1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 30, 2012

മലയാളി എഡിറ്ററായുള്ള ടാബ്ലോയ്‌ഡിന്‌ ഹൗ-ഡു മാധ്യമ അവാര്‍ഡ്‌. പാലക്കാട്‌ സ്വദേശി അനസുദ്ദീന്‍ അസീസ്‌ എഡിറ്ററായ ഏഷ്യന്‍ ലൈറ്റ്‌ ആണ്‌ വടക്കന്‍ ഇംഗ്ലണ്ടിലെ പ്രമുഖ മാധ്യമ പുരസ്‌കാരമായ ഹൗ-ഡു അവാര്‍ഡിന്‌ അര്‍ഹമായത്‌. മാഞ്ചസ്‌റ്റര്‍ കേന്ദ്രമാക്കി പ്രസിദ്ധീകരിക്കുന്ന ഏഷ്യന്‍ ലൈറ്റിന്‌ വാര്‍ത്താപത്രങ്ങളുടെ വിഭാഗത്തിലാണ്‌ അവാര്‍ഡ്‌ ലഭിച്ചത്. ബ്രിട്ടനിലെ ഏഷ്യന്‍ സമൂഹത്തിനായി പ്രസിദ്ധീകരിക്കുന്ന പത്രമാണ് ഏഷ്യന്‍ ലൈറ്റ്.

പത്രത്തിന്റെ വില്‍പ്പനയും പ്രചാരവും കുറയുന്നതിനെ തടയുന്നതിനായി നവആശയങ്ങളും പുതിയ മാതൃകകളും ഏഷ്യന്‍ ലൈറ്റ് കൊണ്ടുവന്നതായി അവാര്‍ഡ് കമ്മിറ്റി ചൂണ്ടിക്കാട്ടി. വടക്കന്‍ ഇംഗ്ലണ്ടിലെ മികച്ച പത്രത്തിനുള്ള അവാര്‍ഡിന് ഏഷ്യന്‍ ലൈറ്റടക്കം എട്ടു പ്രസിദ്ധീകരണങ്ങളാണ് അന്തിമഘട്ടത്തില്‍ പരിഗണനയിലുണ്ടായിരുന്നത്. മാധ്യമപ്രവര്‍ത്തനത്തിന്റെ മൂല്യം തിരികെ കൊണ്ടുവരാന്‍ ഹൗ-ഡു അവാര്‍ഡ് പ്രചോദനമാകുമെന്ന് അസീസ് പ്രതികരിച്ചു.

പത്രപ്രവര്‍ത്തനം എന്നത് ഒരു തൊഴിലിനപ്പുറം സമൂഹത്തെ സേവിക്കാനുള്ള വഴിയാണ്. ലൈംഗിക വ്യവസായത്തിന്റെയും ആത്മീയതയുടേയും നീരാളിപ്പിടുത്തത്തില്‍ നിന്ന് വായനക്കാരെ രക്ഷിക്കാന്‍ കര്‍ശനമായ പരസ്യനിയന്ത്രണങ്ങള്‍ ഏഷ്യന്‍ ലൈറ്റ് ഏര്‍പ്പെടുത്തിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2007 ലാണ് ഏഷ്യന്‍ ലൈറ്റ് ടാബ്ലോയ്ഡ് ആരംഭിച്ചത്.

ബ്രിട്ടനിലെ ഏഷ്യന്‍ ഡെവലപ് മെന്‍റ് നെറ്റ്‌വര്‍ക്കി (എ.ബി.ഡി.എന്‍)ന്റെയും ബ്രിട്ടീഷ് അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്റെ (ബി.എ.പി.ഐ.ഒ)യും ഉടമസ്ഥതയിലാണ് ഏഷ്യന്‍ലൈറ്റ് പ്രവര്‍ത്തിക്കുന്നത്. ഒരു ലക്ഷം കുടുംബവരിക്കാരാണ് നിലവില്‍ ഏഷ്യന്‍ലൈറ്റിനുള്ളത്. ബ്രിട്ടീഷ്-ഏഷ്യന്‍ സംഭവങ്ങളും വിഷയങ്ങളും കൈകാര്യം ചെയ്യുന്ന ഈ പത്രം രണ്ടാഴ്ചയിലൊരിക്കലാണ് ഇറങ്ങുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.