രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസില്‍ ജാമ്യം ലഭിച്ച ഇറ്റാലിയന്‍ സൈനികരുടെ വാസം ഇനി വില്ലിങ്ടണ്‍ ഐലന്‍ഡിലെ ട്രെയ്ഡന്റ് പഞ്ചനക്ഷത്ര ഹോട്ടലില്‍. കാക്കനാട് ബോസ്റ്റല്‍ സ്‌കൂളിലായിരുന്ന ഇരുവര്‍ക്കും ഹൈകോടതി ജാമ്യം നല്‍കിയതോടെയാണ് പുറത്തിറങ്ങലിന് വഴിയൊരുങ്ങിയത്.
കഴിഞ്ഞ ദിവസമാണ് ഇറ്റാലിയന്‍ സൈനികരായ ലെസ്‌റ്റൊറെ മാര്‍സി മിലാനോ, സാല്‍വതോറെ ഗിരോണെ എന്നിവര്‍ക്ക് ഒരു കോടി രൂപ കെട്ടിവെക്കണമെന്ന പ്രധാന ഉപാധിയോടെ ഹൈകോടതി ജാമ്യം നല്‍കിയത്.
ജയിലില്‍ നിന്ന് പുറത്തിറങ്ങാനായെങ്കിലുംഇരുവര്‍ക്കും എറണാകുളം സിറ്റി പൊലീസ് കമീഷണര്‍ ഓഫിസിന്റെ പത്ത് കിലോമീറ്റര്‍ പരിധിക്ക് പുറത്ത് പോകാന്‍ അനുവാദമില്ല. കൂടാതെ, ദിവസവും രാവിലെ 10നും 11 നുമിടയില്‍ കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ ഓഫിസിലെത്തി ഒപ്പുവെക്കണമെന്നും ജാമ്യം നല്‍കിയുള്ള ഉത്തരവില്‍ ഹൈകോടതി നിര്‍ദേശിച്ചിരുന്നു. സിറ്റി പൊലീസ് കമീഷണര്‍ ഓഫിസിന്റെ 10 കിലോമീറ്റര്‍ ചുറ്റളവിനാകണം താമസമെന്ന നിര്‍ദേശമുള്ളതിനാലാണ് വില്ലിങ്ടണ്‍ ഐലന്‍ഡിലെ ഹോട്ടലില്‍ താമസ സൗകര്യമൊരുക്കിയത്.
ഇതിന് പുറമെ ഒരു കോടി രൂപ വീതമുള്ള ഇന്ത്യക്കാരായ രണ്ടുപേരുടെ ജാമ്യമാണ് മറ്റൊരു ഉപാധി. നേരിട്ടോ അല്ലാതെയോ സാക്ഷികളെ സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുതെന്നും സാക്ഷികളെ വാഗ്ദാനങ്ങള്‍ നല്‍കി പ്രീണിപ്പിക്കാന്‍ പാടില്ലെന്നും കോടതി നിര്‍ദേശമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല