1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 6, 2012

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് കര്‍ദിനാള്‍ പദവി. സ്ഥാനാരോഹണം ഫെബ്രുവരി 18ന് വത്തിക്കാനില്‍ നടക്കും. കാക്കനാട്ടെ സീറോ മലബാര്‍ സഭ ആസ്ഥാനത്തും വത്തിക്കാനിലും ഒരേ സമയത്താണ് പ്രഖ്യാപനം നടന്നത്. ഈ പദവിയിലെത്തുന്ന നാലാമത്തെ മലയാളിയും പത്താമത്തെ ഇന്ത്യക്കാരനുമാണ് മാര്‍ ജോര്‍ജ് ആലഞ്ചേരി.

മാര്‍ ജോസഫ് പാറേക്കാട്ടില്‍, മാര്‍ ആന്റണി പടിയറ, മാര്‍ വര്‍ക്കി വിതയത്തില്‍ എന്നിവര്‍ക്കുശേഷമാണ് മാര്‍ ആലഞ്ചേരി കര്‍ദിനാള്‍ പദവിയിലെത്തുന്നത്. സ്ഥാനലബ്ദിയോടെ മാര്‍പാപ്പയെ തെരഞ്ഞെടുക്കാനുള്ള സമിതിയുടെ അംഗമായി മാര്‍ ആലഞ്ചേരി ഉയര്‍ത്തപ്പെട്ടു. കര്‍ദിനാള്‍ വര്‍ക്കി വിതയത്തില്‍ കാലം ചെയ്തതിനെത്തുടര്‍ന്ന് കഴിഞ്ഞ മേയ് 29 നായിരുന്നു മാര്‍ ആലഞ്ചേരി മേജര്‍ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റത്.

കോട്ടയം ജില്ലയിലെ ചങ്ങനാശേരി രൂപതയിലെ തുരുത്തി ഇടവകയില്‍ ആലഞ്ചേരില്‍ പീലിപ്പോസ് -മേരി ദമ്പതികളുടെ 10 മക്കളില്‍ ആറാമനായി 1945 ഏപ്രില്‍ 19നായിരുന്നു അദ്ദേഹത്തിന്റെ ജനനം. 1972 ഡിസംബര്‍ 18ന് മാര്‍ ആന്റണി പടിയറയില്‍ നിന്ന് പൌരോഹിത്യം സ്വീകരിച്ചു. സാമ്പത്തിക ശാസ്ത്രത്തില്‍ കേരളാ സര്‍വകലാശാലയില്‍ നിന്നു രണ്ടാം റാങ്ക് നേടിയ ശേഷം ദൈവശാസ്ത്രത്തില്‍ ഒന്നാംറാങ്കില്‍ ബിരുദാനന്തര ബിരുദവും തുടര്‍ന്ന് ഫ്രാന്‍സിലെ സര്‍ബോണെ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റും നേടി.

1974ല്‍ ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പള്ളിയില്‍ സഹ വികാരിയായി നിയമിതനായി. 1976 മുതല്‍ 1978 വരെ ചങ്ങനാശേരി അതിരൂപതയുടെ മതബോധന ഡയറക്ടര്‍, പിന്നീട് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി, പാലാരിവട്ടം പിഒസി ഡയറക്ടര്‍, കോട്ടയം പൌരസ്ത്യ വീദ്യാപീഠം പ്രൊഫസര്‍, ചങ്ങനാശേരി അതിരൂപതാ വികാരി ജനറാള്‍ എന്നീ പദവികളിലും സേവനമനുഷ്ടിച്ചു.

1996 ഡിസംബര്‍ 18, ആലഞ്ചേരി ജോര്‍ജച്ചന്റെ പൗരോഹിത്യ രജത ജൂബിലി ദിനത്തില്‍ അദ്ദേഹം മെത്രാനായി നിയമിക്കപ്പെട്ടതിന്റെ പ്രഖ്യാപനമുണ്ടായി. 1997 ഫിബ്രവരി 2ന് തക്കല രൂപതയുടെ ഉദ്ഘാടനവും മോണ്‍. ജോര്‍ജ് ആലഞ്ചേരിയുടെ മെത്രാഭിഷേക കര്‍മവും നടന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.