മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ സീനിയര്‍ മെത്രാപ്പോലീത്തായും, നിരണം ഭദ്രാസനാധിപനുമായിരുന്ന അഭി.ഡോ.ഗീവറുഗീസ് മാര്‍ ഒസ്താത്തിയോസ് തിരുമേനി (94) ഇന്നലെ വൈകിട്ട് 7.25 ന് കാലം ചെയ്തു. 94 വയസ്സുണ്ടായിരുന്ന തിരുമേനി കേരള ക്രൈസ്തവ സഭാ നേതാക്കന്മാരില്‍ അഗ്രഗണ്യനും, പാവങ്ങളുടെയും അഗതികളുടെയും അപ്പസ്തോലന്‍ എന്ന് അറിയപ്പെട്ടിരുന്നയാളുമാണ്.
വൃക്കസംബന്ധമായ രോഗത്തിന് ഒരാഴ്ചയായി അദ്ദേഹം പരുമല സെന്റ് ഗ്രീഗോറിയോസ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു, പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് മരണ കാരണം എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 1918 ഡിസംബര്‍ മാസം 9-ാം തീയതി മാവേലിക്കരയില്‍ ഭൂജാതനായ അദ്ദേഹം താന്‍ മെത്രാപ്പോലിത്തയായി അഭിഷേകം ചെയ്യപ്പെട്ടതിന്റെ മുപ്പത്തിയേഴാം വാര്‍ഷിക ദിനത്തിലാണ് ദൈവസന്നിധിയിലേക്ക് വിളിക്കപ്പെട്ടിരിക്കുന്നത്. തിരുമേനിയുടെ ദേഹവിയോഗത്തിന്റെ വാര്‍ത്ത അറിഞ്ഞയുടന്‍ കേരള മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി, ജോസഫ് എം.പുതുശേരി എക്സ് എം.എല്‍.എ.യോടൊപ്പം ആശുപത്രിയിലെത്തി ഭൌതികശരീരം സന്ദര്‍ശിച്ചു.
ആയിരക്കണക്കിന് ആളുകളാണ് കഴിഞ്ഞ ഒരാഴ്ചയായി രോഗാവസ്ഥയിലായ തിരുമേനിയെ സന്ദര്‍ശിച്ചത്. മലങ്കരസഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലൊസ് ദ്വിതീയന്‍ കാതോലിക്കാ ബാവ ആശുപത്രിയിലെത്തി തുടര്‍ന്നുള്ള ക്രമീകരണങ്ങളെപ്പറ്റി നിരണം ഭദ്രാസനാധിപന്‍ അഭി.യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് തിരുമേനിയുമായി ചര്‍ച്ച ചെയ്തു. ഭൌതികശരീരം അംശവസ്ത്രങ്ങള്‍ അണിയിച്ച് പരുമല പള്ളിയിലേക്ക് മാറ്റിയിരിക്കുകയാണ്. പരുമല പള്ളിയകത്ത് മദ്ധ്യഭാഗത്തായി പ്രത്യേകം തയ്യാറാക്കിയ പീഠത്തില്‍ സൂക്ഷിച്ചിരിക്കുന്ന ഭൌതികശരീരം ശനിയാഴ്ച മാവേലിക്കര സെന്റ് പോള്‍സ് മിഷന്‍ ട്രെയിനിംഗ് സെന്ററില്‍ അനേകം മെത്രാപ്പോലിത്തമാരുടെ സാന്നിദ്ധ്യത്തില്‍ കബറടക്കുന്നതാണ്.
മലങ്കര ഓര്‍ത്തഡോക്സ് സഭ സീനിയര്‍ മെത്രാപ്പോലീത്താ അഭി.ഡോ.ഗീവറുഗീസ് മാര്‍ ഒസ്താത്തിയോസിന്റെ കബറടക്കം ശനിയാഴ്ച മൂന്നു മണിക്ക് മാവേലിക്കര സെന്റ് പോള്‍സ് മിഷന്‍ സെന്ററില്‍ നടക്കും. വെള്ളിയാഴ്ച 7.30-ന് അഭി.സഖറിയാസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലിത്ത വി.കുര്‍ബ്ബാനയര്‍പ്പിക്കും. ഉച്ചവരെ ഭൌതികശരീരം പരുമല സെമിനാരിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. 2.30ന് തിരുവല്ല ബഥനി അരമനയിലേക്ക് വിലാപയാത്ര ആരംഭിക്കും. നാലു മുതല്‍ ആറു വരെ ബഥനി അരമനയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് നിരണം സെന്റ് മേരീസ് വലിയപള്ളിയിലേക്ക് വിലാപയാത്ര പുറപ്പെടും.
നിരണം പള്ളിയിലെ പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കുശേഷം രാത്രി 9 മണിയോടെ പരുമല പള്ളിയില്‍ എത്തിച്ചേരും.നാളെ ആറിന് അഭി.ഡോ.യൂഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലിത്തയുടെ മുഖ്യ കാര്‍മികത്വത്തില്‍ കുര്‍ബാന. 12ന് ഭൌതികശരീരം മാര്‍ ഒസ്താത്തിയോസിന്റെ മാതൃ ഇടവകയായ മാവേലിക്കര പത്തിച്ചിറ സെന്റ് ജോണ്‍സ് പള്ളിയില്‍ കൊണ്ടുപോകും. കബറടക്കത്തിന്റെ എട്ടാം ശുശ്രൂഷ അവിടെ നടക്കും. രണ്ടിന് വിലാപയാത്ര കാല്‍നടയായി മാവേലിക്കര സെന്റ് പോള്‍സ് മിഷന്‍ ട്രെയിനിംഗ് സെന്ററിലേക്ക് പോകും.
മൂന്നിന് പരിശുദ്ധ ബസേലിയോസ് ദിദിമോസ് പ്രഥമന്‍ വലിയ ബാവയുടെയും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ പൌലൊസ് ദ്വിതീയന്‍ കാതോലിക്ക ബാവായുടെയും കാര്‍മികത്വത്തില്‍ സമാപനശുശ്രൂഷ നടക്കുമെന്ന് നിരണം ഭദ്രാസനാധിപന്‍ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് അറിയിച്ചു. മലങ്കര സഭയുടെ ഔദ്യോഗിക ഓണ്‍ലൈന്‍ ടിവി ആയ ഗ്രീഗോറിയന്‍ ടി.വി. യിലൂടെ ശനിയാഴ്ച കബറടക്കംവരെ ലൈവ് സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല