1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 27, 2021

കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ സംഘടിപ്പിച്ച “ട്യൂട്ടര്‍ വേവ്‌സ് ലണ്ടന്‍ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവല്‍” വിജയകരമായി 12 ആഴ്ച്ച പൂര്‍ത്തീകരിക്കുന്നു. 12-മത് ആഴ്ച്ച നടക്കുന്ന ഗ്രാന്റ് ഫിനാലെയില്‍ സിനിമാതാരവുംനര്‍ത്തകിയുമായ പാര്‍വതി ജയറാം മുഖ്യാതിഥിയായെത്തും. ജനുവരി 31 ഞായറാഴ്ച ഉച്ചകഴിഞ്ഞ് യു.കെ സമയംമൂന്നു മണി (ഇന്ത്യന്‍ സമയം 8:30 പിഎം) മുതല്‍ കലാഭവന്‍ ലണ്ടന്റെ ‘വീ ഷാല്‍ ഓവര്‍ കം’ ഫേസ്ബുക് പേജില്‍ലൈവ് ലഭ്യമാകും.

കോറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ഡൗണ്‍ ആരംഭിച്ചത് മുതല്‍ കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ആരംഭിച്ച വിവിധ കലാപരിപാടികളുടെ വെര്‍ച്വല്‍ പ്ലാറ്റ്ഫോമിലൂടെ ലോകശ്രദ്ധ നേടിയ ‘വീ ഷാല്‍ ഓവര്‍കം’ ടീംതന്നെയാണ് വര്‍ണ്ണാഭമായ ലണ്ടന്‍ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവലിനും നേതൃത്വം നല്‍കിയത്. ഭാരതീയകലയും സംസ്ക്കാരവും വിവിധങ്ങളായ നൃത്ത രൂപങ്ങളും ലോകത്തിനു മുന്‍പില്‍ അനുഭവ വേദ്യമാക്കുന്നതിനും അതിലെ പ്രഗത്ഭരെ അണിനിരത്തി ലോക്ഡൗണ്‍ കാലത്തും കലാപ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനവും പരിശീലനവും നല്‍കുന്നത് ലക്ഷ്യമിട്ടാണ് കലാഭവന്‍ ലണ്ടന്‍ ഈ അന്താരാഷ്ട്ര നൃത്തോത്സവം സംഘടിപ്പിച്ചത്. നവംബര്‍ 15 ഞായറാഴ്ച്ച പ്രശസ്ത സിനിമതാരവും നര്‍ത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമി ഉത്‌ഘാടനംനിര്‍വഹിച്ചത് മുതല്‍ മുടക്കമില്ലാതെ എല്ലാ ഞായറാഴ്ച്ചകളിലും പ്രമുഖരായ നര്‍ത്തകരെയും ഒപ്പം വളര്‍ന്ന് വരുന്നതാരങ്ങളെയുമൊക്കെ അണിനിരത്തി മലയാള കലാരംഗത്ത് തന്നെ ഈ കോവിഡ് കാലത്ത് ചരിത്രം സൃഷ്ടിച്ചഅന്താരാഷ്ട്ര നൃത്തോത്സവത്തിനാണ് ഈ വരുന്ന ഞായറാഴ്ച്ച ഗ്രാന്റ് ഫിനാലെയോടെ തിരശ്ശീല വീഴുന്നത്. വിവിധ ദിവസങ്ങളിലെത്തിയ സിനിമാതാരങ്ങളായ രചനാ നാരായണന്‍കുട്ടിയും പാരീസ് ലക്ഷ്മിയുംപരിപാടികള്‍ക്ക് മിഴിവേകി.

നര്‍ത്തകിയും സിനിമാ നടിയുമായ പാര്‍വതി ജയറാം വിശിഷ്ടാതിഥിയായി എത്തുന്നതോടെ ഇന്റര്‍നാഷണല്‍ഡാന്‍സ് ഫെസ്റ്റിവലിന് വളരെ മനോഹരമായ സമാപനമാണ് പ്രതീക്ഷിക്കപ്പെടുന്നത്. മൂന്നാം വയസ്സില്‍നൃത്തപഠനം ആരംഭിച്ച് നിരവധി പുരസ്ക്കാരങ്ങള്‍ വാങ്ങിക്കൂട്ടിയ അശ്വതി കുറുപ്പ്, ബാലചന്ദ്രമേനോന്‍സംവിധാനം ചെയ്ത 1986-ല്‍ “വിവാഹിതരെ ഇതിലെ” എന്ന സിനിമയിലൂടെയാണ്‌ അഭിനയ രംഗത്തേക്ക് കടന്നുവന്ന് പാര്‍വ്വതി എന്ന പേരില്‍ മലയാള സിനിമയിലെ അഭിവാജ്യഘടകമായി മാറിയത്. അറുപതോളും സിനിമകളിലഭിനയിച്ച് തിളങ്ങി നില്‍ക്കുമ്പോഴാണ് 1992ല്‍ നടന്‍ ജയറാമുമായിട്ടുള്ള വിവാഹം. അമൃതംഗമയ, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, തൂവാനത്തുമ്പികള്‍, വടക്കുനോക്കിയെന്ത്രം, കിരീടം എന്നീസിനിമകളിലേത് വളരെയധികം ശ്രദ്ധിയ്ക്കപ്പെട്ട വേഷങ്ങളാണ്.

വിവാഹ അഭിനയരംഗത്തു നിന്നും പിന്‍വാങ്ങി കുടുംബവുമായി കഴിയുകയായിരുന്ന പാര്‍വതി നൃത്തരംഗത്ത്സജീവമായി. മക്കളായ കാളിദാസന്‍, മാളവിക എന്നിവര്‍ക്കൊപ്പം ജീവിതത്തില്‍ വീട്ടമ്മയുടെയും ഭാര്യയുടെയുംഅമ്മയുടെയും റോളില്‍ തിളങ്ങുന്ന പാര്‍വതിയും ജയറാമിന്റെയും കുടുംബവിശേഷങ്ങള്‍ മലയാള മാധ്യമങ്ങള്‍ക്ക്എപ്പോഴും ആഘോഷമാണ്. നൃത്തം, നൃത്തപഠനം, ക്ലാസുകള്‍ എന്നിങ്ങനെ നൃത്തരംഗത്ത് സജീവമായി നിരവധിക്ഷേത്രങ്ങളിലും മറ്റുമായി പരിപാടി അവതരിപ്പിച്ചു. എല്ലാവരും ഒരുമിച്ച് വീട്ടിലുള്ളപ്പോള്‍ ജയറാമിന്റെ പാട്ടുംതന്റെ നൃത്തവും ചേര്‍ന്നാണ് ആഘോഷമാക്കുകയെന്ന് പല അഭിമുഖങ്ങളിലും പാര്‍വതിവെളിപ്പെടുത്തിയിട്ടുള്ളതാണ്. നൃത്ത വേദിയിലേക്ക് പാര്‍വതിയുടെ രണ്ടാം അരങ്ങേറ്റം 2010ല്‍ ചോറ്റാനിക്കരക്ഷേത്രത്തിലാണ് നടന്നത്. കലമാണ്ഡലം ക്ഷേമാവതിയുടെ ശിഷ്യത്വത്തില്‍ നൃത്തം അഭ്യസിച്ച പാര്‍വതിമോഹിനിയാട്ടത്തില്‍ ഗണപതി സ്തുതി, ചൊല്‍ക്കെട്ട്, ദേവീസ്തുതി, കൃഷ്ണസ്തുതി എന്നിവ അവതരിപ്പിച്ചാണ്രണ്ടാം അരങ്ങേറ്റം ഗംഭീരമാക്കിയത്. പിന്നീട് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതിഭവനില്‍, സൂര്യഡാന്‍സ് ആന്റ് മ്യൂസിക് ഫെസ്റ്റിനോടനുബന്ധിച്ച് നടത്തിയ മോഹനിയാട്ടം ഫെസ്റ്റിവലില്‍ പാര്‍വതി അവതരിപ്പിച്ചമോഹിനിയാട്ടവും ഏറെ ശ്രദ്ധ നേടിയതാണ്. പ്രമുഖ നര്‍ത്തകി പദ് മ സുബ്രഹ്മണ്യത്തിന്റെ ചാരിറ്റിഓര്‍ഗനൈസേഷനായ ബൈസാക്കിനു വേണ്ടി പദ് മ സുബ്രഹ്മണ്യത്തിന്റെ സാന്നിധ്യത്തില്‍ ചെന്നൈ ആല്‍വാര്‍പേട്ടിലുള്ള നാരദ ഗാനസഭയില്‍ ഒന്നര മണിക്കൂറോളും നീണ്ട് നിന്ന ലാസ്യാംഗ എന്ന പേരിലുളളമോഹിനിയാട്ടം പാര്‍വതി അവതരിപ്പിച്ചതും വളരെയേറെ അഭിനന്ദനങ്ങള്‍ക്കിടയാക്കി.

ഉദ്‌ഘാടന ദിവസം നൃത്ത പരിപാടി അവതരിപ്പിച്ച് തുടങ്ങിയത് ഇന്ത്യന്‍ രാഷ്ട്രപതിയില്‍ നിന്നും നിരവധി തവണഅവാര്‍ഡ് നേടിയിട്ടുള്ള സുപ്രശസ്ത മോഹിനിയാട്ടം നര്‍ത്തകി ജയപ്രഭ മേനോന്‍ (ഡല്‍ഹി) ആണ്. തുടര്‍ന്നുള്ള എല്ലാ ഞായറാഴ്ചകളിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രേക്ഷകരുടെ മനം കവര്‍ന്നപ്രശസ്തരായ നര്‍ത്തകി-നര്‍ത്തകന്മാര്‍ ‘വീ ഷാല്‍ ഓവര്‍കം’ എന്ന ഫേസ്ബുക് പേജിലൂടെ ലൈവായിവര്‍ണ്ണഭമായ നൃത്ത-നൃത്യങ്ങള്‍ അവതരിപ്പിച്ചു. പ്രൊഫഷണല്‍ നര്‍ത്തകരെ അണിനിരത്തുന്നതിനൊപ്പം തന്നെയു.കെയിലെ വളര്‍ന്നു വരുന്ന നര്‍ത്തകരെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള വിഭാഗം, വിവിധ പ്രാദേശികഅസോസിയേഷനുകളുടെ നൃത്തപ്രകടനങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയത് പരിപാടിയെ കൂടുതല്‍ ജനകീയവത്കരിക്കുന്നതിന് സഹായകരമാക്കി.

നവംബര്‍ 22 ഞായറാഴ്ച്ച നൃത്ത്യ സ്‌കൂള്‍ ഓഫ് ആര്‍ട്ട്, ബാംഗ്ലൂര്‍ ഡയറക്ടറും പ്രശസ്ത നര്‍ത്തകിയുമായഗായത്രി ചന്ദ്രശേഖറും സംഘവും അവതരിപ്പിച്ച വിവിധ നൃത്ത പരിപാടികളായിരുന്നു അരങ്ങേറിയത്. വില്‍ഷെയര്‍ മലയാളി അസോസിയേഷനില്‍ നിന്നുള്ള നര്‍ത്തകര്‍ അവതരിപ്പിച്ച ബോളിവുഡ് ഗ്രൂപ്പ്പെര്‍ഫോമന്‍സും ഇന്റര്‍നാഷണല്‍ വിഭാഗത്തിലെ റഷ്യന്‍ ഫോക് ഡാന്‍സും മനോഹരങ്ങളായിരുന്നു.

നവംബര്‍ 29 ഞായറാഴ്ച്ച പ്രശസ്ത ഒഡീസ്സി നര്‍ത്തകിയും മലയാളിയുമായ സന്ധ്യ മനോജ് ആണ് നൃത്തംഅവതരിപ്പിച്ചത്. വിവിധ രാജ്യാന്തര നൃത്തോത്സവങ്ങളില്‍ പങ്കെടുത്തിട്ടുള്ള സന്ധ്യ മലേഷ്യയിലെകോലാലംപൂരില്‍ നൃത്ത അക്കാദമി നടത്തുന്നു. ഡിസംബര്‍ 6ന് ദേശീയ-അന്താരാഷ്ട്ര തലത്തില്‍ വിവിധവേദികളില്‍ നൃത്തമവതരിപ്പിച്ച് പ്രേക്ഷകരുടെ മനംകവര്‍ന്ന ശ്രദ്ധേയമായ പ്രകടനം കാഴ്ച്ച വച്ചിട്ടുള്ള ദൂരദര്‍ശനിലെ ഗ്രേഡഡ് ആര്‍ട്ടിസ്റ്റുകളായ രഞ്ജിനി നായരും (കുച്ചിപ്പുടി) കൃഷ്ണപ്രിയ നായരും (മോഹിനിയാട്ടം) ചേര്‍ന്നാണ് മാസ്മരിക നൃത്തവിരുന്ന് അണിയിച്ചൊരുക്കിയത്. ടോപ്പ് ടാലെന്റ്സ് ബോളിവുഡ് വിഭാഗത്തില്‍കേരളത്തില്‍ നിന്നുള്ള പ്രമുഖ ഡാന്‍സ് ഗ്രൂപ്പും അക്കാഡമിയുമായ ജെ.എസ് ഡാന്‍സ്‌ കമ്പനി കോഴിക്കോട്‌അവതരിപ്പിച്ച ബോളിവുഡ് സിനിമാറ്റിക് നൃത്തങ്ങളും. ബ്ലൂമിങ് ടാലെന്റ്സ് വിഭാഗത്തില്‍ ലണ്ടനില്‍ നിന്നുള്ള കുഞ്ഞു നര്‍ത്തകനായ തേജസ്സ് ബൈജുവിന്റെ സോളോ പെര്‍ഫോമന്‍സുമായിരുന്നു.

ഡിസംബര്‍ 13ന് ഈ തലമുറയിലെ വൈവിധ്യമാര്‍ന്ന കുച്ചിപുടി കലാകാരി എന്ന് പേരെടുത്ത ബാംഗ്ലൂര്‍ നിന്നുള്ളരേഖ സതീഷ് ആണ് നൃത്തം അവതരിപ്പിച്ചത്. മൂന്ന് പതിറ്റാണ്ടായി കലയില്‍ പ്രാവീണ്യം നേടിയ രേഖ നര്‍ത്തകി, നൃത്താധ്യാപിക, കൊറിയോഗ്രാഫര്‍, യോഗ പ്രാക്ടീഷണര്‍ എന്നിങ്ങനെയൊക്കെ പ്രവര്‍ത്തിച്ചു വരുന്നു. ‘ഫിറ്റ്നസ്സ് ഡാന്‍സിലൂടെ’ എന്ന വിഷയത്തില്‍ രേഖ സംസാരിക്കുകയും ചെയ്തു. യു.കെയില്‍ നിന്നുള്ള മഞ്ജുസുനിലും സംഘവും അവതരിപ്പിച്ച ഫ്യൂഷന്‍ ഡാന്‍സും ഹൃദ്യമായി.

ഡിസംബര്‍ 20ന് കഥക് നൃത്തവുമായെത്തിയത് ഡല്‍ഹിയില്‍ നിന്നുള്ള പ്രശസ്ത നര്‍ത്തകി അശ്വനിസോണിയാണ്. യു.കെയില്‍ നിന്നുള്ള പ്രശസ്‌ത നര്‍ത്തകനും നൃത്ത അദ്ധ്യാപകനുമായ ഷിജു മേനോന്‍കൊറിയോഗ്രാഫി ചെയ്‌ത് യുക്‌മ കലാമേളകളില്‍ നിരവധി തവണ കലാതിലകമായിട്ടുള്ള സ്നേഹ സജിയുംആന്‍ മരിയ ജോജോയും ചേര്‍ന്ന് അവതരിപ്പിച്ച നൃത്തവും ഏറെ ശ്രദ്ധേയമായി. ഗ്രൂപ്പ് വിഭാഗത്തില്‍ യു.കെയില്‍നിന്നുള്ള ആമി ജയകൃഷ്‌ണന്‍ കൊറിയോഗ്രാഫി നിര്‍വഹിച്ച് ഇന്ത്യന്‍ രാഗാപ്രൊഡക്ഷന്‍സ് അവതരിപ്പിച്ചനൃത്തത്തില്‍ അണിനിരന്നത് സുമിത ജയകൃഷ്ണന്‍, ഹന്ന പി, ശ്രുതി ഭാഗ്യരാജ്, സുഹാനി ബെല്ലുര്‍, സാഗരികഅരുണ്‍, മൈത്രി റാം. നിഖിത എസ് നായര്‍ എന്നിവരാണ്.

പുതുവര്‍ഷത്തെ വരവേല്‍ക്കുവാന്‍ ഡിസംബര്‍ 27ന് അതിഥികളായെത്തിയത് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച നൃത്തരംഗത്തെ മലയാളി ദമ്പതിമാരായ നടിയും നര്‍ത്തകിയുമായ പാരിസ് ലക്ഷ്മിയും ഭര്‍ത്താവ്പ്രശസ്ത കഥകളി കലാകാരന്‍ പള്ളിപ്പുറം സുനിലുമാണ്. ബ്രിട്ടനിലെ അറിയപ്പെടുന്ന നര്‍ത്തകിയുംകോറോയോഗ്രാഫറും നൃത്താധ്യാപികയുമായ ചിത്രാ ലക്ഷ്മി അതിഥിയായെത്തുകയും അവരുടെ ‘ദക്ഷിണയു.കെ’ നൃത്തവിദ്യാലയത്തിലെ പ്രതിഭകളുടെ പ്രകടനമുണ്ടാവുകയും ചെയ്തു. പുതുവര്‍ഷത്തെ വരവേറ്റ്ആദ്യ ഞായറാഴ്ച്ച ജനുവരി 3ന് അതിമനോഹര ദൃശ്യവിരുന്നുമായിട്ടാണ് ലണ്ടന്‍ ഇന്റര്‍നാഷണല്‍ ഡാന്‍സ്ഫെസ്റ്റിവല്‍ എട്ടാം വാരത്തിലേയ്ക്ക് കടന്നത്. മൗറീഷ്യസിലും ഖത്തറിലും ഷാര്‍ജയിലുമൊക്കെ മോഹിനിയാട്ടംഅവതരിപ്പിച്ച് അന്താരാഷ്ട്ര വേദികളില്‍ ഏറെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുള്ള, തൃശൂര്‍ ജില്ലയിലെകൊരട്ടിയില്‍ സ്ഥിതി ചെയ്യുന്ന നൂപുര നൃത്ത കലാക്ഷേത്രത്തിന്റെ ഡയറക്ടറും പ്രധാന അധ്യാപികയുമായകലാമണ്ഡലം ഷീന സുനില്‍കുമാര്‍ വിവിധ നൃത്തരൂപങ്ങളുമായെത്തി.

ചടുലമായ നൃത്താവിഷ്കാരങ്ങളിലൂടെയു.കെ മലയാളികളുടെ ഹൃദയത്തിലിടം നേടിയ പ്രശസ്ത കൊറിയോഗ്രാഫര്‍ കലാഭവന്‍ നൈസ്, 2008ല്‍അംഗങ്ങളുമായി ആരംഭിച്ച തന്റെ സ്വപ്ന പദ്ധതിയായ “ഡ്രീം ടീം യുകെ” എന്ന സ്വിറ്റ്സര്‍ലന്‍ഡ്, അയര്‍ലന്‍ഡ്, സ്പെയിന്‍, യുകെ എന്നിവയുള്‍പ്പെടെ യൂറോപ്പിലുടനീളം വിവിധ ഷോകള്‍ അവതരിപ്പിച്ച കമ്പനിയിലെകലാകാരന്മാരുമായിട്ടാണ് ഡാന്‍സ് ഫെസ്റ്റിവലിനെത്തിയത്. വളര്‍ന്ന് വരുന്ന നൃത്തപ്രതിഭകളായ സ്വിന്‍ഡനില്‍നിന്നുള്ള എറിക നിധീരി, ശൈലജ ഉണ്ണികൃഷ്ണന്‍, സ്റ്റെന്‍സി റോയ്, റോഷ്നി പാലാട്ട് എന്നീ നാല്‍വര്‍സംഘത്തിന്റെ ആകര്‍ഷകമായ കഥക് ഫ്യൂഷന്‍ ഡാന്‍സ് ഹൃദ്യമായി ജനുവരി 10ന് ഭാരതത്തിലെ പ്രശസ്തമായഉത്സവങ്ങളെ അടിസ്ഥാനമാക്കിയുള്ള നൃത്തച്ചുവടുകളുമായി സ്വീഡനില്‍ നിന്നും സന്‍സ്കൃതി കലാകേന്ദ്രമെത്തി. ഹോളി, ഗണേഷ് ചതുര്‍ത്ഥി, ദീപാവലി, ഈദ്, ദുര്‍ഗ പൂജ, നവരാത്രി എന്നിവയുടെപ്രാധാന്യവും ചരിത്രവും ഉള്‍പ്പെടുന്ന ഇന്ത്യയിലെ പ്രധാന ഉത്സവങ്ങളെ ചിത്രീകരിക്കുന്ന “മകര സംസ്കൃതി” എന്ന സംഗീത യാത്രയാണ് സന്‍സ്കൃതിയുടെ ഡയറക്ടറുമായ അനന്യ ദത്ത, മലയാളിയും മുന്‍ മിസ് ഇന്ത്യഎത്നിക്, കൊച്ചിന്‍ കലാഭവനില്‍ നിന്നും നൃത്തപഠനം പൂര്‍ത്തിയാക്കിയതുമായ സജിനി സജയ് എന്നിവരുടെ നേതൃത്വത്തില്‍ കൊണ്ടുവന്നത്. ബ്രിസ്റ്റോളിലെ എല്ലാ പ്രാദേശിക മലയാളി അസോസിയേഷനുകളും ചേരുന്ന ബ്രിസ്‌ക, ബ്രിസ്റ്റോളിലെ മുഴുവന്‍ മലയാളികളേയും സംഘടിപ്പിച്ച് കോവിഡ്- 19ന്റെ പശ്ചാത്തലത്തില്‍നടത്തപ്പെട്ട വിര്‍ച്ച്വല്‍ ഓണാഘോഷത്തിന്റെ ഭാഗമായി ബ്രിസ്കയുടെ അംഗ സംഘടനയായ എയ്റ്റ് മലയാളിഅസോസിയേഷനിലെ കുട്ടികളുടെ മനോഹരമായ ബോളിവുഡ് ഡാന്‍സും ചാരുത പകര്‍ന്നു.

ജനുവരി 17ന് പ്രശസ്ത സിനിമാ താരവും അറിയപ്പെടുന്ന കുച്ചിപ്പുടി നര്‍ത്തകിയും മഴവില്‍ മനോരമയിലെമറിമായം എന്ന ആക്ഷേപ ഹാസ്യ പരിപാടിയില്‍ വല്‍സല എന്ന കഥാപാത്രം ചെയ്യുന്ന നടിയും കോമഡിഫെസ്റ്റിവല്‍ എന്ന പരിപാടിയുടെ അവതാരകയുമായ രചന നാരായണന്‍കുട്ടി എത്തിയത് ഫെസ്റ്റിവലിനെ ഏറെമികവുറ്റതാക്കി.

ജനുവരി 24ന് യു.കെയിലെ മായാലോക പ്രൊഡക്ഷന്‍സ് ലണ്ടന്‍ എന്ന കലാകേന്ദ്രത്തിന്റെ ഡയറക്ടര്‍ ആമിജയകൃഷ്‌ണന്‍, ബാംഗ്ലൂര്‍ നിന്നുള്ള രൂപേഷ് കെ.സി (അരങ്ങം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്ട്സ്), തിരുവനന്തപുരത്ത്നിന്നുള്ള സുപര്‍ണ്ണ എ.എസ് (ത്രേയോ സിസ്റ്റേഴ്സ്), ചെന്നൈ നിന്നുള്ള അരുണ്‍ സി. കുമാര്‍ (എഡ്ജ് സ്കൂള്‍ഓഫ് ഡാന്‍സ്) എന്നിവരുടെ ഉജ്ജ്വല നൃത്തങ്ങളായിരുന്നു ആവേശം പകര്‍ന്നത്. ഒപ്പം മാഞ്ചസ്റ്റര്‍ മലയാളിഅസോസിയേഷനിലെ പ്രതിഭകളുടെ വിവിധ നൃത്ത ഇനങ്ങളും.

യു.കെയിലെ പ്രമുഖ അവതാരകയും നര്‍ത്തകിയുമായ യുക്മ കലാഭൂഷണം ജേതാവ് ദീപ നായരാണ് കലാഭവന്‍ലണ്ടന് വേണ്ടി ഈ അന്താരാഷ്ട്ര നൃത്തോത്സവം കോര്‍ഡിനേറ്റ് ചെയ്‌ത്‌ അവതരിപ്പിക്കുന്നത്. എല്ലാഞായറാഴ്ചയും ഉച്ചകഴിഞ്ഞ് യു.കെ സമയം മൂന്നു മണി(ഇന്ത്യന്‍ സമയം 8:30 പിഎം) മുതല്‍ കലാഭവന്‍ ലണ്ടന്റെ’വീ ഷാല്‍ ഓവര്‍കം’ ഫേസ്ബുക് പേജില്‍ ലൈവ് ലഭ്യമായിരുന്നു.

കൊച്ചിന്‍ കലാഭവന്‍ സെക്രട്ടറി കെ.എസ്. പ്രസാദ്, കലാഭവന്‍ ലണ്ടന്‍ ഡയറക്ടര്‍ ജെയ്സണ്‍ ജോര്‍ജ്, ‘വീ ഷാല്‍ഓവര്‍ കം’ ഓര്‍ഗനൈസിംഗ് ടീം അംഗങ്ങങ്ങളായ റെയ്‌മോള്‍ നിധീരി, ദീപ നായര്‍, സാജു അഗസ്റ്റിന്‍, വിദ്യ നായര്‍തുടങ്ങിയവരാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.

യുകെയിലെ പ്രമുഖ എഡ്യൂക്കേഷന്‍ കമ്പനിയായ ട്യൂട്ടര്‍ വേവ്സ്, അലൈഡ് മോര്‍ട്ടഗേജ് സര്‍വീസസ്‌, മേരാകീബൊട്ടീക്, പാലാ, രാജു പൂക്കോട്ടില്, ഷീജാസ് ഐടി മാള്‍ കൊച്ചി, ‍രാജു പൂക്കോട്ടില്‍ തുടങ്ങിയവരാണ്അന്താരാഷ്ട്ര നൃത്തോത്സവം സ്പോണ്‍സര്‍ ചെയ്യുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.londonkalabhavan.com സന്ദര്‍ശിക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.