1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 5, 2012

നൈജീരിയയില്‍ നിയന്ത്രണംവിട്ട വിമാനം ബഹുനിലമന്ദിരത്തില്‍ ഇടിച്ചുതകര്‍ന്ന് മരിച്ചവരില്‍ മലയാളി യുവാവും.എറണാകുളം നേര്യമംഗലം ആവോലിച്ചാല്‍ കൊച്ചുകുടിയില്‍ എല്‍ദോസിന്റെയും എലിസബത്തിന്റെയും മകന്‍ റിജോ കെ.എല്‍ദോസാണ് (25) മരിച്ചത്. ഞായറാഴ്ച രാത്രി ഇന്ത്യന്‍സമയം 8.15ഓടെ നൈജീരിയയുടെ പഴയ തലസ്ഥാനമായ ലാഗോസിലായിരുന്നു അപകടം. ഇവിടത്തെ എച്ച്പി കമ്പ്യൂട്ടര്‍ കമ്പനിയുടെ അംഗീകൃത സര്‍വീസ് സെന്ററായ റെഡിംഗ്ടണ്‍ കമ്പനിയില്‍ ഹാര്‍ഡ്‌വെയര്‍ എന്‍ജിനീയറായിരുന്നു റിജോ.

കമ്പനിയുടെ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ അബുജയില്‍ പോയി മടങ്ങിവരെയാണ് ഇന്ത്യന്‍കമ്പനിയായ ധന എയര്‍വെയ്‌സിന്റെ വിമാനം അപകടത്തില്‍പ്പെട്ടത്. വിമാനത്തില്‍ 153 യാത്രക്കാരുണ്ടായിരുന്നു.

അബുജയില്‍നിന്ന് 7.15ന് വിമാനം പറന്നുയരുന്നതിന് തൊട്ടുമുമ്പ് റിജോ സഹപ്രവര്‍ത്തകനായ ബേസിലിനെ ഫോണില്‍ വിളിച്ചിരുന്നു. ഒരുമണിക്കൂറിനുള്ളില്‍ ലാഗോസില്‍ എത്തുമ്പോള്‍ കാണാം എന്നുപറഞ്ഞു. റിജോയുടെ അവസാന വിളിയായിരുന്നു അതെന്ന ഞെട്ടലില്‍നിന്നും ബേസില്‍ ഇപ്പോഴും മോചിതനായിട്ടില്ല.

ലാഗോസ് വിമാനത്താവളത്തില്‍നിന്ന് 200 മീ. അകലെവച്ചാണ് വിമാനം നാലുകെട്ടിടങ്ങളില്‍ ഇടിച്ച് തകര്‍ന്നുവീണത്. വിമാനത്താവളത്തിന് ഏകദേശം 18 നോട്ടിക്കല്‍ മൈല്‍ ദൂരെനിന്നും നിയന്ത്രണംതെറ്റിയ വിവരം ഇന്ത്യക്കാരനായ പൈലറ്റ് വിമാനത്തില്‍ അറിയിച്ചിരുന്നു. ഇറങ്ങാനായി താഴ്ന്നുപറക്കുന്നതിനിടയില്‍ നിയന്ത്രണംവിട്ട് കെട്ടിടങ്ങളില്‍ ഇടിച്ചു തകരുകയായിരുന്നുവെന്ന് ബേസില്‍ പറഞ്ഞു. വിമാനം മൊത്തം കത്തിക്കരിഞ്ഞു. 50ഓളം പേരുടെ മൃതദേഹം കണ്ടെടുത്തു. റിജോയുടെ മൃതശരീരം കണ്ടെത്താനായിട്ടില്ലായെന്നും ബേസില്‍ പറഞ്ഞു.

മൂന്നുവര്‍ഷം മുമ്പാണ് റിജോ നൈജീരിയയില്‍ എച്ച്പി കമ്പനിയില്‍ ജോലിക്ക് ചേര്‍ന്നത്. പത്തുമാസംമുമ്പ് നാട്ടില്‍വന്നുപോയ റിജോ അടുത്തമാസം നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു. ശനിയാഴ്ചയും ആവോലിച്ചാലിലെ വീട്ടിലേക്ക് റിജോ ഫോണ്‍വിളിച്ച് അച്ഛന്‍ എല്‍ദോസുമായി സംസാരിച്ചിരുന്നു. റിജോയുടെ സഹോദരി ബഹറിനില്‍ നഴ്‌സായ റിന്‍സിയെ വിളിച്ച് ബേസിലും കമ്പനി എച്ച്ആര്‍ ഡിപ്പാര്‍ട്ട്‌മെന്റ് അധികൃതരുമാണ് അപകടവിവരം ആദ്യം അറിയിച്ചത്. റിന്‍സിയാണ് നേര്യമംഗലത്തെ വീട്ടില്‍ വിവരമറിയിക്കുന്നത്. മൃതദേഹം കണ്ടെത്തിയാല്‍ നാട്ടിലെത്തിക്കാന്‍ എംബസിയുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ് ബന്ധുക്കള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.