മുസ്ലീം ലീഗ് വിട്ടുവീഴ്ച ചെയ്തതു കൊണ്ടാണ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായതെന്ന് ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. ഒട്ടേറെ വിട്ടുവീഴ്ചകള്‍ ചെയ്തവരാണ് ലീഗ്. എന്നാല്‍ എല്ലാ അവഹേളനവും സഹിച്ച് എന്നും മുന്നണിയില്‍ തുടരുമെന്ന് കരുതേണ്ട.
ലീഗ് വിട്ടുവീഴ്ച ചെയ്തതു കൊണ്ടു മാത്രമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഉണ്ടായത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുന്നതും അതുകൊണ്ടു തന്നെയാണ്. സര്‍ക്കാര്‍ രൂപീകരിക്കാനാവുമോ എന്ന ആശങ്കയ്ക്കിടയില്‍ മറ്റു പാര്‍ട്ടികള്‍ മന്ത്രിസ്ഥാനത്തിനും സ്പീക്കര്‍ സ്ഥാനത്തിനും ചീഫ് വിപ്പ് സ്ഥാനത്തിനും വേണ്ടിയുള്ള വാദകോലാഹലങ്ങളില്‍ മുഴുകിയിരിക്കുകയായിരുന്നു.
എന്നാല്‍ ഈ ബഹളങ്ങളില്‍ നിന്ന് ലീഗ് മാറി നിന്നു. മാന്യമായ ഒരു തീരുമാനം ഉണ്ടാകാന്‍ വേണ്ടിയായിരുന്നു ഇത്. എന്നാല്‍ ഇത് ലീഗിന്റെ കഴിവുകേടാണെന്ന തരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടു. ഇപ്പോള്‍ പാര്‍ട്ടിയ്ക്ക് അര്‍ഹതപ്പെട്ട അഞ്ചാം മന്ത്രിയെ ലഭിച്ചപ്പോള്‍ ചിലര്‍ പാര്‍ട്ടിയ്‌ക്കെതിരെ വിമര്‍ശനവുമായി രംഗത്തു വന്നിരിക്കുകയാണ്. എന്നാല്‍ അപമാനം സഹിച്ച് അധിക കാലം ലീഗ് മുന്നണിയില്‍ തുടരുമെന്ന് ആരും വ്യാമോഹിക്കേണ്ടെന്നും മജീദ് പറഞ്ഞു.
അതേസമയം ലീഗും കോണ്‍ഗ്രസും തമ്മില്‍ നല്ല ബന്ധം തന്നെയാണുള്ളതെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് ഒറ്റക്കെട്ടായി തന്നെ മുന്നോട്ടു പോകും. മജീദ് ഇത്തരമൊരു പ്രസ്താവന നടത്തിയതിന്റെ കാരണം വ്യക്തമല്ലെന്നും ചെന്നിത്തല അറിയിച്ചു.
ലീഗിനതിരെ പ്രസ്താവനകള്‍ നടത്തുന്ന ആര്യാടനും മുരളീധരനുമെതിരെ ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ രംഗത്തെത്തി. ലീഗിന് അഞ്ചാം മന്ത്രിയെ ലഭിച്ചതില്‍ ചില ആളുകള്‍ക്ക് അസൂയയുണ്ട്. ഇവര്‍ പകര്‍ച്ചവ്യാധി പിടിപെട്ടതു പോലെയാണ് പെരുമാറുന്നത്.
ഇത്തരം രോഗികളെ ചികിത്സിച്ച് ഭേദമാക്കാനുള്ള വഴികളാണ് ലീഗ് സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. അടുത്തിടെ മാലിന്യം കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നാണ്. ഇത്തരം മാലിന്യങ്ങളെ തുടച്ചു നീക്കാനുള്ള നിയോഗമാണ് അലിയ്ക്കുള്ളതെന്നും തങ്ങള്‍ പറഞ്ഞു.
മജീദ് എട്ടുകാലി മമ്മൂഞ്ഞ്: ആര്യാടന്‍
ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ആര്യാടന്‍ മുഹമ്മദ് രംഗത്തെത്തി. മജീദ് എട്ടുകാലി മമ്മൂഞ്ഞിനെ പോലെയാണ് പെരുമാറുന്നത്. വൈക്കം മുഹമ്മദ് ബഷീറിന് പറ്റിയ കഥാപാത്രമാണ് മജീദ്. ബഷീര്‍ ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹത്തെ കഥാപാത്രമാക്കിയേനെയെന്നും ആര്യാടന്‍ പറഞ്ഞു.
ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിയാക്കിയത് ലീഗാണെന്ന മജീദിന്റെ പരാമര്‍ശത്തെ കുറിച്ച് ചോദിച്ചപ്പോള്‍ കേരളം ഉണ്ടാക്കിയത് അവരാണെന്ന് പറഞ്ഞില്ലല്ലോയെന്നായിരുന്നു ആര്യാടന്റെ മറുപടി. മാലിന്യങ്ങളെ കൊണ്ട് ഹൈദരലി ശിഹാബ് തങ്ങള്‍ക്കു പോലും പൊറുതിമുട്ടിയിരിക്കുകയാണെന്നും ആര്യാടന്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല