ക്ലൂലസ് ബിയാട്രിസ് മവാമ്പ തന്റെ ഡ്രൈവിംഗ് പരിശീലനത്തിന്റെ ആദ്യ ദിവസം തന്നെ ക്രൂരമായ ഒരു റെക്കോര്‍ഡാണ് കരസ്ഥമാക്കിയിരിക്കുന്നത്. സ്റ്റിയറിംഗിന് മുന്നിലെത്തിയ ആദ്യദിനത്തില്‍ തന്നെ ഇവരുടെ വാഹനമിടിച്ച് ഒരു കൊച്ചു കുട്ടി കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതിനാല്‍ തന്നെ നാട്ടുകാര്‍ ഇവരെ പിടിച്ച് പൊലീസിലേല്‍പ്പിക്കുകയും ചെയ്തു. കോടതിയില്‍ കുറ്റം തെളിഞ്ഞതോടെ ഈ മുപ്പത്തിനാലുകാരിക്ക് രണ്ടു വര്‍ഷത്തെ തടവു ശിക്ഷയാണ് ലഭിച്ചിരിക്കുന്നത്.
ഭര്‍ത്താവിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ഡ്രൈവിംഗ് പഠിക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. സ്റ്റിയറിംഗ് എങ്ങനെ തിരിക്കണമെന്നോ ഗിയറിന്റെ പ്രവര്‍ത്തനമെന്താണെന്നോ എന്തിന് ബ്രേക്ക് പെഡല്‍ എവിടെയാണെന്നോ പോലും ഇവര്‍ക്കറിയുമായിരുന്നില്ല. വോക്‌സ്ഹാള്‍ അസ്ട്ര പാര്‍ക്കിംഗ് സ്ഥലത്തു നിന്നും പുറത്തേക്കിറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ അപകടമുണ്ടാക്കിയത്.
പുറത്തേക്കിറക്കാന്‍ ശ്രമിച്ച കാര്‍ തൊട്ടടുത്തുള്ള കളിസ്ഥലത്തേക്ക് പാഞ്ഞു കയറുകയായിരുന്നു. തുടര്‍ന്ന് കാറിനടിയില്‍പ്പെട്ട് സമീറ ഗ്രാന്‍ഡ് എന്ന ഒമ്പതുകാരി കൊല്ലപ്പെടുകയും 13ഉം 11ഉം വയസ്സുപ്രായമുള്ള രണ്ട് കുട്ടികളെ കാലിന് പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിക്കുകയും ചെയ്തു.
മൂന്ന് കുട്ടികളുടെ അമ്മയായ മവാമ്പ കോടതിയില്‍ അപകടകരമായ രീതിയില്‍ വാഹനമോടിച്ചെന്ന് സമ്മതിച്ചിട്ടുണ്ട്. ഭര്‍ത്താവ് ബ്രൈസിനെയും കുറ്റക്കാരനാക്കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും അവരുടെ മക്കളുടെ സംരക്ഷണം കണക്കിലെടുത്ത് വെറുതെ വിടുകയായിരുന്നു. എന്നാല്‍ ഇയാളുടെ ലൈസന്‍സ് അഞ്ച് വര്‍ഷത്തേക്ക് റദ്ദാക്കിയിട്ടുണ്ട്. സമീറയുടെ മാതാപിതാക്കളുടെ ആവശ്യപ്രകാരമാണ് ഇത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല