‍ക്കുന്നത് യുഡിഎഫ് നേതൃത്വത്തിന് തലവേദനയാവുന്നു.തന്റെ മന്ത്രിസ്ഥാനത്തെ ലീഗിന്റെ അഞ്ചാം മന്ത്രി വിഷയവുമായി കൂട്ടിക്കുഴയ്ക്കരുതെന്ന് അനൂപ് ജേക്കബ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ കണ്ട് അഭ്യര്‍ഥിച്ചെങ്കിലും ഫലം കണ്ടില്ല. അഞ്ചാം മന്ത്രിയും അനൂപും ഒന്നിച്ച് സത്യപ്രതിജ്ഞ ചെയ്യുമെന്ന ലീഗിന്റെ മുന്‍നിലപാടില്‍ തന്നെ തങ്ങള്‍ ഉറച്ചു നിന്നു.
ചൊവ്വാഴ്ച നടക്കുന്ന കെപിസിസി യോഗത്തില്‍ അഞ്ചാം മന്ത്രിയെ സംബന്ധിച്ച തീരുമാനമുണ്ടായില്ലെങ്കില്‍ ഭാവി നടപടികളെ കുറിച്ചാലോചിക്കുമെന്ന് ലീഗ് നേതാവ് കെപിഎ മജീദ് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇനിയും കാത്തിരിക്കാന്‍ തങ്ങ്ള്‍ തയ്യാറല്ലെന്ന സൂചനയാണ് ലീഗ് നേതൃത്വം നല്‍കുന്നത്.
ഇതിനിടെയാണ് മകന് ഗണേഷ് കുമാറിനെ മന്ത്രി സ്ഥാനത്തു നിന്ന് നീക്കണമെന്ന ആവശ്യവുമായി കേരള കോണ്‍ഗ്രസ് ബി ചെയര്മാന് ആര് ബാലകൃഷ്ണ പിള്ള രംഗത്തെത്തിയിരിക്കുന്നത്. ഇക്കാര്യം യുഡിഎഫ് യോഗത്തില്‍ പിള്ള അവതരിപ്പിച്ചെങ്കിലും ചര്‍ച്ചയിലൂടെ കാര്യങ്ങള്‍ രമ്യമായി പരിഹരിക്കാമെന്ന നിലപാടാണ് യുഡിഎഫ് നേതൃത്വം സ്വീകരിച്ചത്.
മന്ത്രിയെ നീക്കാന്‍ യുഡിഎഫ് തയ്യാറായില്ലെങ്കില്‍ ഗണേഷിനെ എംഎല്‍എ സ്ഥാനത്തു നിന്ന് അയോഗ്യനാക്കുന്നതുള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ പാര്‍ട്ടി മടിക്കില്ലെന്ന് ബാലകൃഷ്ണ പിള്ള മുന്നറിയിപ്പ് നല്കി കഴിഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല