1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 8, 2012

ജേക്കബ് കോയിപ്പള്ളി

സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ശോഭ മങ്ങിയെങ്കിലും ആഭിജാത്യത്തിലും അന്തസ്സിലും തലയുയര്‍ത്തി നില്‍ക്കുന്ന ബ്രിട്ടീഷുകാരുടെ തല, ലജ്ജയാല് ‍കുനിഞ്ഞ ദിവസം ഇന്നേയ്ക്ക് ഒരു വര്ഷം മുന്‍പായിരുന്നു. സാമ്പത്തിക മാന്ദ്യം സമ്മാനിച്ച അസ്സ്വാരസ്യങ്ങളുടെ ആകെത്തുകയെന്നു വിശേഷിപ്പിക്കാമെങ്കിലും മാര്‍ക്ക് ടഗ്ഗന്‍ എന്ന കുപ്രസിദ്ധനെ വെടി വച്ചത്തിന്റെ തുടര്‍ച്ചയായി ആഗസ്റ്റ് ആറാം തീയതി ആരംഭിച്ച ലഹള സാമൂഹ്യവിരുദ്ധര്‍ ഏറ്റെടുത്തതോടെ അനിയന്ത്രിതമായിപ്പോയി എന്നതാണ് സത്യം. അതിന്റെ പ്രത്യാഘാതം നിര്‍ഭാഗ്യവശാല്‍ ഏല്ക്കേണ്ടി വന്ന ഒരു മലയാളി ദമ്പതികള്‍ തിരുവല്ല ഓടക്കന്‍പറമ്പില്‍ വീട്ടിലെ ബിനു മാത്യുവും ഭാര്യ ലിസി ബിനുവും അവരുടെ നടുക്കുന്ന ഓര്‍മ്മകള്‍ എന്‍ ആര്‍ ഐ മലയാളി / മലയാളിവിഷന്‍ ടീമിനോട് പങ്കുവച്ചു.

കുറെയേറെ വര്‍ഷങ്ങള്‍ വിവിധ അറബ് നാടുകളിലും മൂന്നോളം വര്ഷം ഇവിടെയും കഷ്ടപ്പെട്ട ത്തിന്റെ ബാക്കിയായി മിച്ചം പിടിച്ചു സൂക്ഷിച്ച ആകെ സമ്പാദ്യം ഒരുകച്ചവട പങ്കാളിയോടൊപ്പം മുതലിറക്കുമ്പോള്‍ ബിനു ആകെ ആഗ്രഹിച്ചത്‌ കൂടുതല്‍ സമയം കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ പറ്റുമല്ലോ എന്നായിരുന്നു.

ആഗസ്റ്റ് എട്ട്. അന്നും പതിവുപോലെ രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ചു മണി വരെ ക്രോയിഡോണിലെ വീ ബീ സ്റ്റോര്‍സ് നടത്തിപ്പിന് ശേഷം യൂണിവേര്സിറ്റി ഹോസ്പിറ്റലില്‍ നേഴ്സായ ഭാര്യ ലിസിയെ ഡ്യൂട്ടിക്ക് കൊണ്ടു പോകാന്‍ പോകുമ്പോഴാണ് കടയിരിക്കുന്ന ലണ്ടന്‍ റോഡില്‍ ഒരു വലിയ ജനക്കൂട്ടം രൂപപ്പെട്ടിരിക്കുന്നുവെന്നു കടയിലെ ജീവനക്കാരന്‍ പരിഭ്രാന്തനായി ഫോണ്‍ വിളിക്കുന്നത്‌. ഞാനിതാ വന്നുവെന്ന് ജോലിക്കാരനെ സമാധാനിപ്പിച്ചു താന്‍ വാന്‍ തിരിച്ചു കടയിലേക്കെത്തുമ്പോള്‍ കണ്ടത്, പത്തു നൂറാളുകള്‍ തന്റെ കടയില്‍ നിന്ന് എല്ലാം തകര്‍ക്കുകയും സാധനങ്ങള്‍ വാരിക്കെട്ടുകയും ചെയ്യുന്നതാണ്. “ആദ്യം ഒന്നമ്പരന്നുവെങ്കിലും വാനില്‍ നിന്നിറങ്ങി കടയിലേക്ക് പാഞ്ഞ എന്നെ ഒരു കൂട്ടം ആളുകള്‍ ബലമായി പിടിച്ചു നിര്‍ത്തി ആക്രമിച്ചു. കടയുടെ മുന്നിലേയ്ക്ക് ചേര്‍ത്ത് നിര്‍ത്തി എന്റെ മുഖത്തിടിച്ചു, എനിക്കൊന്നും മനസ്സിലായില്ല. എന്തിനാണവരെന്റെ കട കൊള്ളയടിക്കുകയും തകര്‍ക്കുകയും ചെയ്യുന്നതെന്നോ, എന്നെ ആക്രമിക്കുന്നതെന്നോ ഒരൂഹം പോലുമെനിക്കുണ്ടായിരുന്നില്ല. അവരെന്നെ ആക്രമിക്കുമ്പോള്‍ ഞാനെതിര്ത്തില്ല, അല്ല, എനിക്കാവുമായിരുന്നില്ല. ആകെ അന്ധാളിപ്പിലായിരുന്നു ഞാന്‍. ഞാനാകെ ചോദിച്ചത്, നിങ്ങളെന്തിനെന്നെ ഉപദ്രവിക്കുന്നു? എന്ന് മാത്രമായിരുന്നു. അവരെന്നെ കൊല്ലാന്‍ പോകുന്നു എനാണ് ഞാന്‍ കരുതിയത്‌” ബിനു പറഞ്ഞു.

“ആദ്യത്തെ അമ്പരപ്പില്‍ എന്റെ ശ്വാസം നിലച്ചുപോയിരുന്നുവെങ്കിലും എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായപ്പോള്‍, ഞങ്ങളുടെ ജീവിത സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെടുന്നു എന്ന തിരിച്ചറിവിന്റെ ആ നിമിഷം, ഞാന്‍ ബിനുവിന്റെ സഹായത്തിനോടിച്ചെന്നു. അപ്പോള്‍ അവരില്‍ ചിലര്‍ എന്നെയും ആക്രമിക്കാന്‍ തുടങ്ങി. ഞാന്‍ രാത്രി ഷിഫ്റ്റിനു പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. പക്ഷെ എന്റെ യൂണിഫോമിനെപ്പോലും അവര്‍ മാനിച്ചില്ല. അതില്പ്പിന്നീട്, ഇന്നും രണ്ടോ മൂന്നോ പേര്‍ നേര്‍ക്ക്‌ വരുന്നത് കണ്ടാല്‍ എനിക്ക് ഭയമാണ്.” ശ്രീമതി ബിനു ഭയം നിറഞ്ഞ മുഖത്തോടെ കൂട്ടിച്ചേര്‍ത്തു.

അക്രമികള്‍ തങ്ങളെ ഉപേക്ഷിച്ച് അടുത്ത കടയിലേയ്ക്ക് മാറിയപ്പോഴാണ് ഒരു വിധത്തില്‍ കടയടച്ചു ദമ്പതികള്‍ക്ക് മാറാനായത്. എന്നാല്‍, അത് കൂടുതല്‍ ദുരന്തവഴിയിലേക്കാണെന്ന് അപ്പോളവരറിഞ്ഞിരുന്നില്ല. ഇടി കൊണ്ടു രക്തമൊലിക്കുന്ന മുഖവും ചീന്തിയെറിഞ്ഞ കുപ്പായവുമായി ബിനു വാനില്‍ കയറി. ലിസിയെ ഡ്യൂട്ടിയ്ക്കു വിട്ടിട്ടു ബാക്കി നോക്കാം എന്ന് കരുതി മുന്നോട്ട് നീങ്ങിയ വാനിന്റെ പിന്നാലെ അക്രമികള്‍ വരുന്നത് കണ്ടെങ്കിലും ബിനു, ചുവന്ന ട്രാഫിക് ലൈറ്റില്‍ വാന്‍ നിറുത്തി! അതൊരു കടംകഥ പോലെ തോന്നുകയാണ് ബിനുവിന്. ഇപ്പോഴും എന്തിനു വണ്ടി നിറുത്തി എന്ന് ബിനുവിനു മനസ്സിലാകുന്നില്ല. ഒരുപക്ഷെ, ഇതില്‍കൂടുതല്‍ എന്ത് സംഭവിക്കാന്‍ എന്ന തോന്നലാവാം… അല്ലെങ്കില്‍ ചേതന മരവിച്ചത്‌ കൊണ്ടാകാം…. ?

തങ്ങളെ വാനില്‍ നിന്നും വലിച്ചിറക്കുന്നതിനു മുന്‍പുതന്നെ അവരെന്റെ പോക്കറ്റില്‍ നിന്ന് കടയുടെ വരുമാനപ്പണം മുഴുവനെടുത്തിരുന്നു. അത് കൊടുത്തില്ലെങ്കില്‍ വാനിലിട്ടു ജീവനോടെ രണ്ടാളെയും കത്തിക്കുമെന്നായിരുന്നു ആക്രോശം. പണമെടുത്തിട്ടവര്‍ വാനിനു തീവച്ചു. “രക്ഷപെട്ടോടി റോഡിന്റെ മറുഭാഗത്തെ കെട്ടിടത്തിലഭയം തേടിയ ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞത് അതിലും ഹൃദയഭേദകമായ കാഴ്ചയായിരുന്നു. ഞങ്ങളുടെ കട രണ്ടാമതും തല്ലിത്തകര്‍ത്തു, കുത്തിത്തുറന്ന് മുഴുവനായും കൊള്ളയടിക്കപ്പെടുന്നതാണ്”. അത് പറയുമ്പോള്‍ ബിനുവിന്റെയും ലിസിയുടെയും സ്വരമിടറിയിരുന്നു.

ബിനുവിന്റെ ശരീരം ഇഞ്ചപോലെ ചതയ്ക്കപ്പെട്ടിരുന്നെങ്കിലും, പുറത്തെ അതി ഭീകരമായ കാഴചകള്‍ ലിസിയിലെ നേഴ്സിന്റെ കര്‍ത്തവ്യബോധമുണര്‍ത്തി. ഇത്രയധികം അത്യാഹിതങ്ങള്‍, ആശുപത്രിയില്‍ എത്തിപ്പെടാനാകാത്ത നേഴ്സുമാര്‍…. എങ്ങിനെയും ആശുപത്രിയിലെത്താനായിരുന്നു ലിസി ശ്രമിച്ചത്.
ആ നടുക്കുന്ന ഓര്‍മ്മകള്‍ക്കിടയിലും നനുത്ത സ്പര്‍ശം പോലെ അധികാരികളുടെ, പ്രത്യേകിച്ചും പോലീസ് വൃത്തങ്ങളിലെ ഉന്നത അധികാരികളുടെ നിരന്തര അന്വേഷണവും സഹായവും ബിനുവിനും ലിസിക്കും അതിശയമായിരുന്നു. ഭയം മുറ്റിയ മനസ്സും, വിറയ്ക്കുന്ന ശരീരവുമായി എല്ലാംമതി, ഇനി നാട്ടിലേയ്ക്ക് എന്ന് തീരുമാനിച്ചവരെ ആശ്വസിപ്പിച്ച അധികാരികള്‍ ആശ്വാസം നല്‍കി. ഒരു വര്‍ഷമായെങ്കിലും അവരിപ്പോഴും എല്ലാം കൃത്യമായി അറിയിക്കുകയും സഹായ വാഗ്ദാനം തുടര്‍ച്ചയായി നല്കുകയുംചെയ്യുന്നുണ്ടെന്നു പറയുമ്പോള്‍ നന്ദിയുടെ തിളക്കമായിരുന്നു ദാമ്പതികളുടെ കണ്ണുകളില്‍ കണ്ടത്.

സ്ഥാപനം വീണ്ടും തുറന്നെങ്കിലും തുടരാനുള്ള മാനസികാവസ്ഥയില്ലാത്തതിനാല്‍ അതില്‍നിന്നു മാറി. ഇപ്പോള്‍ പഴയ ഐ റ്റി മേഖലയില്‍ പാര്‍ട്ട്‌ ടൈം ജോലി ചെയ്യുന്നു. ഇനി ഒരു മുഴുസമയ ജോലിയുടെ സമ്മര്‍ദ്ദം കൂടെ താങ്ങാന്‍ തനിക്കാവുമോ എന്ന് ബിനുവിനു ഇപ്പോഴും സംശയം. എല്ലാവര്‍ക്കും നന്മകള്‍ നേര്‍ന്നു, ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന് പൂര്‍വ്വികര്‍ പഠിപ്പിച്ച ശാന്തി മന്ത്രമോതി, ജീവിതം പച്ചപിടിപ്പിക്കാന്‍, വീണ്ടും ഓട്ടം ഓടാനുള്ള തയ്യാറെടുക്കുകയാണ് ബിനുവും ലിസിയും. ആര്‍ക്കും ഇതുപോലെ ഇനിയൊരിക്കലും ഉണ്ടാകരുതേ എന്ന പ്രാര്‍ത്ഥനയോടെ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.