ലണ്ടന്‍: ഒരാള്‍ക്ക് ഒരു ജോലി കിട്ടാന്‍ എന്തൊക്കെ കടമ്പകള്‍ കടക്കണം. എത്ര യോഗ്യതയുണ്ടായാലും അല്‍പം ഭാഗ്യം കൂടി വേണം തൊഴില്‍ ലഭിക്കാന്‍. എന്നാല്‍ ബ്രിട്ടനിലെ ഒരു തൊഴില്‍ പേജില്‍ വന്ന പരസ്യം കണ്ടാല്‍ നമുക്ക് തോന്നും വേറൊരു യോഗ്യതയും ഇല്ലെങ്കിലും നല്ല ഭാഗ്യം മാത്രമുണ്ടായാല്‍ മതി ജോലി കിട്ടാനെന്ന്. ജാക്പോട് ജേതാവിനെ ആവശ്യമുണ്ടെന്നാണ് പരസ്യം. എന്നാല്‍ ഇതിന്റെ വേതനം 6,12,749 പൗണ്ടാണ്. അതും ഒരിക്കലത്തേക്ക് മാത്രം. അതേ ലോട്ടറിയടിച്ച വ്യക്തിയെ തേടി നാഷണല്‍ ലോട്ടറി ലൈന്‍ നല്‍കിയ പരസ്യമാണ് ഈ തൊഴില്‍ പരസ്യം. ഓഗസ്റ്റിലാണ് 2, 4, 7, 27, 43, 44 എന്നീ നമ്പരിലുള്ള ടിക്കറ്റിന് ലോട്ടറിയടിച്ചതെങ്കിലും ആരും ഇനിയും സമ്മാനത്തുക കൈപ്പറ്റാന്‍ എത്താത്തതിനെ തുടര്‍ന്നാണ് ലോട്ടറി കമ്പനിക്കാര്‍ ഇത്തരത്തിലൊരു പരസ്യം നല്‍കിയത്.
മുന്‍പരിചയം ആവശ്യമില്ലെന്നും ഈ നമ്പരിലുള്ള ടിക്കറ്റുമായി എത്തുന്നവര്‍ക്ക് ജീവിത വിജയം ലഭിക്കുമെന്നുമാണ് പരസ്യം നല്‍കുന്ന മറ്റു വാഗ്ദാനങ്ങള്‍. 2012 ഫെബ്രുവരി ആറിന് വൈകിട്ട് അഞ്ചു മണിക്കു മുമ്പ് ടിക്കറ്റുമായി എത്തണമെന്നും പരസ്യം ആവശ്യപ്പെടുന്നു. അപൂര്‍വമായിട്ടാണ് ലോട്ടറി അടിച്ച ടിക്കറ്റുമായി ആരും എത്താത്തതെന്നും എന്നാല്‍ ആരുടെയോ കയ്യില്‍ ആ ടിക്കറ്റ് ഇരിപ്പുണ്ടെന്ന് തങ്ങള്‍ക്കുറപ്പാണെന്നും നാഷണല്‍ ലോട്ടറി വക്താക്കള്‍ പറയുന്നു. ഓഗസ്റ്റില്‍ ടിക്കറ്റെടുത്ത എല്ലാവരും തങ്ങളുടെ ടിക്കറ്റുകള്‍ ഒരിക്കല്‍ കൂടി പരിശോധിക്കുക എന്നതാണ് നാഷണല്‍ ലോട്ടറി ഈ പരസ്യം കൊണ്ട് ഉദ്ദേശിക്കുന്നത്. ഏയ്ഞ്ജല ഡേവ്‌സ് എന്ന നാല്‍പ്പത്തിമൂന്നുകാരിയും ഭാവി വരന്‍ ഡേവുമാണ് അവസാനം ലോട്ടറിയിലൂടെ ദശലക്ഷ പ്രഭുക്കളായത്. കഴിഞ്ഞ മാസത്തെ ലോട്ടറിയില്‍ ഇവര്‍ക്ക് 10.1 കോടി പൗണ്ടാണ് സമ്മാനം ലഭിച്ചത്. ഇതോടെ ഇവര്‍ ബ്രിട്ടനിലെ 702ാമത്തെ കോടീശ്വരരായി. സന്തോഷവാന്മാരായ ഈ ദമ്പതികളുടെ ബന്ധത്തെക്കുറിച്ച് ഉടന്‍ തന്നെ മോശം വാര്‍ത്തകളുമിറങ്ങി.
ലോട്ടറിയടിച്ചതോടെ അമ്മ തന്നെയും 44കാരനായ പിതാവ് ജോണിനെയും ഒഴിവാക്കി മറ്റൊരാള്‍ക്കൊപ്പം ജീവിക്കുകയാണെന്ന വാദമുയര്‍ത്തി ഇവരുടെ മകന്‍ സ്റ്റീവന്‍ ലീമാന്‍ എന്ന 17കാരനാണ് രംഗത്തെത്തിയത്. ജൂലൈയില്‍ കോളിന്‍, ക്രിസ്റ്റീന വെയര്‍ ദമ്പതികളായിരുന്നു ലോട്ടറിയിലൂടെ കോടീശ്വരരായത്. 16.1 കോടി പൗണ്ടാണ് ഇവര്‍ക്ക് ലഭിച്ചത്. ഇതുവരെ ലോട്ടറിയിലൂടെ ഏറ്റവും കൂടിയ തുക ലഭിച്ചിരിക്കുന്നതും ഇവര്‍ക്കാണ്.
ചെറിയ തുകകള്‍ കാര്യമില്ലെന്ന അവസ്ഥയും ലോട്ടറിയിലില്ല. കാരണം ലോട്ടറിയുടെ ദുരന്തങ്ങളുണ്ടായിരിക്കുന്നതെല്ലാം ചെറിയ തുകകള്‍ ലഭിച്ചവര്‍ക്കാണ്. 92 ലക്ഷം പൗണ്ട് ലോട്ടറിയടിച്ച മിഖായേല്‍ കരോള്‍ എന്ന പത്തൊമ്പതുകാരന്‍ പിന്നീട് മദ്യത്തിനടിപ്പെട്ട് തുടര്‍ച്ചയായി ആത്മഹത്യാശ്രമങ്ങള്‍ നടത്തിയിരുന്നു. ഇരുപത് ലക്ഷം പൗണ്ട് ലോട്ടറിയടിച്ച 17കാരനായ സ്റ്റുവര്‍ട് ഡോണ്‍ലി തന്റെ വീട്ടില്‍ ഒറ്റയ്ക്ക് കഴിഞ്ഞു കൂടിയ ശേഷം 29ാം വയസ്സില്‍ വിഷാദ രോഗം മൂലം മരിച്ചത് ലോട്ടറിയുടെ മറ്റൊരു ദുരന്തമായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല