1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 18, 2012

ഡീസല്‍ വിലവര്‍ദ്ധനവിന്റെ പശ്ചാത്തലത്തില്‍ ലോറി ഉടമകള്‍ സമരം പ്രഖ്യാപിച്ചതിന് പിന്നാലെ ബസ് ഉടമകളുടെ കോര്‍ഡിനേഷന്‍ കമ്മിറ്റി ഒക്‌ടോബര്‍ ഒന്നുമുതല്‍ സമരം പ്രഖ്യാപിച്ചു. സെപ്തംബര്‍ 25 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കാന്‍ കൊച്ചിയില്‍ ചേര്‍ന്ന ബസ് ഉടമ സംഘടനകളുടെ കോണ്‍ഫെഡറേഷന്‍ യോഗവും തീരുമാനിച്ചിട്ടുണ്ട്. ഞായറാഴ്ച അര്‍ധരാത്രി മുതലാണ് കേരളത്തില്‍ ലോറി സമരം ആരംഭിച്ചത്.

ഡീസല്‍ വില വര്‍ധിപ്പിച്ച സാഹചര്യത്തില്‍ ലോറി വാടക മുപ്പത് ശതമാനം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഓള്‍ കേരള സ്‌റ്റേറ്റ് ലോറി ഓണേഴ്‌സ് വെല്‍ഫെയര്‍ ഫെഡറേഷന്‍ സമരം ആരംഭിച്ചത്. ഈ ആവശ്യം അംഗീകരിച്ചാല്‍ ലോറികള്‍ നിരത്തിലിറങ്ങുമെന്നും അല്ലാത്തപക്ഷം സമരം തുടരുമെന്നുമാണ് ഓള്‍ കേരള സ്‌റ്റേറ്റ് ലോറി ഓണേഴ്‌സ് വെല്‍ഫെയര്‍ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ കെ ഹംസ അറിയിച്ചത്.

ഡീസല്‍ വില വര്‍ധനയ്ക്കു മുന്‍പു തന്നെ 30 ശതമാനം ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് ലോറി ഓണേഴ്‌സ് വെല്‍ഫയര്‍ ഫെഡറേഷന്‍ നോട്ടീസ് നല്‍കിയതാണ്. നോട്ടീസ് നല്‍കി രണ്ടാഴ്ച കഴിഞ്ഞിട്ടും മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് ലോറി ഉടമകള്‍ സമരം ആരംഭിച്ചത്. ഒരു ലക്ഷത്തി പതിനായിരത്തോളം ലോറികളാണ് സംസ്ഥാനത്തുള്ളത്. ഇതിന്റെ രണ്ടിരട്ടിയിലധികം ലോറികള്‍ കേരളത്തിന് പുറത്തുനിന്നും ചരക്കുമായി ഇങ്ങോട്ട് വരുന്നുണ്ട്. അന്യസംസ്ഥാന ലോറികളെ തല്‍ക്കാലം തടയില്ലെന്ന് സമരക്കാര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം ഈ സമരവുമായി സഹകരിക്കണമെന്ന് അന്യസംസ്ഥാന ലോറിക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.

ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍എ അനിശ്ചിതകാല സമരം ഒന്നാം തീയതി മുതല്‍ തുടങ്ങുമെന്നാണ് ബസ് ഓപ്പറേറ്റേഴ്‌സ് കോ ഓഡിനേഷന്‍ കമ്മിറ്റി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മിനിമം ചാര്‍ജ്ജ് ഏഴുരൂപയാക്കണമെന്നും വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ പുതുക്കിയ നിരക്കിന്റെ അമ്പത് ശതമാനം വേണമെന്നുമാണ് ബസ് ഉടമകളുടെ ആവശ്യം. സ്വകാര്യ ബസുകള്‍ക്കായി പ്രത്യേക വ്യവസായനയം രൂപീകരിക്കണമെന്നും ബസുടമകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.