1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 23, 2012

മതനിരപേക്ഷതയ്ക്കും സൗഹാര്‍ദ്ദത്തിനും ഭാരതത്തിന്‌ തന്നെ മാതൃകയായ കേരളത്തിന്റെ മതസഹിഷ്ണുതയ്ക്കും സൗഭ്രാത്രത്തിനും ആഴത്തില്‍ മുറിവേല്‍പിച്ച സംഭവങ്ങളായിരുന്നു, മാറാട്‌ കലാപങ്ങള്‍.. മതവര്‍ഗ്ഗീയതയുടെ കരാള രൂപങ്ങള്‍ കേരള മണ്ണില്‍ മുടിയഴിച്ചാടിയ നൃസംശതയുടെ ബീഭത്സ ദിനങ്ങള്‍. അന്നേറ്റ ആഘാതത്തില്‍ നിന്ന്‌ തിരിച്ചെത്താന്‍ മതനിരപേക്ഷ കേരളത്തിന്‌ ഏറെ ത്യാഗം സഹിക്കേണ്ടി വന്നു. ഇനി ഒരിക്കലും ഇത്തരമൊരു കരാളതയ്ക്ക്‌ ഈ മണ്ണില്‍ തല പൊക്കുകാന്‍ അവസരം നല്‍കികയില്ല എന്ന്‌ കേരളീയര്‍ ദൃഢപ്രതിജ്ഞ എടുത്തിരിക്കുമ്പോഴാണ്‌ മാറാട് കലാപം ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്.

2003 മെയ് 2ന്‌ ആയുധ ധാരികളായ അക്രമികള്‍ മാറാട് കടപ്പുറത്തെ മീന്‍ പിടുത്തക്കാരെ ആക്രമിച്ച് 9 പേരെ കൊലപ്പെടുത്തുകയും, നിരവധി പേര്‍ക്ക് പരിക്കേല്പിക്കുകയും ചെയ്ത സം‌ഭവമാണ്‌ രണ്ടാം മാറാട് കലാപം അഥവാ മാറാട്‌ കൂട്ടക്കൊല എന്ന പേരില്‍ അറിയപ്പെടുന്നത്. 2002 ജനുവരിയില്‍ ഉണ്ടായ ഇതേ സ്വഭാവമുള്ള കൂട്ടക്കൊലയുടെ തുടര്‍ച്ചയായാണ്‌ ഈ സം‌ഭവം ഉണ്ടായതെന്ന് പലരും വി‌ശ്വസിക്കുന്നു. 2002ല്‍ പുതുവര്‍ഷാഘോഷവുമായി തുടങ്ങിയ തര്‍ക്കം 3 ഹിന്ദുക്കളുടെയും 2 മുസ്ലീമുകളുടെയും കൊലപാതകത്തില്‍ കലാശിച്ചിരുന്നു. 2003ല്‍ ഉണ്ടായ കലാപത്തെ തുടര്‍ന്ന് മരിച്ചവരില്‍ 8 പേര്‍ ഹിന്ദുക്കളായിരുന്നു. സംഭവത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലില്‍ സമീപത്തുള്ള ഒരു മുസ്ലീം പള്ളിയില്‍ നിന്ന് ആക്രമണത്തിനുപയോഗിച്ചവയെന്നു കരുതപ്പെടുന്ന ആയുധങ്ങളും, ബോംബുകളും മറ്റും കണ്ടെടുക്കുകയുമുണ്ടായി.

മുസ്ലീം ലീഗിന്റെയും സംഘ പരിവാറിന്റെയും കറുത്ത കരങ്ങള്‍ ഈ കലാപത്തിന് പുറകില്‍ ഉണ്ടെന്ന സംശയം എന്നും നിലനില്‍ക്കുന്നുണ്ടായിരുന്നു. നിരപരാധികളും മതപരമായ വിശ്വാസത്തിന്റെ തീഷ്ണതയില്‍ നില്‍ക്കുന്നവരുമായ അണികളെ ഇളക്കിവിട്ട്‌ നാട്ടില്‍ സമാധാന ദ്രംശം ഉണ്ടാക്കി മതവൈര്യത്തിന്റെ രക്തരൂക്ഷിത വിത്തുകള്‍ വിതയ്ക്കാനാണ്‌ ലീഗ്‌ നേതൃത്വം ശ്രമിച്ചത്‌. ഇതില്‍ നിന്ന്‌ വിഭിന്നമായിരുന്നില്ല സംഘപരിവാര്‍ സംഘത്തിന്റെ നയവും നിലപാടുകളും. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്‌ സമര്‍പ്പിച്ച ഹര്‍ജികള്‍ ദുരൂഹ സാഹചര്യത്തില്‍ പിന്‍വലിച്ചും കേസില്‍ നിന്ന്‌ ബി.ജെ.പിയുടെ നേതൃത്വത്തിലുണ്ടായിരുന്ന കേന്ദ്ര സര്‍ക്കാരിനെ ഒഴിവാക്കിയുമാണ്‌ ‘കാവിച്ചതിയന്മാര്‍ ‘ കരുക്കള്‍ നീക്കിയത്‌.ലീഗ്‌ കോടതിക്ക്‌ വെളിയില്‍ നടത്തിയ നീക്കങ്ങളിലൂടെയാണ്‌ മാറാട്‌ കേസ്‌ അന്വേഷണം സി.ബി.ഐക്ക്‌ വിടാതിരിക്കാന്‍ പ്രതിരോധം തീര്‍ത്തതെങ്കില്‍ കോടതി നടപടികളില്‍ കൗശലപൂര്‍വ്വം നിലപാടുകള്‍ എടുത്തുകൊണ്ടാണ്‌ സംഘപരിവാര്‍ സംഘം അന്വേഷണത്തെ അട്ടിമറിച്ചത്‌.

മാറാട്‌ കലാപത്തെക്കുറിച്ച്‌ സി.ബി.ഐ അന്വേഷിച്ചെങ്കില്‍ മാത്രമേ കൊലപാതകികളേയും അവര്‍ക്ക്‌ ആയുധവും അര്‍ത്ഥവും നല്‍കിയ മതതീവ്രവാദ സ്രോതസ്സുകളേയും തിരിച്ചറിയാന്‍ കഴിയൂ എന്നു മനസ്സിലാക്കിയാണ്‌ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെട്ട്‌ പലരും പിന്നീട് കേരള ഹൈക്കോടതിയെ സമീപിച്ചത്‌. എന്നാല്‍, മാറാട്‌ കലാപങ്ങളിലെ പ്രധാന വില്ലന്മാരെന്നു പറയപ്പെടുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗും ബി.ജെ.പി അടങ്ങിയ സംഘപരിവാര്‍ സംഘടനയും മതവൈരികളെ ആയുധമണിയിച്ചത്‌ കൂടാതെ സി.ബി.ഐ അന്വേഷണം അട്ടിമറിക്കാനും ഗൂഢാലോചന നടത്തിയിരുന്നിരിക്കാം. കഴിഞ്ഞ ദിവസം പിണറായി വിജയന്‍ ആരോപിച്ചത് മാറാട് ഗൂഢാലോചനക്കേസ് അട്ടിമറിക്കാന്‍ മുഖ്യമന്ത്രി രാഷ്ട്രീയ ഇടപെടല്‍ നടത്തിയെന്നാണ്.

മുന്‍പ്‌ കലാപത്തെ തുടര്‍ന്ന്‌ അന്നത്തെ മുഖ്യമന്ത്രി എ.കെ.ആന്റണി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുകയും തോമസ്‌ പി.ജോസഫിന്‌ അന്വേഷണ കമ്മീഷനായി നിയമിക്കുകയും ചെയ്തു. ഞെട്ടിക്കുന്നതായിരുന്നു, കമ്മിഷന്റെ അന്വേഷണത്തിലെ കണ്ടെത്തലുകള്‍. 2001- മാറാട്‌ കടപ്പുറത്തെ മീന്‍പിടുത്തക്കാര്‍ തമ്മിലുണ്ടായ ചെറിയ തര്‍ക്കം സി.പി.എം, ഇന്ത്യന്‍ യൂണിയന്‍ മുസ്ലീംലീഗ്‌, ബി.ജെ.പി, ആര്‍.എസ്‌.എസ്‌ എന്നീ സംഘടനകള്‍ രാഷ്ട്രീയ മുതലെടുപ്പിന്‌ കരുവാക്കിയതാണ്‌ 14 പേരുടെ കൊലപാതകത്തില്‍ കലാശിച്ച രണ്ട്‌ മാറാട്‌ കൂട്ടക്കൊലകള്‍ക്ക്‌ കാരണമായത്‌ എന്നായിരുന്നു കമ്മിഷന്റെ മുന്‍പാകെ ഹാജരാക്കപ്പെട്ട തെളിവുകള്‍ വ്യക്തമാക്കിയത്‌. ഇന്ത്യന്‍ യൂണിയന്‍ മുസ്ലീംലീഗിന്റെയും നാഷണല്‍ ഡവലപ്മെന്റ്‌ ഫ്രണ്ടിന്റെയും പ്രാദേശിക നേതൃത്വങ്ങളുടെ സമ്മതത്തോടുകൂടിയായിരുന്നു രണ്ടാം മാറാട്‌ കലാപം സംഘടിപ്പിച്ചതെന്നും ബോധ്യപ്പെടുത്തുന്നതായിരുന്നു റിപ്പോര്‍ട്ട്.

മാറാട് കലാപത്തിന്റെ ബാഹ്യ ഇടപെടലുകളെക്കുറിച്ച് അന്വേഷിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. അന്ന് സി.ബി.ഐ. അന്വേഷണം വേണമെന്ന് എല്‍.ഡി.എഫ്. ആവശ്യപ്പെട്ടതാണ്. എന്നാല്‍, കോണ്‍ഗ്രസ്സിന്റെ എതിര്‍പ്പുകാരണം അത് നടന്നില്ല. അതുകൊണ്ടാണ് എല്‍.ഡി.എഫ്. സര്‍ക്കാര്‍ അന്വേഷണത്തിന് പ്രത്യേക സംവിധാനം ഒരുക്കിയത്. അതും അട്ടിമറിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നും. ലീഗിന് വേണ്ടിയാണ് സര്‍ക്കാര്‍ ഈ നിലപാടെടുക്കുന്നതെന്നും പിണറായി കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തുകയുണ്ടായി അതേസമയം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പിണറായി പറഞ്ഞ ഒരു മറുപടി ഇങ്ങനെ: “സി.ബി.ഐ. അന്വേഷണം നേരത്തേ ആവശ്യപ്പെട്ടതാണ് അതുകൊണ്ട് എപ്പോഴും സി.ബി.ഐ. അന്വേഷണം സി.ബി.ഐ. അന്വേഷണം എന്ന് പറയേണ്ടതില്ല.” അതായത് മുന്‍പ്‌ സിബിഐ അന്വേഷണം ആവശ്യപ്പെട്ടവര്‍ക്ക് ഇപ്പോള്‍ അങ്ങനെ ഒരു ആവശ്യം ഇല്ലെന്നു!

എന്തൊക്കെ ആയായാലും സത്യസന്ധമായ ഒരു അന്വേഷണം വന്നാല്‍ കേരളത്തിലെ പ്രധാന രാഷ്ട്രീയ കക്ഷികളുടെ ഒക്കെയും തനിനിറം വെളിച്ചത്താകും എന്നുറപ്പാണ്. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നവരും ആരോപണത്തിന് ഇരയാകുന്നവരും ഒരുപോലെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ശ്രമിക്കും എന്നുറപ്പാണ്. ഇതിനിടയില്‍ കേരളം ആവശ്യപ്പെട്ടാല്‍ സിബിഐ അന്വേഷണത്തിന് പിന്തുണ നല്‍കാമെന്ന് കേന്ദ്ര അഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇനിയും ഒരു രാഷ്ട്രീയ പാര്‍ട്ടിയും മതത്തെയും മത വികാരത്തെയും ചൂഷണം ചെയ്യാതിരിക്കണമെങ്കില്‍ ഇതിനു പുറകില്‍ പ്രവര്‍ത്തിച്ച എല്ലാ കപട മുഖങ്ങളും പുറത്തു വരേണ്ടതുണ്ട്. മറവിയില്‍ നിന്നും മാറാട് കേസിന്റെ അഗ്നി കത്തി തുടങ്ങുന്നത് അതിനായിരിക്കട്ടെ

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.