ഇന്നത്തെ കുട്ടികളുടെ ഹരമായ കമ്പ്യൂട്ടര്‍ ഗെയിമുകള്‍ അവരുടെ സ്വഭാവ രൂപീകരണത്തില്‍ എത്രമാത്രം സ്വാധീനം ചെലുത്തും എന്ന് നമുക്കറിയാമല്ലോ. എന്നാലിതാ സ്വഭാവരൂപീകരണത്തില്‍ മാത്രമല്ല കമ്പ്യൂട്ടര്‍ ഗെയിമുകള്‍ ജീവന്‍ വരെ നഷ്ടപ്പെടുത്തുവാന്‍ വരെ കാരണക്കാരാണെന്ന് വീണ്ടും തെളിഞ്ഞിരിക്കുന്നു. തുടര്‍ച്ചയായി 23 മണിക്കൂര്‍ “ലീഗ് ഓഫ് ലെജന്‍ഡ്സ്” എന്ന ഗെയിം കളിച്ച ചെന്‍-റോംഗ്-യുവിന്റെ ജീവനാണ് പൊലിഞ്ഞത്. മരണകാരണം ഹൃദയാഘാതം എന്ന് കരുതുന്നു. തൈവാനിലെ തായ്പേയില്‍ ഒരു ഇന്റര്‍നെറ്റ് കഫെയുടെ മൂലയിലാണ് മൃതദേഹം കണ്ടെത്തിയത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മൃതദേഹത്തിന്റെ കൈകള്‍ കീബോര്‍ഡിന്റെയും മൌസിന്റെയും ദിശയില്ത്തന്നെയായിരുന്നു.
കഫേയിലെ ജീവനക്കാരി പറയുന്നത് ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ ചെന്‍ ഗെയിം കളിക്കുവാനായി കഫേയില്‍ ഉണ്ടായിരുന്നു എന്നാണു. ഇടയ്ക്കിടയ്ക്ക് ചെറിയ ഇടവേളകള്‍ എടുത്ത ചെന്‍ ഗെയിം തുടര്‍ന്ന് കൊണ്ടിരുന്നു. ബുധനാഴ്ച ചെനിനെ ഉണര്ത്തുവാനായി ചെന്ന ജീവനക്കാരി കാണുന്നത് തണുത്ത് മരവിച്ച മൃതദേഹമാണ്. ചെന്‍ ഹൃദയസംബന്ധമായ പ്രശ്നങ്ങളാല്‍ വിഷമിച്ചിരുന്നതായി ചെനിന്റെ മാതാപിതാക്കള്‍ അറിയിച്ചു. ക്ഷീണം, അനക്കമില്ലായ്മ, തണുത്ത കാലാവസ്ഥ എന്നിവയാണ് ഹൃദയാഘാതം വരുത്തിയതു എന്ന് വിദഗ്ദര്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്ഷം ഫെബ്രുവരിയില്‍ ഒരു മുപ്പതു വയസുകാരന്‍ മൂന്നു ദിവസത്തെ തുടര്‍ച്ചയായ ഓണ്‍ലൈന്‍ ഗെയിമിനിടെ മരിച്ചു പോയിരുന്നു.
ഈ മുപ്പതുകാരന്‍ ഉറക്കമില്ലായ്മയും നിരാഹാരവും മൂലം സ്വബോധം നഷ്ട്ടപെടുകയായിരുന്നു. അതെ വര്ഷം ജൂലൈയില്‍ ക്രിസ് സ്റ്റാനിഫോര്‍ത്ത് എന്ന ഗെയിം കളിക്കാരനും രക്തം കട്ടപിടിച്ചു മരിച്ചിരുന്നു. അദ്ദേഹത്തിന്റെ അച്ഛന്‍ ഡേവിഡ് പറയുന്നത് മകന്‍ ഒരൊറ്റ സമയം പന്ത്രണ്ടു മണിക്കൂറോളം ഇരുന്ന ഇരുപ്പില്‍ തന്റെ എക്സ്-ബോക്സില്‍ ഗെയിം കളിക്കുമായിരുന്നു എന്നാണു. എക്സ്-ബോക്സിനോട് വല്ലാത്ത സ്നേഹമായിരുന്നു മകനെന്നും ലോകത്തിലെ പലരുമായും ഓണ്‍ലൈനില്‍ അവന്‍ മണിക്കൂറുകളോളം സമയം ചിലവഴിക്കുമായിരുന്നു എന്നും ഡേവിഡ് കൂട്ടിച്ചേര്‍ക്കുകയുണ്ടായി. എന്തായാലും ഗെയിമിങ്ങിലെ പ്രശ്നങ്ങള്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാലം ഏതാണ്ട് കഴിഞ്ഞിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല