1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 11, 2011

നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് മനോരമന്യൂസ് ഐ.ബി.എന്‍ സര്‍വ്വെ റിപ്പോര്‍ട്ട്. അതേസമയം തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനാണ് സാധ്യതയെന്ന് ഏഷ്യാനെറ്റ് സര്‍വ്വെ. ഇരു സര്‍വ്വെകളിലും മുഖ്യമന്ത്രിസ്ഥാനത്തേക്ക് കൂടുതല്‍ പേരും പിന്തുണച്ചത് വി.എസ് അച്ച്യുതാനന്ദനെയാണ്.

എല്‍.ഡി.എഫ് 46% വോട്ട് നേടുമെന്നാണ് മനോരമ ന്യൂസ് സര്‍വേയിലെ കണ്ടെത്തല്‍. യു.ഡി.എഫ് 45 ശതമാനം വോട്ട് ലഭിക്കാം. 69 മുതല്‍ 77 വരെ സീറ്റ് നേടി എല്‍.ഡി.എഫ് ഭരണം നിലനിര്‍ത്താനുള്ള സാധ്യതയും സര്‍വെ പറയുന്നു. യു.ഡി.എഫിന് 63 മുതല്‍ 71 വരെ സീറ്റുകള്‍ നേടാമെന്നും സര്‍വ്വെയില്‍ വ്യക്തമാകുന്നു.

അതേ സമയം 72 നും 82 നും മദ്ധ്യേ സീറ്റുകള്‍ നേടി യു.ഡി.എഫ് അധികാരത്തില്‍ വരുമെന്ന് ഏഷ്യാനെറ്റ് ടി.വി.സി ഫോര്‍ സംയുക്തമായി നടത്തിയ പോസ്റ്റ് പോള്‍ സര്‍വെ പ്രവചിക്കുന്നു. 44 ശതമാനം വോട്ടുകളാണ് യു.ഡി.എഫ് നേടുക, എല്‍.ഡി.എഫ് 43 ഉം. യു.ഡി.എഫ് വോട്ടുകളില്‍ ഒരു ശതമാനം വര്‍ദ്ധനയാണ് കാണാനായത്. എല്‍.ഡി.എഫ് വോട്ട് ആറുശതമാനം കുറഞ്ഞാണ് 43 ല്‍ എത്തിയത്. അമ്പത്തെട്ടിനും അറുപത്തെട്ടിനും ഇടയിലാകും എല്‍.ഡി.എഫിന്റെ സീറ്റ്. കഴിഞ്ഞ തവണത്തേക്കാള്‍ അഞ്ചുശതമാനം വോട്ട് കൂടുതല്‍ നേടിയ ബി.ജെ.പിക്ക് രണ്ട് സീറ്റ് ലഭിച്ചേക്കാമെന്നും സര്‍വെ പറയുന്നു.

കൂടുതല്‍ പേര്‍ യു.ഡി.എഫിന് വോട്ട് ചെയ്തതായാണ് നിഗമനമെങ്കിലും കൂടുതല്‍ പേര്‍ വി.എസ്. മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹമാണ് പ്രകടിപ്പിച്ചത്. 40 ശതമാനം വോട്ട് വി.എസ്സിന് കിട്ടിയപ്പോള്‍ ഉമ്മന്‍ ചാണ്ടിക്ക് കിട്ടിയത് 37 ശതമാനമാണ്. എന്നാല്‍ രമേശ് ചെന്നിത്തല പതിനെട്ട് ശതമാനത്തിന്റെ പിന്തുണ നേടിയിട്ടുണ്ട്. കോടിയേരി ബാലകൃഷ്ണനെ പിന്തുണക്കുന്ന അഞ്ചുപേരുമുണ്ട്.

മുഖ്യമന്ത്രിയാകാന്‍ ഏറ്റവും യോഗ്യന്‍ വി.എസ് അച്ച്യുതാനന്ദന്‍ ആണെന്ന് മനോരമന്യൂസ് സി.എന്‍.എന്‍ഐ.ബി.എന്‍ സര്‍വ്വെ ഫലം. മികച്ച മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് മുന്‍തൂക്കം വിഎസിനാണ്. സര്‍വ്വെയില്‍ പങ്കെടുത്ത 38 ശതമാനം വി.എസിനെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നുണ്ട്. 25 ശതമാനം പേരാണ് ഉമ്മന്‍ചാണ്ടിയെ പിന്തുണയ്ക്കുന്നത്. 2006ല്‍ 35 ശതമാനം പേരാണ് വി.എസിന് ഒപ്പമുണ്ടായിരുന്നത്. ഉമ്മന്‍ചാണ്ടിക്കൊപ്പം 31 ശതമാനവും. വി.എസിന് മൂന്ന് ശതമാനത്തിന്റെ പിന്തുണ വര്‍ധിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടിക്ക് ആറു ശതമാനം കുറവ് അനുഭവപ്പെട്ടു.

മനോരമന്യൂസിനും ഐ.ബി.എന്‍ ചാനലിനും വേണ്ടി പ്രമുഖ തിരഞ്ഞെടുപ്പ് ഫലപ്രവചനവിദഗ്ധനായ യോഗേന്ദ്രയാദവിന്റെ നേതൃത്വത്തില്‍ സെന്റര്‍ ഫോര്‍ ദ് സ്റ്റഡി ഓഫ് ഡവലപിങ് സൊസൈറ്റീസ് ആണ് സര്‍വ്വെ നടത്തിയത്. കേരളത്തിലെ 55 മണ്ഡലങ്ങളിലാണ് സര്‍വേ നടത്തിയത്. 220 കേന്ദ്രങ്ങളിലായി 3133 വോട്ടര്‍മാരെ നേരിട്ട് കണ്ട് നടത്തിയ പഠനമാണ് ഫലപ്രവചനത്തിന്റെ അടിസ്ഥാനം. എന്നാല്‍ സര്‍വേ സംഘം നേരിട്ട് കണ്ട 11.2 ശതമാനം പേര്‍ ആര്‍ക്ക് വോട്ട് ചെയ്‌തെന്ന് വെളിപ്പെടുത്താന്‍ തയ്യാറായില്ല.

കേരളത്തിലെ സമുദായ വോട്ടുകളുടെ കാര്യത്തില്‍ ചില മാറ്റങ്ങളുണ്ടായതായി സര്‍വ്വെ പറയുന്നു. എന്‍.എസ്.എസ് വോട്ടുകളില്‍ 44 ശതമാനം എല്‍.ഡി.എഫിന് ലഭിച്ചു. 2006ല്‍ അത് 45 ശതമാനമായിരുന്നു. ഈഴവ വോട്ടുകള്‍ 2011ല്‍ 65ശതമാനമാണ് എല്‍.ഡി.എഫിന് ലഭിച്ചത്. 206ല്‍ അത് 64 ശതമാനമായിരുന്നു. എല്‍.ഡി.എഫിന് ലഭിച്ച മുസ്‌ലിം വോട്ടുകളുടെ ശതമാനത്തില്‍ കുറവുണ്ടായതായി സര്‍വ്വെ വ്യക്തമാക്കുന്നു. 2006ല്‍ 39 ശതമാനം മുസ്‌ലിം വോട്ടുകള്‍ ഇടതുപക്ഷത്തിന് ലഭിച്ചപ്പോള്‍ 2011ല്‍ അത് 32 ശതമാനമായി കുറഞ്ഞു. ക്രിസ്ത്യന്‍ വോട്ടുകള്‍ അന്നും ഇന്നും 27 ശതമാനം എല്‍.ഡി.എഫിന് ലഭിച്ചു.

കേരളത്തില്‍ 65 ശതമാനം പേരും പാര്‍ട്ടി അടിസ്ഥാനത്തിലാണ് വോട്ടു ചെയ്തത്. 22 ശതമാനം പേര്‍ സ്ഥാനാര്‍ഥിയെ പരിഗണിച്ചാണ് വോട്ടുചെയ്തതെന്ന് പറഞ്ഞു. 13 ശതമാനം പേര്‍ക്ക് അഭിപ്രായമില്ലായിരുന്നു.
തമിഴ്‌നാട്ടില്‍ ഇരു സഖ്യത്തിലുള്ള ഘടകകക്ഷികള്‍ കൂറുമാറി വോട്ട് ചെയ്യാനുള്ള സാധ്യത സര്‍വെ തള്ളിക്കളയുന്നു. 2001 നുശേഷം ആദ്യമായി മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പേരും ആഗ്രഹിക്കുന്നത് കരുണാനിധിയേക്കാള്‍ ജയലളിതയാണ്. ജയലളിത 43, കരുണാനിധി 38, സ്റ്റാലിന്‍ മൂന്ന് എന്നിങ്ങനെയാണ് മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള ജനാഭിലാഷം.

അഴിമതിയും സ്വജനപക്ഷപാതത്തിലും ജയലളിതയേക്കാള്‍ മോശം കരുണാനിധിയാണ്. 2ജി അഴിമതി മൂലം ഡി.എം.കെയില്‍ നിന്ന് അണ്ണാ ഡി.എം.കെയിലേക്ക് വോട്ടു മറിഞ്ഞിട്ടുണ്ടാവുമെന്നും സര്‍വെ പറയുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ രാജയ്ക്കും കനിമൊഴിക്കും മാത്രമാണ് പങ്കെന്ന് കൂടുതല്‍ പേരും വിശ്വസിക്കുന്നു.

പശ്ചിമ ബംഗാളില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ 49 ശതമാനം പേര്‍ തൃപ്തരും 39 ശതമാനം അസംതൃപ്തരുമാണ്. 2006ല്‍ സര്‍ക്കാരില്‍ തൃപ്തിയുള്ളവര്‍ 64 ശതമാനമായിരുന്നു. തൃണമൂല്‍ നേതാവ് മമത ബാനര്‍ജി അടുത്ത മുഖ്യമന്ത്രിയാകണമെന്ന്് ഭൂരിഭാഗവും അഭിപ്രായപ്പെടുന്നു. മമതയ്ക്കു 45 ശതമാനം പേരുടെ പിന്തുണയുള്ളപ്പോള്‍ ബുദ്ധദേവിന് 30 ശതമാനം മാത്രം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.