ജീവിതത്തെ അധികം സീരിയസായി എടുക്കുന്നതാണ് ഏറ്റവും വലിയ കുഴപ്പം…മനോഹര്‍ എയ്ച്ച് ഒന്നുറക്കെ ചിരിച്ചു. റോയല്‍ ബ്രിട്ടിഷ് സൈനിക സേവനവും സ്വാതന്ത്ര്യസമരകാലത്തെ ജയില്‍ വാസവും ഒന്നുമല്ല മനോഹര്‍ എന്ന നൂറുവയസുകാരനെ ഈ രാജ്യത്തിന്‍റെ പ്രിയപ്പെട്ട കരുത്തനാക്കുന്നത്. ഒരു പക്ഷേ ഇന്ത്യയുടെ ആദ്യത്തെ ഇന്‍റര്‍നാഷണല്‍ താരങ്ങളിലൊരാള്‍. നൂറാം പിറന്നാള്‍ ആഘോഷത്തിന്‍റെ ആരവങ്ങള്‍ അടങ്ങുമ്പോള്‍ മനോഹര്‍ എയ്ച്ച് ഈ രാജ്യത്തോടു പറയുന്നു ശരീരം നോക്കി ജീവിച്ചതിന്‍റെ ഗുണം.
കോല്‍ക്കൊത്തയിലെ ജിംനേഷ്യത്തില്‍ വച്ചാണു മനോഹറിനെ കാണുന്നത്. ഏഴു പതിറ്റാണ്ടുകള്‍ക്കു മുമ്പ് മിസ്റ്റര്‍ യൂണിവേഴ്സ് പട്ടം സ്വന്തമാക്കിയ മനോഹര്‍ നൂറാം ജന്മദിനം ആഘോഷിക്കുന്നു എന്ന വാര്‍ത്തയ്ക്കു പിന്നാലെയാണു മാധ്യമപ്രവര്‍ത്തകര്‍ നഗരത്തില്‍ എത്തിയത്. വീട്ടില്‍ കുറച്ചു നേരം വര്‍ത്തമാനം പറഞ്ഞിരുന്നു. ചായയും മധുരവും നല്‍കി. അപ്പോഴൊക്കെ റിപ്പോര്‍ട്ടര്‍മാരും ഫോട്ടോഗ്രാഫര്‍മാരും ശ്രദ്ധിക്കുന്നുണ്ട്, അസ്വസ്ഥനാണു മനോഹര്‍. കാര്യം പെട്ടെന്നു പിടികിട്ടി. ഇവിടെ ഇരുന്നു സംസാരിക്കാന്‍ മനോഹറിനു താത്പര്യമില്ല. ജിംനേഷ്യത്തിലേക്കു പോകണം.
കോല്‍ക്കൊത്ത നഗരത്തിനു പുറത്തുള്ള ജിമ്മിലെത്തിയതോടെ ആ നാലടി പതിനൊന്നിഞ്ചുകാരന്‍റെ ഭാവം മാറി. ചുമരില്‍ മനോഹറിന്‍റെ നിരവധി ബ്ലാാക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍. മനോഹറും മക്കളും ചേര്‍ന്നു തുടങ്ങിയ ഫിറ്റ്നസ് സെന്‍റര്‍ കം ജിമ്മാണിത്. ഇവിടെ മാത്രമല്ല ബംഗാളിലാകെ ജിംനേഷ്യങ്ങളില്‍ മനോഹറിന്‍റെ ചിത്രങ്ങള്‍ കാണാം. ഇപ്പോഴത്തെ തലമുറയ്ക്കും ബോഡിബില്‍ഡിങ്ങില്‍ മാതൃകയാണ്, ആരാധനാമൂര്‍ത്തിയാണു മനോഹര്‍. ഇന്നത്തെ സൗകര്യങ്ങള്‍ ഒന്നുമില്ലാതിരുന്ന കാലത്ത് 1952ല്‍ ലണ്ടനില്‍ മിസ്റ്റര്‍ യൂണിവേഴ്സ് കിരീടം നേടിയ മനോഹര്‍ വിസ്മയമാണു പലര്‍ക്കും.
പശ്ചിമ ബംഗാളിലെ കോമില്ല എന്ന നഗരത്തില്‍ ജനിച്ച മനോഹര്‍ ചെറുപ്പത്തില്‍ത്തന്നെ ബോഡിബില്‍ഡിങ്ങില്‍ തത്പരനായി. വീടിനടുത്തുള്ള ഗോദയില്‍ ഗുസ്തിക്കാര്‍ പരിശീലനം നടത്തുന്നതു കണ്ടപ്പോള്‍ മനസിലെ കമ്പത്തിന്‍റെ മസില്‍ പെരുത്തു. 1942ല്‍ സ്കൂള്‍ വിദ്യാഭ്യാസം മതിയാക്കി ബ്രിട്ടന്‍റെ റോയല്‍ എയര്‍ഫോഴ്സില്‍ ചേര്‍ന്നു. സൈന്യത്തിലെ എക്സ്സര്‍സൈസ് സംവിധാനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി. ഇക്കാര്യത്തില്‍ റോബ് മാര്‍ട്ടിന്‍ എന്ന സൈനിക ഉദ്യോഗസ്ഥന്‍റെ പിന്തുണ ഇപ്പോഴും ഓര്‍ക്കുന്നു മനോഹര്‍. സൈന്യം, ബോഡിബില്‍ഡിങ്…ഇതിനെല്ലാം അപ്പുറത്തു സ്വാതന്ത്ര്യമോഹിയായ ചെറുപ്പക്കാരന്‍ ജാഗ്രതയോടെ കാത്തിരുന്നു മനോഹറിന്‍റെ മനസില്‍. ഏറ്റവും ശോഷിച്ച ഒരു ശരീരത്തില്‍ ബ്രിട്ടിഷ് സാമ്രാജ്യത്തെ വെല്ലുവിളിക്കാന്‍ ശേഷിയുള്ള മനസു കാത്തു സൂക്ഷിച്ച ഒരാളുടെ ആഹ്വാനം കേള്‍ക്കാതിരിക്കാന്‍ കഴിയുമായിരുന്നില്ല മനോഹറിന്. സൈന്യത്തില്‍ നിന്നു രാജിവെച്ച് സ്വാതന്ത്ര്യസമരത്തില്‍ അണിചേര്‍ന്നു. പിന്നെ ഏറെക്കാലത്തെ ജയില്‍ വാസം.
ജയില്‍ ജിമ്മാക്കി മാറ്റി മനോഹര്‍. പ്രത്യേകിച്ച് എക്വിപ്മെന്‍റുകള്‍ ഒന്നുമില്ലെങ്കിലും ദിവസം പന്ത്രണ്ടു മണിക്കൂര്‍ വരെ പ്രാക്റ്റിസ് ചെയ്തിരുന്നു ജയിലില്‍. വെയ്റ്റ് ലിഫ്റ്റിനു തന്‍റേതായ മാര്‍ഗങ്ങള്‍ കണ്ടെത്തി. നല്ല ഭാരമുള്ള കല്ലുകള്‍ ഉയര്‍ത്തിയാണു പരിശീലനം നടത്തിയത്. ജയിലില്‍ പറയുന്ന ജോലി, അത് എത്ര കഠിനമാണെങ്കിലും ചെയ്യാന്‍ മനോഹര്‍ മടിച്ചില്ല. അതിനെയെല്ലാം പരിശീലനത്തിന്‍റെ ഭാഗമായാണ് കണ്ടത്. സ്വാതന്ത്ര്യസമര സേനാനികളുടെ പതിവു ജയില്‍ വാസരീതികളില്‍ നിന്നു ഭിന്നമായി പ്രതികരിച്ച മനോഹറിനെ ജയില്‍ ഉദ്യോഗസ്ഥര്‍ക്കും ഇഷ്ടമായി. അവരും ആവശ്യത്തിനു പിന്തുണ നല്‍കി. പ്രത്യേക ഭക്ഷണം അനുവദിച്ചു.
ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയതിനു ശേഷമാണു മനോഹര്‍ ജയില്‍ മോചിതനായത്. വീട്ടില്‍ എത്തിയപ്പോഴാണു കാര്യങ്ങള്‍ കുഴഞ്ഞു മറിഞ്ഞത്. ഭാര്യ നാലുമക്കള്‍. വീട്ടു ചെലവുകള്‍. മക്കളുടെ വിദ്യാഭ്യാസം. പ്രത്യേകിച്ചു ജോലിയൊന്നുമില്ല. പക്ഷേ, മനോഹര്‍ ഏതു ജോലിയും ചെയ്യാന്‍ തയാറായിരുന്നു. അപ്പോഴാണ് ലണ്ടനില്‍ മിസ്റ്റര്‍ ഹെര്‍ക്കുലീസ് എന്ന മത്സരത്തില്‍ ഒന്നാമതെത്തിയത്. ആ ടൂര്‍ണമെന്‍റിന്‍റെ സംഘാടകരാണ് ലണ്ടനില്‍ സംഘടിപ്പിക്കുന്ന മിസ്റ്റര്‍ യൂണിവേഴ്സല്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ സഹായിച്ചത്.
മിസ്റ്റര്‍ യൂണിവേഴ്സ് ആരംഭിച്ചതു 1948ല്‍. മനോഹര്‍ ആദ്യം പങ്കെടുത്തത് 1951ല്‍. ആവര്‍ഷം രണ്ടാംസ്ഥാനത്തെത്തി. ഒരു വര്‍ഷം ലണ്ടനില്‍ താമസിച്ചു പരിശീലനം നടത്തി. വീണ്ടും മത്സരിക്കാന്‍ ഇറങ്ങി. 1952ല്‍ മിസ്റ്റര്‍ യൂണിവേഴ്സ് കിരീടം സ്വന്തമാക്കി. തിരിച്ചു നാട്ടിലെത്തിയപ്പോള്‍ വീരോചിതമായ സ്വീകരണമാണു ലഭിച്ചത്. പോക്കറ്റ് ഹെര്‍ക്കുലീസ് എന്ന ചെല്ലപ്പേരും വീണു. അധികം വൈകാതെ ഏഷ്യന്‍ ബോഡിബില്‍ഡിങ് ചാംപ്യന്‍ഷിപ്പിലും ജേതാവായി.
ഏറെ വെല്ലുവിളികളെ അതിജീവിച്ചാണ് ബോഡിബില്‍ഡിങ് മോഹവുമായി നേട്ടങ്ങള്‍ സ്വന്തമാക്കിയതെന്നു പുതുതലമുറയെ അറിയിക്കാനാണ് ഇതെല്ലാം മനോഹര്‍ പറയുന്നത്. കഴിഞ്ഞവര്‍ഷം മൈനര്‍ സ്ട്രോക്കു വന്നപ്പോഴാണ് വെയ്റ്റ് എടുക്കുന്നതൊക്കെ നിര്‍ത്തിയത്. എന്നാലും എന്നും ഫിറ്റ്നസ് സെന്‍ററില്‍ ഹാജര്‍. അവിടെ എത്തുന്ന ചെറിയ കുട്ടിയെപ്പോലും ശ്രദ്ധിക്കും, നിര്‍ദേശങ്ങള്‍ നല്‍കും. മക്കളില്‍ ആരും ഈ മേഖലയിലേക്കു വന്നില്ല. എന്നാലും തന്‍റെ ജിമ്മില്‍ നിന്നുള്ള താരങ്ങള്‍ ദേശീയ, അന്തര്‍ദേശീയ തലത്തില്‍ തിളങ്ങിയതിന്‍റെ ആവേശം പ്രകടിപ്പിക്കും മനോഹര്‍. എട്ടു തവണ ഇന്ത്യയുടെ ദേശീയ ചാംപ്യനായിരുന്ന സത്യ പാല്‍, 1988ല്‍ മിസ്റ്റര്‍ യൂണിവേഴ്സ് പട്ടം നേടിയ പ്രേംചന്ദ് ഡോഗ്ര എന്നിവര്‍ ഇക്കൂട്ടത്തില്‍ പെടും.
പുകവലിച്ചിട്ടില്ല, മദ്യപിച്ചിട്ടില്ല…ആരോഗ്യത്തിന്‍റെ രഹസ്യം എന്ത് എന്നു ചോദിച്ചാല്‍ മനോഹറിന്‍റെ ആദ്യ മറുപടി ഇങ്ങനെ. ശരീരത്തിന്‍റെ ആരോഗ്യത്തെ സ്വാധീനിക്കുന്ന പ്രധാനപ്പെട്ട ഘടകം നമ്മുടെ ജീവിത ശൈലി തന്നെയാണ്. ജിംനേഷ്യം, ഫിറ്റ്നസ് സെന്‍റര്‍ തുടങ്ങിയ കാര്യങ്ങളൊക്കെ അതിനു ശേഷമാണ് വരുന്നത്. പ്രത്യേകിച്ച് ഭക്ഷണരീതിയൊന്നും പറയാനില്ല. ചോറും മീന്‍കറിയുമാണ് ഇഷ്ടം. പച്ചക്കറി, പഴം, തൈര് നന്നായി കഴിക്കും. പിന്നെ മനസിനെ കഴിവതും സന്തോഷമാക്കി വയ്ക്കും. മനോഹര്‍ പറയുന്നു. പുതിയ തലമുറയോട് എന്താണു പറയാനുള്ളത്? ജീവിതത്തെ ഗൗരവമായി കാണണം. എന്നാല്‍ ഗുരുതരമായി കാണരുത്.
മക്കളും കൊച്ചുമക്കളും അവരുടെ മക്കളുമൊക്കെയായി സെഞ്ചുറി ദിനം സന്തോഷത്തോടെ കടന്നു പോയി. മാധ്യമപ്രവര്‍ത്തകരോട് മനോഹര്‍ ഒരു മോഹം പറഞ്ഞു. നടനും പിന്നെ കാലിഫോര്‍ണിയ ഗവര്‍ണറുമൊക്കെയായ അര്‍ണോള്‍ഡ് ഷ്വാസ്നെഗറിനെ എന്നെങ്കിലും കാണണം എന്നൊരു ആഗ്രഹമുണ്ട്. കണ്ടുമുട്ടിയാല്‍? മനോഹറിന്‍റെ മറുപടി ഇങ്ങനെ, കുറച്ചു നേരം സംസാരിച്ചിരിക്കണം. ബോഡിബില്‍ഡിങ്ങിനെക്കുറിച്ചു തന്നെ. പിരിയാന്‍ നേരത്ത് ആര്‍ണിയോടു പറയും, ഞാന്‍ ഒരു ഇന്ത്യക്കാരനാണ്. താങ്കള്‍ മിസ്റ്റര്‍ യൂണിവേഴ്സ് പട്ടം നേടുന്നതിനും പതിനഞ്ചു വര്‍ഷം മുമ്പ് ആ കിരീടം നേടിയ ഇന്ത്യക്കാരന്‍…
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല