ഒരു അമ്മയ്ക്കും അച്ഛനും ഇത്രത്തോളം ക്രൂരത തങ്ങളുടെ മക്കളോടു കാണിക്കാന്‍ പറ്റുമോ? മൂന്നു വയസുകാരനെ ഇരുട്ടുമുറിയില്‍ പൂട്ടിയിട്ടു പട്ടിണിക്കിട്ട ദമ്പതികളുടെ ക്രൂരത കണ്ടാല്‍ നമ്മള്‍ എല്ലാവരും ചോദിച്ചു പോകുന്ന സംശയമാണ് ഇതു. സാഡിസ്റ്റ് മനോഭാവം വെച്ച് പുലര്‍ത്തുന്ന അമ്മ ലിസ ബ്രൂക്സ്, രണ്ടാനച്ഛന്‍ തോമസ് ലൂവിസ് എന്നിവരാണ് കാറ്റും വെളിച്ചവും ചെല്ലാത്ത ഇരുട്ട് മുറിയില്‍ മൂന്നു വയസുകാരനായ മകനെ പട്ടിണിക്കിട്ട് പൂട്ടിയിട്ടത്. സൗത്ത് വെയില്സിലാണ് സംഭവം നടന്നത്. മരണത്തിന്റെ വക്കില്‍ നിന്നുമാണ് ഈ കുട്ടിയെ അവസാനം പോലീസ് കണ്ടെത്തി രക്ഷപ്പെടുത്തിയത്. വിശന്നു വളഞ്ഞ കുട്ടി സ്വന്തം മുടി വരെ പറിച്ചെടുത്ത് തിന്നത്രേ!
കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കുട്ടിയെ രക്ഷിച്ചവരില്‍ ഉള്‍പ്പെടുന്ന പോലീസുകാരില്‍ ഒരുവനായ ജെയിംസ് പറഞ്ഞത് ആ മുറി ഭീതി ജനിപ്പിക്കും വിധം ഇരുട്ട് നിറഞ്ഞതായിരുന്നു എന്നാണു. പുറത്തു മഞ്ഞു വീഴുന്നുണ്ടായതിനാല്‍ തണുത്ത് വിറച്ചാണ് കുട്ടി ആ മുറിയില്‍ കിടന്നിരുന്നത്. ഉണ്ടായിരുന്ന റെഡിയേറ്റര്‍ ഓഫ് ചെയ്തു വച്ചിരിക്കയായിരുന്നു. ആ മുറിയില്‍ ഒരു പാത്രവും ഫോര്‍ക്കും മാത്രമാണ് മറ്റു വസ്തുക്കളായി ഉണ്ടായിരുന്നത്. കുട്ടിയെ കണ്ടെത്തുമ്പോള്‍ മൃതപ്രാണനായിരുന്നു എന്നും ശ്വാസം വളരെ ദുര്‍ബലമായിരുന്നെന്നും പോലീസ് മൊഴി നല്‍കിയിട്ടുണ്ട്. ഇതുവരെയും കുട്ടിയുടെ പേര് പുറത്തു വിട്ടിട്ടില്ല.
കുട്ടിയെ പ്രവേശിപ്പിച്ച ആശുപത്രിയിലെ വാര്‍ഡ് മാനേജര്‍ പറയുന്നത് പോലീസ് കുറച്ചു മണിക്കൂറുകള്‍ കൂടി വൈകിയിരുന്നു എങ്കില്‍ കുട്ടി മരണത്തിന് കീഴടങ്ങുമായിരുന്നു എന്നാണു. അമ്മ ലിസ(25) രണ്ടാനച്ഛന്‍ ലൂവിസ്(22) പോന്റിപൂള്‍ സ്വദേശികളാണ്. ലയാസക്ക് മൂന്ന് വര്ഷം തടവും ലൂവിസിനു മൂന്നര വര്ഷം തടവുമാണ് കോടതി വിധിച്ചിരിക്കുന്നത്.
വര്‍ണശബളമായ കുട്ടിക്കാലത്തിന് പകരം ജീവിതം തന്നെ ഇരുട്ടിലാക്കാവുന്ന അനുഭവങ്ങളാണ് ഈ മാതാപിതാക്കള്‍ സമ്മാനിച്ചിരിക്കുന്നത് എന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. മൂന്നു വയസുകാരനെക്കൂടാതെ മറ്റൊരു കുട്ടി കൂടി ഈ ദമ്പതികള്‍ക്കുണ്ട്. കുട്ടികളുടെ സംരക്ഷണത്തിനായി ഇപ്പോള്‍ ധാരാളം സംഘടനകളും പുതിയ നിയമങ്ങളും നിലവില്‍ വന്നിട്ടുണ്ട് എന്നിട്ടും ബ്രിട്ടനില്‍ ഇത്തരം സംഭവങ്ങള്‍ നടക്കുന്നതാണ് സമൂഹത്തെ അത്ഭുതപ്പെടുത്തുന്നത്. രക്ഷിച്ചതിന് ശേഷം മൂന്നു വയസുകാരന്‍ ആര്‍ത്തിപിടിച്ചു ഭക്ഷണം കഴിച്ച വിധം എല്ലാവരെയും ഞെട്ടിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല