1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 30, 2021

ആന്റണി മിലൻ സേവ്യർ (മെയ്ഡ്സ്റ്റോൺ): മാനം തെളിഞ്ഞു നിന്നു, മഴമേഘങ്ങൾ കണ്ണടച്ചു. രസം കൊല്ലിയായി മഴയെത്തുമെന്നു തോന്നിപ്പിച്ചെങ്കിലും പ്രകൃതി കനിഞ്ഞു നൽകിയ പത്തു മണിക്കൂറിൽ ഏഴു മാച്ചുകൾ പൂർത്തിയാക്കി മെയ്ഡ്സ്റ്റോൺ മലയാളി അസോസിയേഷൻ ഇദംപ്രഥമമായി സംഘടിപ്പിച്ച ഓൾ യുകെ ടി 20 ക്രിക്കറ്റ് ടൂർണമെന്റിന് ആവേശോജ്വല പരിസമാപ്തി. ജൂൺ 27 ഞായറാഴ്ച മെയ്ഡസ്റ്റണിലെ ഓക്ക് വുഡ് പാർക്ക് ഗ്രൗണ്ടിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി എട്ടു ടീമുകൾ കൊമ്പുകോർത്ത ടൂർണമെന്റിൽ കൊമ്പൻസ് ഇലവൻ വിജയകിരീടം ചൂടി.

ഫൈനലിൽ സഹൃദയ റോയൽസ് ക്രിക്കറ്റ് ക്ലബ് ടൺ ബ്രിഡ്ജ്‌വെൽസിനെതിരെ 61 റൺസിന്റെ ആധികാരിക വിജയം കാഴ്ചവച്ചാണ് കൊമ്പൻസ് ചാമ്പ്യന്മാരായത്. മൂന്നു മത്സരങ്ങളിൽ നിന്നും 104 റൺസ് കുറിച്ച കൊമ്പൻസിന്റെ അമൽ ബേബി ബെസ്ററ് ബാറ്റ്സ്മാൻ അവാർഡും ഫൈനലിൽ നേടിയ 45 റൺസിന്റെ മികവിൽ മാൻ ഓഫ് ദി മാച്ച് അവാർഡും കരസ്ഥമാക്കി. മൂന്നു മത്സരങ്ങളിൽനിന്നും 7 വിക്കറ്റ് നേടിയ സഹൃദയയുടെ അബി കൃഷ്ണ ബെസ്ററ് ബൗളർക്കുള്ള അവാർഡ് നേടി.

ആവേശം വാനോളമുയർന്ന രണ്ടു സെമിഫൈനലുകളും കാണികൾക്ക് അത്യപൂർവമായ കളിമുഹൂർത്തങ്ങളാണ് സമ്മാനിച്ചത്. ഓക്ക് വുഡ് പിച്ചിൽ നടന്ന ആദ്യ സെമിഫൈനലിൽ ആതിഥേയരായ മെയ്ഡ്സ്റ്റോൺ സൂപ്പർ കിങ്‌സ് എ ടീമിനെ സൂപ്പർ ഓവറിൽ പരാജയപ്പെടുത്തിയാണ് സഹൃദയ റോയൽസ് ഫൈനലിൽ പ്രവേശിച്ചത്. സെന്റ് അഗസ്റ്റിൻസ് പിച്ചിൽ നടന്ന രണ്ടാം സെമിഫൈനലിൽ ഫൈനലിനെ വെല്ലുന്ന തകർപ്പൻ പ്രകടനം കാഴ്ച വച്ചാണ് യുകെയിലെ തന്നെ ശക്തരായ ഫീനിക്സ് നോർത്താംപ്ടനെ കൊമ്പൻസ് മുട്ടുകുത്തിച്ചത്.

ഗ്രൂപ്പ് സ്റ്റേജിൽ നടന്ന മത്സരങ്ങളിൽ ജില്ലിങ്‌ഹാം വാരിയേഴ്സിനെ പരാജയപ്പെടുത്തി മെയ്ഡ് സ്റ്റോൺ സൂപ്പർ കിങ്‌സ് എയും, മെയ്ഡ് സ്റ്റോൺ സൂപ്പർ കിങ്‌സ് ബി ടീമിനെ പരാജയപ്പെടുത്തി സഹൃദയ ടൺബ്രിഡ്ജ് വെൽസും ചിൽസ് ആഷ്‌ഫോർഡിനെ പരാജയപ്പെടുത്തി ഫീനിക്സ് നോർത്താംപ്ടനും ബാസിൽഡൺ ചലഞ്ചേഴ്സിനെ പരാജയപ്പെടുത്തി കൊമ്പൻസ് ഇലവനും
സെമി ഫൈനലിൽ കടന്നു.

മെയ്ഡ് സ്റ്റോൺ ഓക്ക് വുഡ് പാർക്ക് ഗ്രൗണ്ടിൽ ഞായറാഴ്ച രാവിലെ 8.30 ന് തുടക്കം കുറിച്ച ടൂർണമെന്റിന്റെ ഉദഘാടനം എംഎംഎ പ്രസിഡന്റ് രാജി കുര്യൻ നിർവഹിച്ചു. ടൂർണമെന്റിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി രൂപം കൊടുത്ത ഓർഗനൈസിംഗ് കമ്മിറ്റിയുടെ മികവിൽ മഴയെത്തുന്നതിനു മുമ്പേ ഫൈനൽ ഉൾപ്പെടെ ഏഴു മത്സരങ്ങളും സമയബന്ധിതമായി നടത്തുവാൻ സംഘാടകർക്ക് സാധിച്ചു. ഓക്ക് വുഡ് പാർക്ക് ഗ്രൗണ്ടിലും സെന്റ്.അഗസ്റ്റിൻസ് ഗ്രൗണ്ടിലുമായി ഒരേസമയം പുരോഗമിച്ചു കൊണ്ടിരുന്ന മത്സരങ്ങളിൽ ഇംഗ്ലീഷ് അമ്പയർമാർ കളി നിയന്ത്രിച്ചു.

എംഎംഎ പ്രസിഡന്റ് രാജി കുര്യൻ, സെക്രട്ടറി ബിനു ജോർജ്, ട്രഷറർ രെഞ്ചു വർഗീസ്, കമ്മറ്റി അംഗങ്ങളായ ബൈജു ഡാനിയേൽ, ഷാജി ജെയിംസ്, ആന്റണി സേവ്യർ, ലിൻസി കുര്യൻ, സ്നേഹ ബേബി എന്നിവർ മത്സരങ്ങളുടെ നടത്തിപ്പിന് നേതൃത്വം നൽകിയപ്പോൾ ടൂർണമെന്റ് ഓർഗനൈസിംഗ് കമ്മറ്റി അംഗങ്ങളായ ജോഷി, ലാലിച്ചൻ, എബി, സിസാൻ, അലക്സ്, ജോ, റോയ്, ജോൺസൺ, ഫ്രഡറിക്, ബിനു, മനോജ് എന്നിവരുടെ പ്രശംസനീയമായ പ്രവർത്തനം മത്സരത്തെ മികച്ച നിലവാരത്തിലേക്കുയർത്തി.

എംഎംഎയുടെ വനിതാ വിഭാഗമായ മൈത്രിയുടെ നേതൃത്വത്തിൽ രാവിലെ മുതൽ വൈകിട്ട് വരെ കാണികൾക്കും കളിക്കാർക്കുമായി മിതമായ നിരക്കിൽ ഭക്ഷണവും ക്രമീകരിച്ചിരുന്നു. എംഎംഎയുടെ യൂത്ത് വിങ്ങായ എംവൈസിയുടെ അംഗങ്ങൾ മത്സരങ്ങൾക്കാവശ്യമായ ക്രമീകരണങ്ങളുമായി രണ്ടു ഗ്രൗണ്ടിലുമായി മികവുറ്റ പ്രവർത്തനമാണ് കാഴ്ച വച്ചത്.

ജേതാക്കൾക്ക് അലൈഡ് ഫിനാൻഷ്യൽ സർവീസസ് സ്പോൺസർ ചെയ്ത 750 പൗണ്ടും എംഎംഎ നൽകിയ എവർ റോളിംഗ് ട്രോഫിയും ലഭിച്ചു. രണ്ടാം സ്ഥാനത്തെത്തിയ ടീമിന് പോൾ ജോൺ സോളിസിറ്റേഴ്സും എംജി ടൂഷ്യൻസും നൽകിയ 500 പൗണ്ടും എംഎംഎ എവർ റോളിംഗ് ട്രോഫിയും ലഭിച്ചപ്പോൾ സെമിഫൈനലിസ്റ്റുകൾക്ക് എംഎംഎ ഏർപ്പെടുത്തിയ ട്രോഫികൾ സമ്മാനിച്ചു. ബെസ്റ്റ് ബാറ്റ്സ്മാൻ, ബെസ്റ്റ് ബൗളർ, മാൻ ഓഫ് ദി മാച്ച് അവാർഡുകളും ഏർപ്പെടുത്തിയിരുന്നു. ഓർഗനൈസിംഗ് കമ്മറ്റി അംഗങ്ങളും എംഎംഎ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളും ഓക്ക് വുഡ് പാർക്ക് മാനേജിങ് മെമ്പർ ബ്രയന്റ് ഫ്ലിന്റും ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു.

പ്രതികൂലസാഹചര്യത്തിലും ആവേശം വാനോളമുയർന്ന ഒരു ക്രിക്കറ്റ് ടൂർണമെന്റ് കാണികൾക്കായി കാഴ്ചവയ്ക്കാൻ സാധിച്ചതിൽ അഭിമാനിക്കുന്നതായി പ്രസിഡന്റ് രാജി കുര്യൻ പറഞ്ഞു. എംഎംഎയുടെ താളുകളിൽ സുവർണ്ണലിപികളിൽ ആലേഖനം ചെയ്യുവാൻ പര്യാപ്തമായ രീതിയിൽ ഈ മത്സരത്തെ വിജയിപ്പിക്കുവാൻ സഹായിച്ച എല്ലാ ടീമംഗങ്ങളോടും അസോസിയേഷൻ അംഗങ്ങളോടും വന്നു സഹകരിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നതായും പ്രസിഡന്റ് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.