1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 16, 2012

ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ഇന്ന് 85 വയസ്സിന്റെ നിറവില്‍. 2005ല്‍ ജോണ്‍ പോള്‍ രണ്ടാമന്റെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ ഏഴാം വാര്‍ഷികം വ്യാഴാഴ്ചയാണ്. ആരോഗ്യനില തൃപ്തികരമെങ്കിലും ക്ഷീണത്തിന്റെ ലക്ഷണങ്ങളുള്ളതിനാല്‍ സ്ഥാനത്തുനിന്നു വിരമിക്കുമോ എന്ന അഭ്യൂഹമുണ്ട്. അങ്ങനെയെങ്കില്‍ ഏഴുനൂറ്റാണ്ടിനിടെ ആദ്യമായി വിരമിക്കുന്ന സഭാധ്യക്ഷനായിരിക്കും അദ്ദേഹം. പാപ്പാ സ്ഥാനത്തുതന്നെ പ്രായംകൊണ്ട് ആറാമനും. ഇന്ന് 85 വയസ് പൂര്‍ത്തിയാകുമ്പോള്‍ തന്റെ ശാരീരിക ദൌര്‍ബല്യങ്ങളെ മറികടക്കുന്ന ആത്മീയകരുത്ത് ബനഡിക്ട് പതിനാറാമനെ മുന്നോട്ടു നയിക്കുന്നു.

മാര്‍ച്ച് 23-നു റോമിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മെക്സിക്കോയിലേക്കുള്ള 14 മണിക്കൂര്‍ യാത്രയ്ക്ക് എത്തിയതു വടിയിലൂന്നിയാണ്. മെക്സിക്കോയിലും ക്യൂബയിലുമായി ആറുദിവസം ചെലവഴിച്ചിട്ടു തിരികെ റോമിലെത്തിയത് മാര്‍ച്ച് 29-ന്. മൂന്നാംദിവസം ഓശാന ഞായറിന്റെ തിരുക്കര്‍മങ്ങള്‍ക്കു വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ ബനഡിക്ട് പതിനാറാമന്‍ കാര്‍മികത്വം വഹിച്ചു.

ആരാധനക്രമവത്സരത്തിലെ ഏറ്റവും തിരക്കേറിയ ആ ആഴ്ച സമാപിച്ചത് ഈസ്റര്‍ ഞായറാഴ്ചയാണ്. പെസഹാവ്യാഴാഴ്ച കാല്‍കഴുകല്‍ ശുശ്രൂഷ, ദുഃഖവെള്ളിയാഴ്ച കൊളോസിയത്തിലെ സ്ളീവാപ്പാഥ തുടങ്ങിയവയിലെല്ലാം അദ്ദേഹം കാര്‍മികത്വം വഹിച്ചു. ഈസ്റര്‍ പുലര്‍ച്ചെ ആഗോളപ്രശ്നങ്ങളും വിശ്വാസവിഷയങ്ങളും പരാമര്‍ശിച്ചുള്ള ഈസ്റര്‍ പ്രഭാഷണവും അദ്ദേഹം നടത്തി. ക്യൂബന്‍ തലസ്ഥാനമായ ഹവാനയില്‍ സമപ്രായക്കാരനായ ഫിഡല്‍ കാസ്ട്രോയോട് “അതേ, എനിക്കു പ്രായമായി, എങ്കിലും എനിക്ക് എന്റെ കര്‍ത്തവ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്നുണ്ട്” എന്നു മാര്‍പാപ്പ പറയുകയുണ്ടായി. അതിനെ ശരിവയ്ക്കുന്നതായി വലിയ ആഴ്ചയിലെയും തലേ ആഴ്ചയിലെയും അദ്ദേഹത്തിന്റെ കൃത്യങ്ങള്‍.

വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ സഞ്ചരിക്കാന്‍ ഉന്തുവണ്ടി ഉപയോഗിക്കുന്നതും പുറംയാത്രകളില്‍ വടി ഊന്നുന്നതും കണ്ടുകൊണ്ട് മാര്‍പാപ്പയെ വിലയിരുത്തേണ്ടതില്ല. ഇപ്പോഴും കര്‍മനിരതമായ ദിനരാത്രങ്ങളാണ് അദ്ദേഹത്തിന്റേത്. തന്റെ ബെസ്റ് സെല്ലറായി മാറിയ നസറേത്തിലെ യേശു (ഖലൌ ീള ചമ്വമൃലവേ) എന്ന പുസ്തകത്തിന്റെ മൂന്നാംഭാഗം അദ്ദേഹം രചിക്കുന്നു. വിശ്വാസത്തെപ്പറ്റി ഒരു ചാക്രികലേഖനവും അദ്ദേഹം തയാറാക്കുന്നുണ്ട്. ഒപ്പം സെപ്റ്റംബറില്‍ ലബനനില്‍ സന്ദര്‍ശനം നടത്താനും ഒരുങ്ങുന്നു.

ഇതിനിടെ മാധ്യമങ്ങള്‍ വേറൊരു ചര്‍ച്ചയും സജീവമാക്കുന്നുണ്ട്. മാര്‍പാപ്പ സ്ഥാനമൊഴിയുമോ എന്ന്. കഴിഞ്ഞമാസം പുറത്തിറങ്ങിയ ഇറ്റാലിയന്‍ ചലച്ചിത്രം ഹബേമൂസ് പാപ്പാം (നമുക്കൊരു മാര്‍പാപ്പയുണ്ട്) ഈ വിവാദം വളര്‍ത്താനും സഹായിച്ചു. പാപ്പാ സ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെട്ട കര്‍ദിനാള്‍ ഭയംമൂലം പദവി ഏല്‍ക്കാതെ ഒളിച്ചോടുന്നതാണ് നാന്നി മൊറേത്തി സംവിധാനം ചെയ്ത ചിത്രത്തിന്റെ ഇതിവൃത്തം.

മാര്‍പാപ്പമാര്‍ രാജിവയ്ക്കുന്ന പതിവ് ആധുനിക ശതകങ്ങളിലില്ല. 1294-ല്‍ തെരഞ്ഞെടുക്കപ്പെട്ട് അക്കൊല്ലംതന്നെ സ്ഥാനമൊഴിഞ്ഞ വിശുദ്ധ സെലസ്റിന്‍ അഞ്ചാമനാണ് പദവി സ്വമേധയാ ഒഴിഞ്ഞ അവസാനത്തെ മാര്‍പാപ്പ. അതിനു മുന്‍പ് 1045-ല്‍ ബനഡിക്ട് ഒമ്പതാമനും 1009-ല്‍ ജോണ്‍ പതിനെട്ടാമനും സ്വമേധയാ സ്ഥാനമൊഴിഞ്ഞിട്ടുണ്ട്.

പ്രായാധിക്യവും അനാരോഗ്യവുംമൂലം സ്ഥാനമൊഴിയുന്നതിനെപ്പറ്റി വാഴ്ത്തപ്പെട്ട ജോണ്‍പോള്‍ രണ്ടാമന്‍ രണ്ടുതവണ ആലോചിച്ചിരുന്നു. 75 വയസ് തികഞ്ഞപ്പോഴും 80 വയസ് തികഞ്ഞപ്പോഴുമായിരുന്നു അത്. ഇപ്പോഴത്തെ മാര്‍പാപ്പ (അന്ന് കര്‍ദിനാള്‍ ജോസഫ് റാറ്റ്സിംഗര്‍)യോടും ജോണ്‍പോള്‍ രണ്ടാമന്‍ ഇക്കാര്യം ചര്‍ച്ചചെയ്തിരുന്നു. ഇപ്പോള്‍ ബനഡിക്ട് പതിനാറാമന്‍ അങ്ങനെ ചിന്തിക്കുന്നുണ്േടായെന്ന് ആര്‍ക്കുമറിയില്ല. രണ്ടുവര്‍ഷം മുമ്പ് ഒരു ജര്‍മന്‍ പ്രസിദ്ധീകരണത്തിനു നല്‍കിയ അഭിമുഖത്തില്‍ തന്റെ കരുത്ത് കുറഞ്ഞുവരുന്നതായി മാര്‍പാപ്പ പറഞ്ഞിരുന്നു. ഇതും മറ്റു ചില പരാമര്‍ശങ്ങളും സ്ഥാനത്യാഗവാദക്കാര്‍ സ്ഥിരം ഉദ്ധരിക്കുന്നവയാണ്.

പക്ഷേ, സെപ്റ്റംബറിലെ ലബനന്‍ സന്ദര്‍ശനവും അടുത്തവര്‍ഷം ലോകയുവജന ദിനത്തോടനുബന്ധിച്ച് ബ്രസീല്‍ സന്ദര്‍ശനവും ആലോചിക്കുന്നത്, മാര്‍പാപ്പയുടെ മുഖ്യ ആലോചന സഭാശുശ്രൂഷ തുടരുന്നതു തന്നെയാണെന്നു കാണിക്കുന്നു. ഔദ്യോഗിക കര്‍മങ്ങളിലെ സാന്നിധ്യം ചുരുക്കുന്നതും കൂടിക്കാഴ്ചകളും യാത്രകളും പരിമിതപ്പെടുത്തുന്നതും മറ്റുമാണ് പ്രായാധിക്യത്തെത്തുടര്‍ന്ന് ബനഡിക്ട് പതിനാറാമന്‍ എടുത്തിട്ടുള്ള കരുതലുകള്‍. ക്രിസ്മസ് കുര്‍ബാന രാത്രി പത്തിനാക്കിയതും കര്‍ദിനാള്‍മാരുടെ കണ്‍സിസ്ററി ചടങ്ങുകള്‍ ചുരുക്കിയതുമൊക്കെ ഇതിന്റെ ഭാഗമാണ്.

ഏഴു വര്‍ഷത്തിനിടെ 23 വിദേശയാത്രകള്‍ വഴി 28 രാജ്യങ്ങളിലെത്തിയ ബനഡിക്ട് പതിനാറാമന്‍ ഏറെ പ്രതിസന്ധികള്‍ക്കിടയിലാണു സഭാനൌകയെ നയിക്കുന്നത്. വിശ്വാസവും ആത്മീയതയും വെല്ലുവിളിക്കപ്പെടുന്ന ലോകത്തു പുതിയ സുവിശേഷവത്കരണത്തെപ്പറ്റിയുള്ള ആലോചനകളാണ് അദ്ദേഹത്തില്‍ നിറയുന്നത്. ഈവര്‍ഷം ഇതേപ്പറ്റിത്തന്നെ ചര്‍ച്ച നടത്താന്‍ മെത്രാന്മാരുടെ സിനഡ് ചേരുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.