യു കെ യിലെ മലയാളി സമൂഹത്തെ ആകമാനം ദുഖത്തിലാഴ്ത്തി നോര്‍വിച്ചിനടുത്ത് ഗ്രേറ്റ് യാര്‍മോത്തില്‍ മലയാളി ബാലിക മരണമടഞ്ഞു.ഗോള്‍സ്ട്ടനില്‍ താമസിക്കുന്ന റാന്നി സ്വദേശികളായ രമേഷ്,രാജി ദമ്പതികളുടെ മകള്‍ സ്വാതി (6 വയസ് ) യാണ് ഞായറാഴ്ച രാവിലെ ഒന്‍പതരയോടെ ഗ്രേറ്റ് യാര്‍മോത്ത് സെന്‍റ് ജെയിംസ് ഹോസ്പ്പിറ്റലില്‍ വച്ച് മരണമടഞ്ഞത്.
ശനിയാഴ്ച വൈകിട്ട് ആരംഭിച്ച ഛര്‍ദിയും വയറിളക്കവും ശമിക്കാതതിനാല്‍ ഞായറാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ ടാക്സി വിളിച്ച് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ പ്രാഥമിക ചികിത്സകള്‍ക്ക് ശേഷം കുട്ടികളുടെ വാര്‍ഡിലേക്ക് മാറ്റിയിരുന്നു.രാവിലെ എട്ടര വരെ മണി വരെ പ്രതേകിച്ചു കുഴപ്പമൊന്നുമില്ലാതെ സംസാരിച്ച കുട്ടിയുടെ നില പെട്ടെന്ന് വഷളാവുകയും ഒന്‍പതരയോടെ കാര്‍ഡിയാക് അറസ്റ്റ് ഉണ്ടായി കുട്ടി മരിക്കുകയായിരുന്നു.
കുട്ടിയുടെ അച്ഛന്‍ രമേഷ് ടെസ്കൊയിലെ ജീവനക്കാരനാണ്.അമ്മ രാജി സെന്‍റ് ജെയിംസ് ഹോസ്പ്പിറ്റലില്‍ സ്റ്റാഫ് നഴ്സാണ്.ഏക സഹോദരി രണ്ടു വയസു പ്രായമുള്ള സിത്താര.ഏകദേശം നൂറോളം മലയാളി കുടുംബങ്ങള്‍ താമസിക്കുന്ന ഗ്രേറ്റ് യാര്‍മോത്തില്‍ ഏവര്‍ക്കും സുപരിചിതയായ കൊച്ചു മിടുക്കി സ്വാതിയുടെ വിയോഗം ഏവരെയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്.ഗ്രേറ്റ് യാര്‍മോത്ത് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ബാബു വര്‍ഗീസ്,സെക്രട്ടറി ജ്യോതി കുമാര്‍ എന്നിവര്‍ അടക്കമുള്ള തദ്ദേശീയരായ മലയാളികള്‍ രമേഷിനും കുടുംബത്തോടൊപ്പമുണ്ട്.
ഇന്നോ നാളെയോ പോസ്റ്റ്മോര്‍ട്ടം നടക്കുമെന്നാണ് കരുതപ്പെടുന്നത്.അതിനു ശേഷമേ യഥാര്‍ത്ഥ മരണകാരണം വെളിപ്പെടുകയുള്ളൂ.കുട്ടിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നത് സംബന്ധിച്ച കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്ന് രമേശിന്റെ കുടുംബ സുഹൃത്ത് എന്‍ ആര്‍ ഐ മലയാളിയോട് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല