വിദേശമലയാളി എന്നൊക്കെ കേട്ടാല്‍ ഇന്ത്യയിലെ പെണ്‍കുട്ടികളുടെ മനസില്‍ ഒരു കുളിരാണ്. വധുക്കളുടെ മനസിലാണോ പെണ്‍കുട്ടികളുടെ അച്ഛനമ്മമാര്‍ക്കാണോ കുളിര് എന്ന കാര്യത്തില്‍ വേണമെങ്കില്‍ തര്‍ക്കിക്കാം. എന്നാല്‍ കുളിരുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ലതന്നെ. പണ്ടുകാലത്ത് ഗള്‍ഫുകാരന്‍റെ വീട്ടില്‍നിന്ന് ആലോചന വന്നാല്‍ പിന്നെ അച്ഛനമ്മമാര്‍ വേറൊന്നും ആലോചിക്കില്ലായിരുന്നു. അത്ര വേഗത്തില്‍ കല്യാണമങ്ങ് നടത്തിക്കളയും, നമ്മുടെ നാട്ടിലെ ചില അച്ഛനമ്മമാര്‍. ചിലരെങ്കിലും ഗള്‍ഫില്‍ പോകാനുള്ള പൈസ ഉണ്ടാക്കാനും മറ്റും വിവാഹം കഴിക്കുന്നതും നാട്ടുനടപ്പാണ്. സ്ത്രീധനതുകയില്‍നിന്ന് പണമെടുത്ത് ഗള്‍ഫില്‍ പോകും. പിന്നെ ഇഷ്ടംപോലെ പണമുണ്ടാക്കും. അതാണ് നടപ്പിലിരുന്ന രീതി.
എന്നാല്‍ ഇതൊന്നുമല്ല മറ്റ് രാജ്യങ്ങളില്‍ ജോലി ചെയ്തിരുന്നവരുടെ കാര്യം. യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും മറ്റേതെങ്കിലും രാജ്യത്തും ജോലി ചെയ്യുന്നവരാണെങ്കില്‍ കളിമാറും. വിവാഹകമ്പോളത്തില്‍ വന്‍വിലതന്നെയാണ് ഇവിടെ ജോലി ചെയ്യുന്ന ചുള്ളന്മാര്‍ക്ക് ലഭിക്കുന്നത്. വിദേശത്ത് ജോലി ചെയ്യാന്‍ പോയ നേഴ്സുമാരായ പെണ്‍കുട്ടികളെ വിവാഹം കഴിക്കാനും മറ്റും കേരളത്തിലെ പുരുഷന്മാര്‍ കാണിച്ച താല്‍പര്യങ്ങളെക്കുറിച്ച് ആരും പറയേണ്ട കാര്യമില്ലല്ലോ.
എന്നാല്‍ കാര്യങ്ങളൊക്കെ മാറാന്‍ പോകുന്നുവെന്നാണ് ലഭിക്കുന്ന സൂചന. അഞ്ചുവര്‍ഷം മുമ്പുവരെ വിദേശ മലയാളികളുടെ വീട്ടില്‍നിന്ന് വന്നിരുന്ന വിവാഹാലോചനകളെ സ്വീകരിച്ചിരുന്നതുപോലെയല്ല ഇപ്പോള്‍ സ്വീകരിക്കുന്നത്. അഞ്ചുവര്‍ഷം മുമ്പ് കണ്ണുംപൂട്ടി വിവാഹത്തിന് സമ്മതിക്കുന്ന പല അച്ഛനമ്മമാരും ഇപ്പോള്‍ അതിന് തയ്യാറാകുന്നില്ല. നമ്രമുഖിയായി ലജ്ജയോടെ തന്‍റെ ഭാവിവരന്‍ കടല്‍ കടന്ന് വരുന്നതും കാത്ത് ഒരു പെണ്‍കുട്ടിയും കാല്‍വിരല്‍ നിലത്ത് തിരുമി കണ്‍പാര്‍ത്ത് വാതില്‍മറവില്‍ നില്‍പ്പില്ലെന്ന് അര്‍ത്ഥം.
അഞ്ചുവര്‍ഷം മുമ്പ് വാലിയ എന്നയാളുടെ മൂത്ത മകള്‍ക്ക് ന്യൂജേഴ്സില്‍ ജോലി ചെയ്യുന്ന ഒരു സോഫ്റ്റുവെയര്‍ എന്‍ഞ്ചിനീയറുടെ വിവാഹാലോചന വന്നപ്പോള്‍ വാലിയ ഒന്നും നോക്കാതെ അതങ്ങ് നടത്തി. അന്ന് നല്ല ശമ്പളമായിരുന്നു പെണ്ണുചോദിച്ച് വന്നയാള്‍ക്ക്. നല്ല ബാങ്ക് ബാലന്‍സുമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് രണ്ടാമത്തെ മകള്‍ക്ക് അത്തരത്തിലുള്ള ഒരു ഓഫര്‍ വരുമ്പോള്‍ സ്വീകരിക്കാന്‍ തോന്നുന്നില്ലെന്ന് വാലിയ അഭിപ്രായപ്പെടുന്നു. രണ്ടാമത്തെ മകള്‍ക്ക് ഒരു വിദേശമലയാളിയെ വരനായി നോക്കാനുള്ള ധൈര്യമൊന്നും ഇല്ലെന്ന് വാലിയ വ്യക്തമാക്കുന്നു.
കാരണമായി പറയുന്നത് യൂറോപ്പ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ കടുത്ത സാമ്പത്തികമാന്ദ്യം തന്നെയാണ്. സാമ്പത്തികമാന്ദ്യം രൂക്ഷമായ പല യൂറോപ്യന്‍ രാജ്യങ്ങളും പഴയതുപോലെ കുടിയേറ്റക്കാരോട് മൃദുസമീപനമല്ല പുലര്‍ത്തുന്നത്. സ്ഥിരതാമസത്തിനുള്ള വീസ പലപ്പോഴും കുടിയേറ്റക്കാര്‍ക്ക് കൊടുക്കുന്നില്ല. കൂടാതെ ഡിപ്പന്‍റെന്‍റ് വീസയില്‍ കൂട്ടത്തില്‍ ഭാര്യയെ അല്ലെങ്കില്‍ ഭര്‍ത്താവിനെ താമസിപ്പിക്കാവുന്ന കാലമൊക്കെ മാറി. ഇപ്പോള്‍ എല്ലാ കാര്യത്തിലും അല്പസ്വല്പം കര്‍ശനമാണ് കാര്യങ്ങള്‍. അതുകൊണ്ടുതന്നെ വിദേശമലയാളിയെന്നൊക്കെ പറയുന്ന പഴയ ഗ്ലാമറൊന്നും ഇപ്പോള്‍ നാട്ടില്‍ ലഭിക്കുന്നില്ല.
പ്രധാനമായും മറുനാട്ടില്‍ ജോലി ചെയ്യുന്ന മക്കള്‍ക്ക് രണ്ടുവര്‍ഷം കൂടുമ്പോഴൊക്കെയാണ് നാട്ടില്‍ വരാന്‍ സാധിക്കുക. ഇതുതന്നെയാണ് പ്രധാന പ്രശ്നവും. എല്ലാവര്‍ഷവും വരാനുംമാത്രം വരുമാനമൊന്നും പലര്‍ക്കും ഇപ്പോള്‍ ലഭിക്കുന്നില്ല. ഒരുതവണ കുടുംബത്തോടൊപ്പം നാട്ടില്‍വന്ന് പോണമെങ്കില്‍ നല്ലൊരു തുകയാകും. ഇത് കണ്ടെത്താനും മാത്രമുള്ള വരുമാനമൊന്നും പഴയതുപോലെ ആര്‍ക്കും ലഭിക്കുന്നില്ലെന്ന കാര്യം സുവ്യക്തമാണ്. അതുതന്നെയാണ് പല മാതാപിതാക്കളെയും വിദേശ മലയാളികള്‍ക്ക് മക്കളെ വിവാഹം കഴിപ്പിച്ച് കൊടുക്കുന്നതില്‍നിന്ന് പിന്തിരിപ്പിക്കുന്നത്.
മാത്രമല്ല പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ക്കും വിദേശരാജ്യങ്ങളില്‍ പോകുന്നതിനോട് തീരെ യോജിപ്പില്ല. അവര്‍ക്ക് അവരുടെ നാട്ടില്‍തന്നെ ആരെയെങ്കിലും വിവാഹം കഴിച്ച് താമസിക്കുന്നതിനോടാണ് താല്‍പര്യം. ഇന്ത്യയില്‍ പൊതുവിലുള്ള അവസ്ഥയാണ് ഇതെന്ന കാര്യവും പ്രത്യേകം ഓര്‍ക്കണം. കേരളത്തില്‍ ഇപ്പോഴും യൂറോപ്യന്‍ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അല്പസ്വല്പം പരിഗണനയൊക്കെ ലഭിക്കുന്നുണ്ട്. എന്നാല്‍ യൂറോപ്പിലെ സാമ്പത്തികമാന്ദ്യവും അരക്ഷിതാവസ്ഥയും ഇങ്ങനെ തുടര്‍ന്നാല്‍ കേരളത്തിലെ മാതാപിതാക്കളും മറിച്ച് ചിന്തിക്കാന്‍ തുടങ്ങുമെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല