1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 13, 2023

അനീഷ് ജോർജ് (ലണ്ടൻ): യുകെ മലയാളികൾ ഇന്നുവരെ ദർശിച്ചിട്ടില്ലാത്ത വിധം സംഗീതത്തിന്റെ മാന്ത്രിക സ്പർശനം കൊണ്ട് കാണികളെ ആവേശഭരിതരാക്കി വിസ്മയിപ്പിച്ച മഴവിൽ സംഗീതത്തിന്റെ പത്താം വാർഷിക ആഘോഷം ബോൺമൗത്തിലെ ബാറിംഗ്ടൺ തീയേറ്ററിൽ തിങ്ങിനിറഞ്ഞ കലാസ്വാദകർക്ക് സംഗീത നൃത്ത ദൃശ്യ ആവിഷ്കാരത്തിന്റെ അപൂർവ്വ അനുഭവമാണ് സമ്മാനിച്ചത്. മഴവിൽ സംഗീതമെന്ന പേരിന്റെ സൗന്ദര്യം പോലെ മഴവിൽ വർണ്ണങ്ങൾ ചാലിച്ച് കുളിർമഴയായി തുടങ്ങി പെരുമഴയായി പെയ്തിറങ്ങിയ സംഗീത-നൃത്ത പരിപാടിയായിരുന്നു മഴവിൽ സംഗീതത്തിൻറെ പത്താം വാർഷികാഘോഷം കാണികൾക്ക് സമ്മാനിച്ചത്.

എട്ടുമണിക്കൂറിലധികം നീണ്ടുനിന്ന പരിപാടികളും കണ്ണഞ്ചിപ്പിക്കുന്ന നൃത്ത വിസ്മയങ്ങളും പ്രൗഡോജ്വലമായ വേദിയിൽ അവതരിപ്പിച്ചപ്പോൾ ഓരോ പരിപാടികളും നിറകൈയടിയോടെയാണ് കാണികൾ സ്വീകരിച്ചത്. സംഘാടകർ പ്രതീക്ഷിച്ചതിനപ്പുറമാണ് യുകെയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുമായി ബാറിംഗ്ടൺ തീയേറ്റർ ഹാളിലേക്ക് ആളുകൾ ഒഴുകിയെത്തിയത്. ഹാൾ നിറഞ്ഞു കവിഞ്ഞപ്പോൾ വെളിയിൽ നിന്നും ആളുകൾക്ക് പരിപാടികൾ കാണേണ്ടി വന്നു.

ഇക്കഴിഞ്ഞ 10 വർഷവും മികച്ച സംഗീത-നൃത്ത കലാപരിപാടികളുടെ ആഘോഷരാവ് ഒരുക്കിയിട്ടുള്ള മഴവിൽ സംഗീത സായാഹ്നത്തിൽ ഇത്തവണ യുകെയിലെ ഏറ്റവും പ്രശസ്തരായ നിരവധി ഗായകരും വാദ്യ കലാകാരന്മാരും നർത്തകരുമായ കലാപ്രതിഭകൾ വേദിയിൽ എത്തിയപ്പോൾ യുകെ മലയാളികൾക്ക് ഏറ്റവും വലിയ കലാവിരുന്നായി മഴവിൽ സംഗീതം മാറുകയാണുണ്ടായത്.

യുകെയിലെ അറിയപ്പെടുന്ന അനുഗ്രഹീതരായ പഴയ ഗായകരോടും നർത്തകരോടുമൊപ്പം പുതിയതായി യുകെയിലെത്തിയ മികച്ച ഗായകരും നർത്തകരും കൂടി ചേർന്നപ്പോൾ കാണികൾക്ക് കണ്ണിനും കാതിനും മനോഹാരിത നൽകിയ അപ്രതീക്ഷിതവും അത്ഭുതപൂർവവുമായ കലാവിരുന്നാണ് മഴവിൽ സംഗീതം സമ്മാനിച്ചത്. തുടക്കം മുതൽ ഒടുക്കം വരെ സംഗീതത്തിന്റെയും നൃത്തരൂപങ്ങളുടെയും വൈഭവം സന്നിവേശിപ്പിച്ചുകൊണ്ടുള്ള വർണ്ണാഭമായ പരിപാടികളുടെ നേർസാക്ഷ്യമായിരുന്നു മഴവിൽ സംഗീതത്തിന്റെ പത്താം വാർഷികാഘോഷം.

എട്ടുമണിക്കൂറിലധികം നീണ്ടുനിന്ന പരിപാടികൾ കൃത്യമായി ആസൂത്രണം ചെയ്തു കുറ്റമറ്റ രീതിയിൽ അവതരിപ്പിക്കുവാനായി കഴിഞ്ഞതിന് സംഘാടകരെ അഭിനന്ദിക്കാതെ വയ്യ. ഈ ആഘോഷത്തിന്റെ ഭാഗമാകുവാൻ കഴിഞ്ഞ ഓരോരുത്തരും സന്തോഷഭരിതരായി നിറഞ്ഞ മനസ്സോടെ കൃതാർത്ഥതയോടെയാണ് മടങ്ങിയത്. ഹർഷാരവത്തോടെയാണ് ഓരോ ഗാനങ്ങളും നൃത്തരൂപങ്ങളും നിറഞ്ഞു തുളുമ്പിയ സദസ്സ് മുഴുവനും സ്വീകരിച്ചത്. സംഗീതത്തിനും നൃത്തത്തിനും ഒരുപോലെ പ്രാധാന്യം നൽകിയപ്പോൾ അനുഗ്രഹീത ഗായകരം നർത്തകരും ചേർന്ന് അസുലഭമായ കലയുടെ മുഹൂർത്തങ്ങളാണ് കാണികൾക്ക് നൽകിയത്.

മഴവിൽ സംഗീതത്തിന്റെ അമരക്കാരും യുകെയിലെ അറിയപ്പെടുന്ന ഗായകരുമായ അനീഷ് ജോർജിനോടും ടെസ്സ ജോർജിനോടുമൊപ്പം തോളോട് തോൾ ചേർന്ന് നിന്ന ഡാന്റോ പോൾ, സുനിൽ രവീന്ദ്രൻ, ഷിനു സിറിയക് , പ്രേംജിത് തോമസ് , ഉല്ലാസ് ശങ്കരൻ , റോബിൻസ് പഴുക്കയിൽ, പദ്മരാജ്, സൗമ്യ ഉല്ലാസ് , ഷീല വിവേകാനന്ദ്, ജിജി ജോൺസൻ , സിൽവി ജോസ് , തുടങ്ങിയ സംഘാടകർ മാസങ്ങളായി നടത്തിയ കഠിനാധ്വാനത്തിന്റെ ഫലമായിരുന്നു മഴവിൽ സംഗീതത്തിന്റെ ഈ അത്യുജ്വല വിജയം. സ്റ്റേജ് നിയന്ത്രണത്തിന് പുതിയ മാനങ്ങൾ നൽകി അവതാരകരായി എത്തിയ അനുശ്രീ, പദ്മരാജ്, ബ്രൈറ്റ് എന്നിവരും മഴവിൽ സംഗീതത്തിന്റെ വിജയത്തിന് മികവാർന്ന സംഭാവനയാണ് നൽകിയത്.

മഴവിൽ സംഗീതത്തിന്റെ പത്താം വാർഷിക ആഘോഷത്തോടനുബന്ധിച്ച് നടന്ന ഉദ്ഘാടന ചടങ്ങിൽ വിശിഷ്ടാതിഥികളായി എത്തിയവർക്ക് മുഖ്യ സംഘാടകരിലൊരാളും സാമൂഹ്യപ്രവർത്തകനുമായ ഡാന്റോ പോൾ സ്വാഗതം ആശംസിച്ചു. മുഖ്യാതിഥികളായി എത്തിയ ഏഷ്യാനെറ്റ് യൂറോപ്പ് ഡയറക്ടറും ആനന്ദ് ടിവി ചെയർമാനുമായ എസ് ശ്രീകുമാർ, ബ്രാഡ്ലി സ്റ്റോക്ക് മുൻമേയറും ബ്രിസ്റ്റോൾ മൾട്ടി ഫെയ്ത്ത് ഫോറം ചെയർമാനുമായ ടോം ആദിത്യ, ലോക കേരളസഭ മെമ്പറും മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റുമായ സി എ ജോസഫ്, യുക്മ മുൻ ജനറൽ സെക്രട്ടറി റോജിമോൻ വർഗീസ് എന്നിവരോടൊപ്പം മഴവിൽ സംഗീതത്തിന്റെ പ്രധാന അമരക്കാരായ അനീഷ് ജോർജും ടെസ്സ ജോർജും ചേർന്ന് ഭദ്രദീപം തെളിച്ച് മഴവിൽ സംഗീതത്തിന്റെ പത്താം വാർഷികാഘോഷത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

യുകെയിലെ ബിസിനസ് രംഗത്തെ നിസ്തുലമായ പ്രവർത്തന മികവിന് മലബാർ ഫുഡ്സ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർ ഷംജിത്ത് മലബാറിന് മഴവിൽ സംഗീതത്തിന്റെ ഉപഹാരം നൽകി വേദിയിൽ ആദരിച്ചു. കഴിഞ്ഞ പത്തുവർഷമായി യുകെയിൽ മലയാളി സമൂഹത്തിൽ സംഗീതത്തിന് നൽകിയ അവിസ്മരണീയ സംഭാവനകളെ മാനിച്ച് ബോൺമോത്ത് ക്രൈസ്റ്റ് ചർച്ച് പൂൾ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ പ്രത്യേക ഉപഹാരങ്ങൾ വേദിയിൽ വെച്ച് അനീഷ് ജോർജിനും ടെസ്സ ജോർജിനും നൽകിയും ആദരിച്ചു

യുകെയിലെ നിരവധി അതുല്യരായ നൃത്ത സംഗീത പ്രതിഭകൾക്ക് വളരുവാനുള്ള അവസരം ഒരുക്കിയിട്ടുള്ള മഴവിൽ സംഗീതത്തിന് തുടക്കം കുറിച്ചത് 2012 ലാണ്. അനുഗ്രഹീത കലാപ്രതിഭകളും ഗായകരുമായ അനീഷ് ജോർജും പത്നി ടെസ്സ ജോർജുമാണ് മഴവിൽ സംഗീതത്തിന്റെ ആശയത്തിനും ആവിഷ്കാരത്തിനും പിന്നിൽ പ്രവർത്തിച്ചു വരുന്നത്. ഇക്കഴിഞ്ഞ 10 വർഷങ്ങളിൽ നടത്തിയ മികവാർന്ന പരിപാടികൾ കൊണ്ട് മലയാളി സമൂഹത്തിന്റെ സംഗീത വഴികളിലെ ജീവതാളമായി മാറിയ മഴവിൽ സംഗീതത്തിന്റെ ദശ വാർഷികാഘോഷത്തിന്റെ ഭാഗമായി മാറുവാൻ എത്തിയ നൂറിലധികം പ്രതിഭകളിൽ നിന്നും തെരഞ്ഞെടുത്ത 40ലധികം സംഗീത പ്രതിഭകളാണ് ഇത്തവണ സംഗീതത്തിന്റെയും നൃത്തത്തിന്റെയും വിസ്മയം തീർത്തത് .

യുകെയിലെ പ്രശസ്തമായ സന്തോഷ് നമ്പ്യാർ നയിക്കുന്ന വോക്സ് അഞ്ചേല മ്യൂസിക് ബാന്റിന്റെ നേതൃത്വത്തിലുള്ള ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടും എൽഇഡി സ്ക്രീനിന്റെ മികവിലുമാണ് അനുഗ്രഹീതരായ ഗായകർ അടിപൊളി ഗാനങ്ങൾ ആലപിച്ച് സംഗീതാസ്വാദകർക്ക് നവ്യാനുഭവം സമ്മാനിച്ചത്. മലയാള ചലച്ചിത്ര മേഖലകളിലെ സംഗീത സാമ്രാട്ടുകളായ എസ് പി ബാലസുബ്രഹ്മണ്യം, ലതാമങ്കേഷ്കർ, ശ്രാവൺ റാത്തോട് എന്നിവർക്ക് സംഗീതാർച്ചന അർപ്പിക്കുവാനും ആദരവ് നൽകുവാനുമായി അവരുടെ പ്രശസ്തമായ ഗാനങ്ങളും നിരവധി ഗായകർ വേദിയിൽ ആലപിച്ചു.

കളർ മീഡിയ എൽ ഇ ഡി വാൾ പുതുപുത്തൻ സാങ്കേതികവിദ്യയോടെ വേദിയിൽ അവതരിപ്പിച്ചപ്പോൾ കാണികൾക്ക് വേറിട്ടൊരു അനുഭവമായിരുന്നു. ബിനു നോർത്താംപ്ടൻ (ബീറ്റ്സ് ഡിജിറ്റൽ) ശബ്ദവും വെളിച്ചവും നൽകി. സന്തോഷ് ബെഞ്ചമിൻ, റോണി ജോർജ്, ബിജു മൂന്നാനപ്പള്ളി, മനു പോൾ എന്നിവർ ക്യാമറയും ജിസ്മോൻ പോൾ വീഡിയോയും, ജെയിൻ ജോസഫ് ഡെസിഗ്നേജ് ഗ്രാഫിക്സും മികവാർന്ന രീതിയിൽ കൈകാര്യം ചെയ്തു പരിപാടിയെ സമ്പന്നമാക്കി.

മഴവിൽ സംഗീതത്തിന്റെ അമരക്കാരായ അനീഷ് ജോർജ്ജ്, ടെസ്സ ജോർജ് എന്നിവരോടൊപ്പം യുകെയിലെ ഏറ്റവും മികച്ച ഗായകരും നർത്തകരും ചേർന്ന് കുറ്റമറ്റ സംഘാടക മികവിൽ സംഗീതവും നൃത്തവും സമന്വയിപ്പിച്ച അതിശയകരമായ കലാവൈഭവങ്ങൾ സൃഷ്ടിച്ച സമ്പൂർണ്ണ നൃത്ത സംഗീത മാമാങ്കമായി മാറിയ മാസ്മരികമായ സായാഹ്നമായിരുന്നു മഴവിൽ സംഗീതത്തിന്റെ പത്താം വാർഷീകാഘോഷം യുകെ മലയാളികൾക്ക് നൽകിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.