1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 5, 2012

പുതിയ ഭരണ സമിതി അധികാരത്തിലേറി ഏഴു മാസം കഴിഞ്ഞിട്ടും കലാമേള മാത്രം നടത്തി ” ജനഹൃദയങ്ങളില്‍ ഇടം പിടിച്ച ” യുക്മയും അതിന്‍റെ ” കര്‍മ നിരതരായ ” നേതൃത്വവും വീണ്ടും വിവാദ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നു.നാഷണല്‍ കലാമേളയ്ക്ക് ആതിഥ്യം വഹിച്ച സൌത്തെന്‍റ് മലയാളി അസോസിയേഷന് ഹാള്‍ വാടകയിനത്തില്‍ നല്‍കുവാനുള്ള തുക നല്‍കാതെ പറ്റിക്കുന്നതായി അസോസിയേഷന്‍ ഭാരവാഹികള്‍ തന്നെ ആരോപണം ഉന്നയിച്ചിരുക്കുകയാണ്.ഈ വിവരങ്ങള്‍ സംബന്ധിച്ച വ്യക്തമായ സൂചന എന്‍ ആര്‍ ഐ മലയാളിക്ക് ഡിസംബര്‍ മാസത്തില്‍ തന്നെ ലഭിച്ചിരുന്നു.സംഘടനാ തലത്തില്‍ ഇതിനൊരു പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഞങ്ങള്‍ അത് ജനങ്ങളിലേക്ക് എത്തിക്കാതിരുന്നത്.

യു കെ മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന സംഘാടകനും കലാകാരനുമായ കനെഷ്യസ് അത്തിപ്പോഴി പ്രസിഡന്റ് ആയ അസോസിയേഷന്‍ ആണ് സൌത്തെന്‍റ് മലയാളി അസോസിയേഷന്‍. .യുക്മയുടെ അവതരണ ഗാനത്തിന്‍റെ രചനയും സംഗീതവും നിര്‍വഹിച്ച അദ്ദേഹത്തിന്‍റെ സന്ഘ്ടനയ്ക്കിട്ടു തന്നെയാണ് യുക്മ നേതൃത്വം പണി കൊടുത്തിരിക്കുന്നത്.
യുക്മയുടെ രൂപീകരണകാലം മുതല്‍ ഈ ആശയത്തിന്‍റെ പ്രാധാന്യം മനസിലാക്കി സംഘടനാ നേതൃത്വത്തോട്‌ എല്ലാ വിധത്തിലും സഹകരിച്ചു നില്‍ക്കുന്ന സൌത്തെന്‍റ് അസ്സോസിയെഷനോട് യുക്മ കാണിക്കുന്ന നിഷേധാത്മക നിലപാടില്‍ അംഗ അസോസിയേഷനുകളില്‍ പ്രതിഷേധം ഉയരുകയാണ്.

സൌത്തെന്‍റ് മലയാളി അസോസിയേഷന്‍. പുറത്തിറക്കിയ പത്രക്കുറിപ്പ്‌ ചുവടെ കൊടുക്കുന്നു

യുക്മയുടെ മെമ്പര്‍ അസോസിയേഷന്‍ അംഗങ്ങളുടെ അറിവിലേക്ക്

യുക്മയുടെ രണ്ടാമത് നാഷണല്‍ കലാമേള 2011 നവംബര്‍ അഞ്ചാം തീയതി സൌത്തെന്റ് ഓണ്‍ സീയില്‍ നടത്തപ്പെടുകയുണ്ടായി. ഈ കലാമേളയുടെ പൂര്‍ണ ഉത്തരവാദിത്വം യുക്മയ്ക്കും ആതിഥേയത്വം വഹിച്ചത് യുക്മയുടെ ഈസ്റ്റാംഗ്ളിയ റീജിയനും സൌത്തെന്റ് മലയാളി അസോസിയേഷനും ചേര്‍ന്നായിരുന്നു.

കലാമേളയ്ക്കുശേഷം പരിപാടികള്‍ നടത്തപ്പെട്ട സ്കൂളില്‍നിന്നും പറഞ്ഞതിലും അധികസമയം സ്കൂള്‍ ഉപയോഗിച്ചതിനും സ്റേജുകള്‍ ഉപയോഗിച്ചതിനും എസ്.എം.എയ്ക്ക് സ്കൂള്‍ അധികൃതര്‍ അധിക ബില്‍ അയയ്ക്കുകയുണ്ടായി. ഈ വിവരം ഉടനെതന്നെ സ്കൂളില്‍നിന്നും അയച്ച ബില്‍ സഹിതം യുക്മയുടെ സെക്രട്ടറി ശ്രീ എബ്രഹാം ലൂക്കോസിന് അയച്ചുകൊടുക്കുകയുണ്ടായി. തുടര്‍ന്ന് യുക്മ സെക്രട്ടറിയുടെ മറുപടിയില്‍ ഈ അധികം വന്ന തുക യാതൊരുവിധത്തിലും എസ്.എം.എയ്ക്ക് ഒരു ബാധ്യത ആകില്ലെന്നും നാഷണല്‍ കമ്മിറ്റി കൂടി ഉടനെതന്നെ ഇതിനൊരു പരിഹാരം ചെയ്യാമെന്നും രേഖാമൂലം ഞങ്ങളെ അറിയിക്കുകയുണ്ടായി.

കലാമേള കഴിഞ്ഞു മൂന്നു മാസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇതിനിടയില്‍ നിരവധി തവണ യുക്മ സെക്രട്ടറിയുമായും പ്രസിഡന്റുമായും സൌത്തെന്റില്‍നിന്നും നിരവധി തവണ ബന്ധപ്പെടുകയുണ്ടായി. ഉടനെ പരിഹാരം ഉണ്ടാക്കാം എന്ന സ്ഥിരം മറുപടിതന്നെയാണ് എപ്പോഴും കിട്ടിക്കൊണ്ടിരിക്കുന്നത്. ഹാള്‍ വാടകയിനത്തില്‍ 812 പൌണ്ടിന്റെ ബാധ്യതയാണ് ഇതുമൂലം അസോസിയേഷന് ഉണ്ടായിരിക്കുന്നത്. കലാമേളയ്ക്ക് മുന്നോടിയായി യുക്മ പ്രസിഡന്റ് വര്‍ഗീസ് ജോണ്‍ സൌത്തെന്റ് മലയാളി അസോസിയേഷന്റെ ട്രസ്റി ബോര്‍ഡ് യോഗത്തില്‍ സംബന്ധിച്ച് ഈ കലാമേളയുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങള്‍ക്കും വളരെ കൃത്യമായി ഉത്തരം തന്നിരുന്നു.

അന്ന് യുക്മ സെക്രട്ടറി എബ്രഹാം ലൂക്കോസും മുന്‍ ജനറല്‍ സെക്രട്ടറി ബാല സജീവ്കുമാറും ഈസ്റാംഗ്ളിയ റീജിയന്‍ പ്രസിഡന്റ് കുഞ്ഞുമോന്‍ ജോബ്, സെക്രട്ടറി ബിനോ അഗസ്റിന്‍, മറ്റ് നാഷണല്‍ കമ്മിറ്റി അംഗങ്ങളും സന്നിഹിതരായിരുന്ന വേദിയില്‍ ഈ കലാമേളയുമായി ബന്ധപ്പെട്ട് യാതൊരുവിധ ബാധ്യതകളും എസ്.എം.എയ്ക്ക് ഉണ്ടാകുന്നതല്ല എന്ന് വളരെ വ്യക്തമായി പറഞ്ഞിരുന്നു. ഇന്ന് യുക്മയുടെ നേതാക്കന്മാര്‍ ടെലിഫോണ്‍ വിളിച്ചാല്‍പോലും എടുക്കാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. ഒരു നാഷണല്‍ സംഘടനയ്ക്ക് ചേര്‍ന്ന പ്രവര്‍ത്തിയാണോ ഇത്?

മൂന്നു മാസങ്ങള്‍ക്ക് മുമ്പ് യുക്മ സെക്രട്ടറിക്ക് അയച്ചുകൊടുത്ത, സ്കൂളില്‍നിന്നും വന്ന അധിക ബില്ലും മറ്റു ഡീറ്റെയില്‍സും വീണ്ടും ആവശ്യപ്പെട്ടുകൊണ്ട് സെക്രട്ടറി കത്തയച്ചിരിക്കുന്നു. കഴിഞ്ഞയാഴ്ച കൂടിയ എസ്.എം.എ. ട്രസ്റി ബോര്‍ഡ് യോഗം യുക്മയ്ക്ക് അന്ത്യശാസനംകൊടുത്തിരുന്നു. ഈ പ്രശ്നത്തില്‍ യുക്മ ഉടന്‍ പരിഹാരം കാണുന്നില്ലെങ്കില്‍ ഈ വിഷയം പൊതുജനസമക്ഷം അറിയിക്കുമെന്ന് യുക്മയുടെ ഭാരവാഹികളെയും ഒപ്പം സൌത്തെന്റിനോടൊപ്പം കലാമേളയ്ക്ക് ആതിഥേയം വഹിച്ച ഈസ്റാംഗ്ളിയ റീജിയണിലെ ഭാരവാഹികളെയും അറിയിക്കുകയുണ്ടായി.

പ്രിയപ്പെട്ട അസോസിയേഷന്‍ അംഗങ്ങളെ, സൌത്തെന്റ് മലയാളി അസോസിയേഷന്‍ ഒരു രജിസ്റേഡ് ചാരിറ്റബിള്‍ സംഘടനയാണ്. കഴിഞ്ഞ ഏഴു വര്‍ഷമായി എസ്.എം.എ. വളരെ സ്തുത്യര്‍ഹമായ സേവനമാണ് ഈ കമ്യൂണിറ്റിയില്‍ നല്‍കിവരുന്നത്. ഈ ഒരു സംഭവത്തോടുകൂടി എസ്.എം.എയ്ക്ക് സ്ഥിരമായി ലഭിച്ചുകൊണ്ടിരുന്ന സ്കൂള്‍ ഇനി കിട്ടുവാന്‍ ബുദ്ധിമുട്ടായി തീര്‍ന്നിരിക്കുന്നു.

യുക്മ നാഷണല്‍ കലാമേളയ്ക്ക് ആതിഥേയത്വംവഹിച്ചതുമൂലം എസ്.എം.എപോലുള്ള ഒരു ചാരിറ്റി സംഘടനയ്ക്ക് സാമ്പത്തിക ബാധ്യതയും ഒപ്പം മാനഹാനിയും ഉണ്ടായിരിക്കുന്നു. കഴിഞ്ഞ മൂന്നുമാസമായി ഈ വിഷയം പൊതുജനസമക്ഷം പറയാതിരുന്നത്, ഈ സംഘടനയെ ഞങ്ങള്‍ നിങ്ങളെ ഓരോരുത്തരെയുംപോലെ വളരെയധികം സ്നേഹിക്കുന്നതുകൊണ്ടാണ്. പക്ഷേ, ഇനിയും യുക്മയുടെ ഭരണതലപ്പത്തിരിക്കുന്ന നേതാക്കന്മാരുടെ ധാര്‍ഷ്ട്യം അനുവദിച്ചുകൊണ്ട് മുന്നോട്ടുപോകുക സാധ്യമല്ല.

ഈ വിഷമഘട്ടത്തില്‍ യു.കെയിലെ മുഴുവന്‍ മലയാളി അസോസിയേഷന്‍ ഭാരവാഹികളുടെയും അംഗങ്ങളുടെയും പിന്തുണ ഞങ്ങള്‍ അഭ്യര്‍ഥിക്കുകയാണ്. നാളെ ഈ അനുഭവം നിങ്ങള്‍ക്കുണ്ടാകാന്‍ ഇടവരരുത്. കൂടെ നില്‍ക്കുന്ന ഒരു മെമ്പര്‍ അസോസിയേഷനു യുക്മ മൂലമുണ്ടായ ഒരു ക്രൈസിസ് പരിഹരിക്കാന്‍ സാധിക്കാത്ത ഈ നേതാക്കന്മാര്‍ക്ക് യു.കെ മലയാളികളുടെ മുഴുവന്‍ ക്രൈസിസ് എങ്ങനെ പരിഹരിക്കാന്‍ സാധിക്കും?

സൌത്തെന്റ് മലയാളി അസോസിയേഷനുവേണ്ടി

പ്രസിഡന്റ് കനേഷ്യസ് അത്തിപ്പൊഴിയില്‍
സെക്രട്ടറി സാബു കുര്യാക്കോസ്

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.