1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 12, 2021

ആന്റണി മിലൻ സേവ്യർ: കെന്റിലെ പ്രമുഖ മലയാളി സംഘടനയായ മെയ്ഡ്സ്റ്റോൺ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഈസ്റ്റർ വിഷു ആഘോഷങ്ങൾ ഏപ്രിൽ 17 ശനിയാഴ്ച വൈകിട്ട് 4 മണി മുതൽ ഓൺലൈനിൽ നടത്തപ്പെടും. കോവിഡ് സൃഷ്ടിച്ച അനിശ്ചിതത്വത്തെ മറികടന്നു കൊണ്ട് ഇത്തവണയും പരിപാടികൾ ഓൺലൈനായി നടത്തി ശ്രദ്ധേയമാവുകയാണ് എംഎംഎ. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് അംഗങ്ങളുടെ മികച്ച പിന്തുണയോടെ എംഎംഎയുടെ വനിതാ വിഭാഗമായ മൈത്രിയുടെ നേതൃത്വത്തിൽ 4 മണിക്കൂർ നീണ്ട ഓൺലൈൻ ലൈവ് പ്രോഗ്രാമൊരുക്കി എംഎംഎ ശ്രദ്ധ നേടിയിരുന്നു.

ഏപ്രിൽ 17 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് ആരംഭിക്കുന്ന ആഘോഷസന്ധ്യയിൽ ലണ്ടൻ ന്യൂഹാം കൗൺസിലിലെ കൗൺസിലറും പൊതുപ്രവർത്തകനുമായ ശ്രീ. സുഗതൻ തെക്കേപ്പുര മുഖ്യാതിഥിയായിരിക്കും. പ്രസിഡന്റ് രാജി കുര്യൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിലെ അനുഗ്രഹീത വാഗ്മിയും വൈദികനുമായ ഫാ.ഡോ. നൈനാൻ വി. ജോർജ് ഈസ്റ്റർ വിഷു സന്ദേശം നൽകും. എംഎംഎ യൂത്ത് ക്ലബ്, എംഎംഎ മൈത്രി എന്നിവ അണിയിച്ചൊരുക്കുന്ന ഈസ്റ്ററിന്റെയും വിഷുവിന്റെയും സന്ദേശം ഉൾക്കൊള്ളുന്ന വിവിധങ്ങളായ കലാപരിപാടികൾ അന്നേദിവസം അരങ്ങേറും.

എംഎംഎയുടെ ഈവർഷത്തെ പ്രോഗ്രാം കോ-ഓർഡിനേറ്റേഴ്‌സായ ബൈജു ഡാനിയേൽ, ലിൻസി കുര്യൻ എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകും. എംഎംഎയുടെ ജീവകാരുണ്യപ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം അംഗങ്ങൾക്കായി റാഫിൾ ഭാഗ്യസമ്മാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ട്രഷറർ രെഞ്ചു വർഗീസ് അറിയിച്ചു. ലോക്ക്ഡൌൺ നീണ്ടു പോകുന്ന സാഹചര്യത്തിൽ ഗവണ്മെന്റിന്റെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് മാതൃകാപരമായ കലാവിരുന്നൊരുക്കി സാമൂഹ്യബന്ധങ്ങൾ ശക്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഓൺലൈനിൽ പരിപാടികൾ അവതരിപ്പിച്ചു മുന്നേറാൻ എംഎംഎ ശ്രമിക്കുന്നതെന്ന് പ്രസിഡന്റ് രാജി കുര്യൻ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.